26 April Friday

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

തിരുവനന്തപുരം > ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു. ഗവണ്‍മെന്റ് സാധ്യമായ എല്ലാ രക്ഷാ നടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഔപചാരിക പ്രവര്‍ത്തനങ്ങളില്‍ മാത്രം നേരിടാവുന്നതല്ല അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങള്‍.    എല്ലാ സഹായത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും സിപിഐ എം ആഹ്വാനം ചെയ്തു.

ന്യൂനമര്‍ദ്ദ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും രൂക്ഷമായ സ്ഥിതിയാണ്. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന ദുരന്തമണുണ്ടായത്. പൊലീസും അഗ്നിരക്ഷാസേനയും ദുരന്തപ്രതികരണ സേനയും പട്ടാളവുമടക്കം എല്ലാ സര്‍ക്കാര്‍ സംവിധാനവും ദുരന്തമുണ്ടായ ഉടന്‍ സജീവമായി രംഗത്തുണ്ട്. എങ്കിലും പലയിടത്തും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് വിലപ്പെട്ട ഏതാനും മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനും കഴിഞ്ഞു. എന്നാല്‍, ഇനിയും പലരും മണ്ണിനടിയിലുണ്ടെന്നാണ് വിവരം.

പുറമെ നിന്നെത്തുന്ന സാങ്കേതിക മികവുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കും സേനകള്‍ക്കും പ്രാദേശികമായി സഹായം ചെയ്യാനാവണം. ഒട്ടേറെ മേഖലകളില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്. പലയിടത്തും ഇനിയും ഗതാഗതം പഴയ സ്ഥിതിയിലാക്കിയിട്ടില്ല. റോഡുകള്‍ തകര്‍ന്നു. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാകുന്നതുവരെ മലയോരമേഖലയില്‍ യാത്രയും ഒഴിവാക്കണം.

മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മലവെള്ളപ്പാച്ചിലും പുഴകളുടെ കരകവിഞ്ഞൊഴുക്കും തുടരുകയാണ്. തീരപ്രദേശത്തേക്ക് ഈ വെള്ളം ഒഴുകിയെത്തുന്നതോടെ അവിടങ്ങളിലും കടുത്ത ജാഗ്രത ആവശ്യമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top