26 April Friday

സ്വർണക്കടത്ത്‌ കേസ്‌:തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം നൽകേണ്ടിവരുമെന്ന്‌ എൻഐഎ കോടതി; കേസ്‌ ഡയറി ഹാജരാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020

കൊച്ചി> സ്വർണക്കടത്ത് കേസിലെ എഫ്ഐആറിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾക്ക് വ്യക്തമായ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻഐഎയോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി അറിയിച്ചു. കേസിലെ ഏഴുപ്രതികളുടെ  ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം.  

സ്വർണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെ പട്ടിക സമർപ്പിക്കണമെന്ന്‌ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെയും അവരുടെ ബന്ധങ്ങളുടെയും വിവരങ്ങൾ നൽകണം. എഫ്ഐആറിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയിൽ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് നൽകണം. കേസ്‌ ഡയറി അടുത്തദിവസം ഹാജരാക്കണമെന്നുംമെന്നും കോടതി ആവശ്യപ്പെട്ടു.

അന്വേഷണ ഏജൻസികൾ കസ്റ്റംസ്, യുഎപിഎ വകുപ്പുകൾ പ്രകാരം ലാഘവത്തോടെ കുറ്റം ചുമത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ പറഞ്ഞു. നികുതി വെട്ടിപ്പ് പോലുള്ള കുറ്റങ്ങൾ ഭീകരവാദത്തിന്റെ പട്ടികയിലാക്കാനാണെന്നും  അതനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ്‌ എഫ്‌ഐആറിൽ പറയുന്ന കുറ്റങ്ങൾക്ക്‌  തെളിവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും.

തെളിവുകൾ സംബന്ധിച്ച പരാമർശം നേരത്തേയും കോടതി നടത്തിയിരുന്നു. സ്വപ്‌ന സുരേഷ്‌ ഉൾപ്പെടെ ആദ്യ നാലു പ്രതികളുടെ കാര്യത്തിലും സമാനമായ പരാമർശമുണ്ടായിട്ടുണ്ട്‌. കള്ളക്കടത്ത്‌ സ്വർണ്ണം തീവ്രവാദ പ്രവർത്തനത്തിനും മറ്റും ഉപയോഗിച്ചിരിക്കാമെന്ന അന്വേഷണ ഏജൻസിയുടെ വാദത്തോടായിരുന്നു കോടതിയുടെ പ്രതികരണം. എൻഐഎ കേസുകളിൽ അറസ്‌റ്റിലാകുന്നവർക്ക്‌ 180 ദിവസം കഴിഞ്ഞാൽ ജാമ്യത്തിന്‌ അർഹതയുണ്ട്‌. തെളിവുകളുടെ അഭാവത്തിൽ അത്‌ നേരത്തെ നൽകകേണ്ടിവരുമെന്നാണ്‌ ഇപ്പോൾ കോടതി അറിയിച്ചിട്ടുള്ളത്‌.  കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രധാനപ്രതികളായ കെ ടി റമീസിനും സന്ദീപ്‌ നായർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സ്വപ്‌നസുരേഷിന്‌ തിങ്കളാഴ്‌ച ജാമ്യം കിട്ടി.  90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കസ്‌റ്റംസിന്‌ കഴിയാതെ വന്നപ്പോഴാണ്‌ സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി  ജാമ്യം നൽകിയത്‌. കേസിലെ പത്തുപ്രതികൾ ഇതുവരെ ജാമ്യത്തിന്‌ അർഹരായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top