26 April Friday

സ്വർണക്കടത്ത്‌ കേസിൽ രണ്ട്‌ പേർകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020


കൊച്ചി> സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ രണ്ട്‌പേരെ കൂടി അറസ്‌റ്റ്‌ ചെയ്‌തു. മഞ്ചേരി കൂമംകുളം സ്വദേശി  തറമണ്ണിൽ വീട്ടിൽ  ടി എം മുഹമ്മദ്‌ അൻവർ(43), മലപ്പുറം വേങ്ങര സ്വദേശി എടക്കാടൻ വീട്ടിൽ ഇ സെയ്‌ത്‌ അലവി(60) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.മഞ്ചേരി എസ് എസ് ജ്വല്ലറിഉടമയാണ്‌ മുഹമ്മദ്‌ അൻവർ .

കേസിൽ നേരത്തെ അറസ്റ്റിലായ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസിന്റെ കൂട്ടാളികളാണ് ഇവർ. റമീസിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷിക്കുന്ന പ്രത്യേക കസ്റ്റംസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്തിന്‌ പണം മുടക്കിയത്‌ ഇവരാണ്‌. സ്വർണക്കടത്ത്‌കേസിൽ റമീസുമായി ബന്ധമുള്ള ആറ്‌ പേരെ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി  അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

മുഹമ്മദ് അൻവറിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശി'ഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചിത്രം പുറത്ത് വന്നു. ഇയാൾക്ക് ഉന്നത ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. റമീസ് കൊണ്ടുവരുന്ന സ്വർണം ജ്വല്ലറി ഉടമകൾക്ക് വിൽക്കുന്നത്‌ എസ് എസ് ജ്വല്ലറി വഴിയായിരുന്നു. 

അറസ്റ്റിലായ സൈതലിവി  രണ്ട് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഘം സൈതലവിയുടെ അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ എത്തിയത്. ഇയാൾക്ക് സ്വർണക്കടത്തുമായി നേരത്തെ ബന്ധമുള്ളതായാണ് സൂചന. വിദേശത്തും മുംബൈയിലുമായി ബിസിനസ് സംരംഭങ്ങളുണ്ട്. ഹവാല ഇടപാടുകളും നാട്ടിലെ ചില ഹാർഡ് വെയർ ഷോപ്പുകളിൽ പാട്ണർഷിപ്പുമുണ്ട്. തബ് ലീഖ് പ്രവർത്തകനാണ്. രണ്ട് മക്കളും വിദേശത്താണ്. ഇടക്കിടെ വിദേശ യാത്രകൾ നടത്താറുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top