08 May Wednesday

സ്വർണക്കടത്ത്‌ കേസിൽ ലീഗ്‌ നേതാക്കൾ ഭർത്താവിനെ കുടുക്കിയതായി പരാതി; എടവണ്ണ സ്വദേശി നേപ്പാളിലെ ജയിലിൽ

സ്വന്തം ലേഖകൻUpdated: Monday Aug 3, 2020

മലപ്പുറം > ഭർത്താവിനെ സ്വർണക്കടത്ത്‌ കേസിൽ കുടുക്കിയതായി ഭാര്യയുടെ പരാതി. നേപ്പാളിലെ കാഠ്മണ്ഡു ജയിലിലുള്ള എടവണ്ണ സ്വദേശി ഹർഷാദിന്റെ ഭാര്യ റെയ്‌ഹാനത്താണ്‌ പരാതിക്കാരി. തിരൂരങ്ങാടി മുൻ പഞ്ചായത്ത്‌ അംഗവും മുസ്ലിംലീഗ്‌ പ്രാദേശിക നേതാവുമായ അബ്ദുൾറസാഖ് ഹാജിക്കുവേണ്ടിയാണ്‌ സ്വർണം കൊണ്ടുവന്നതെന്നും ഭർത്താവിനെ ജയിലിൽനിന്ന്‌ ഇറങ്ങാൻ സഹായിക്കാമെന്ന ഒത്തുതീർപ്പ്‌ കരാർ റസാഖ് ഹാജി ലംഘിച്ചതായും ഇവർ സ്വകാര്യ ചാനലിന് നൽകിയ  അഭിമുഖത്തിൽ വെളിപ്പെടുത്തി.

ദുബായിൽനിന്ന്‌ കാഠ്‌മണ്ഡുവഴി ഇന്ത്യയിലേക്ക്‌ 800 ഗ്രാം സ്വർണവുമായി വരുമ്പോഴാണ്‌ 2018 ജൂലൈ അഞ്ചിന്‌ ഹർഷാദ്‌ കസ്‌റ്റംസ്‌ പിടിയിലായത്‌. അബ്ദുൾറസാഖ് ഹാജിക്കുവേണ്ടി കൊണ്ടുവന്ന സ്വർണമാണ്‌ പിടിച്ചതെന്നും എന്ത്‌ സഹായത്തിനും അദ്ദേഹത്തെ സമീപിച്ചാൽ മതിയെന്നും ഹർഷാദ്‌ ഭാര്യയോട്‌ പറഞ്ഞു.  ഇതനുസരിച്ച്‌ റെയ്‌ഹാനത്ത്‌ നിരന്തരം റസാഖ് ഹാജിയെ സമീപിച്ചെങ്കിലും ഭീഷണിയായിരുന്നു  മറുപടി. ഇതോടെ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകുകയായിരുന്നു.

എസ്‌പി മലപ്പുറം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൈമാറിയ കേസ്‌ അബ്ദുൾ റസാഖ് ഹാജി തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും റെയ്ഹാനത്ത്‌ വെളിപ്പെടുത്തി.  2019 മാർച്ച്‌ 25ന്‌ മലപ്പുറം പൊലീസ്‌ സ്‌റ്റേഷനിലുണ്ടാക്കിയ ധാരണയിൽ ഒരുവർഷത്തേക്ക്‌ ചെലവിനായി 50,000 രൂപ നൽകാമെന്നും ഹർഷാദിനെ ജയിലിൽനിന്ന്‌ ഇറക്കാൻ സഹായിക്കാമെന്നും ഉറപ്പുനൽകി. ഇതനുസരിച്ച്‌ മാസം 4000 രൂപവീതം ഒരുവർഷം നൽകി. എന്നാൽ ഹർഷാദിനെ ജയിലിൽനിന്ന്‌ ഇറക്കാൻ സഹായിക്കാമെന്ന വാഗ്‌ദാനം റസാഖ് ഹാജി ലംഘിച്ചു. സഹായിക്കണമെന്നാവശ്യപ്പെട്ട്‌ വീണ്ടും  സമീപിച്ചെങ്കിലും  മോശമായി സംസാരിച്ചു. അതോടെയാണ്‌ രേഖകൾസഹിതം കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായതെന്ന്‌ റെയ്‌ഹാനത്ത്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

പൊലീസ്‌ സ്‌റ്റേഷനില്‍വച്ച്‌ ഉണ്ടാക്കിയ ഒത്തുതീർപ്പ്‌ സംബന്ധിച്ച്‌ ആഭ്യന്തര വകുപ്പ്‌ റിപ്പോർട്ട്‌ തേടിയുണ്ട്‌. സ്‌പെഷൽ ബ്രാഞ്ചും റിപ്പോർട്ട്‌ കൈമാറിയിട്ടുണ്ട്‌. ഇരുവരുടെയും മൊഴിയുമെടുത്തു. ഹർഷാദിനെ ജോലിക്കുവേണ്ടിയാണ്‌ കൊണ്ടുപോയതെന്നും സ്വർണക്കടത്തിൽ തനിക്ക്‌ ബന്ധമില്ലെന്നും അബ്ദുൾറസാഖ് ‌ഹാജി ദേശാഭിമാനിയോട്‌ പറഞ്ഞു. മാനുഷിക പരിഗണനയിലാണ്‌ ഒത്തുതീർപ്പ്‌ ചർച്ചയ്‌ക്ക്‌ എത്തിയതെന്നും  അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top