26 April Friday

ആരോപണം ഉയർത്തുന്നവർ നാടിന്റെ ശത്രുക്കൾ: ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


വൈറ്റില മേൽപ്പാലം പണി പൂർത്തിയായിട്ടും വച്ചുതാമസിപ്പിച്ചെന്ന്‌ ആരോപിക്കുന്നവർ നാടിന്റെ ശത്രുക്കളാണെന്ന്‌  മന്ത്രി ജി സുധാകരൻ. പാലാരിവട്ടം പാലംപോലെ ഇതും അപകടത്തിലാകണമെന്ന്‌ ആഗ്രഹിക്കുന്ന വഞ്ചകരാണിവർ. എന്തോ കുഴപ്പമുണ്ടെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ശ്രമം‌.

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷനായി‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ നടപടിക്രമവും പാലിച്ച്‌ ഒരു നിമിഷംപോലും പാഴാക്കാതെയാണ്‌ മേൽപ്പാലങ്ങൾ തുറന്നത്‌. ആരോപണം ഉന്നയിക്കുന്നവർ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണ്. കൊച്ചിയിലുള്ള ചില പ്രൊഫഷണൽ ക്രിമിനൽ മാഫിയ സംഘങ്ങളാണ് ഇതിന്‌ പിന്നിൽ. കൊച്ചിക്കാർക്കുവേണ്ടി സംസാരിക്കേണ്ടത് കൊച്ചി കോർപറേഷനും ജനപ്രതിനിധികളുമാണ്, ‘വീ ഫോർ കൊച്ചി’യല്ല. സ്വന്തം താൽപ്പര്യത്തിനുവേണ്ടിയാണ്‌ ഇവരുടെ പ്രവർത്തനം. ആലപ്പുഴ ബൈപാസ് പ്രധാനമന്ത്രിക്കുവേണ്ടി ഉദ്ഘാടനം കാത്തിരിക്കുകയാണ്‌.

പാലാരിവട്ടം പാലം പുനർനിർമാണം മെയിൽ പൂർത്തിയാകും. 540 പാലങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ ഇതിനകം കേരളത്തിൽ നിർമിച്ചത്‌. പ്രളയത്തെയും കോവിഡിനെയും അതിജീവിച്ചാണ്‌ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top