08 May Wednesday

സമാനതകളില്ലാത്ത പോരാട്ടം, ഉറപ്പെന്ന്‌ കരുതിയ ശിക്ഷ, വഴിമാറിയ വിധി; കേസിന്റെ നാൾവഴിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കോട്ടയം > കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ജലന്ധർ രൂപതാ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കൽ അറസ്‌റ്റിലായത്‌ 2018 സെപ്‌തംബർ 21ന്‌. 2014 മുതൽ 2016 വരെ ബിഷപ്പ് കന്യാസ്‌ത്രീയെ കുറവിലങ്ങാട് മഠത്തിൽവച്ച് 13 തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴിയെടുപ്പിനും പ്രാഥമികാന്വേഷണത്തിനും ശേഷം ബിഷപ്പിനെ കേരളത്തിലേക്ക്‌ വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്‌ത ശേഷമായിരുന്നു അറസ്‌റ്റ്‌.

സമാനതകളില്ലാത്ത പോരാട്ടം

ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ നടത്തിയത്‌ സമാനതകളില്ലാത്ത പോരാട്ടം. 105 ദിവസത്തെ വിസ്‌താരം. ശിക്ഷ ഉറപ്പാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കരുതി. കോടതിവിധി പക്ഷേ, ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ അനുകൂലമായി.

കേസിന്റെ നാൾവഴിയിലേക്ക്‌


2018 മാർച്ച് 26: കന്യാസ്ത്രീ മദർ സൂപ്പിരീയർക്ക് പരാതി നൽകി. 2014 മേയിൽ മഠത്തിലെ ഗസ്റ്റ്‌റൂമിൽ  താമസിച്ച ബിഷപ്പ്‌ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ജൂൺ 7: കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നൽകി.

ജൂൺ 28: പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന്.

ജൂലൈ 1: കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

ജൂലൈ 5: ചങ്ങനാശേരി മജിസ്ട്രേറ്റിനു മുമ്പിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി.

ജൂലൈ 7: രഹസ്യമൊഴിയുടെ പകർപ്പിന്‌ പാലാ കോടതിയിൽ പൊലീസ് അപേക്ഷ നൽകി.

ജൂലൈ 9: രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

ജൂലൈ 20: കന്യാസ്ത്രീ മഠത്തിന് പൊലീസ്‌ സുരക്ഷ ഏർപ്പെടുത്തി.

ജൂലൈ 25: കേസിൽ നിന്ന് പിന്മാറാൻ രൂപതാ അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്‌തെന്ന്‌ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി.

ജൂലൈ 29: കുര്യനാട് ആശ്രമത്തിലെ ഫാ.ജയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചതായി സിസ്റ്റർ അനുപമ.

ജൂലൈ 31:  ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ചുവെന്ന്‌ കാർ ഡ്രൈവറുടെ മൊഴി.

ആഗസ്‌ത്‌ 10: അന്വേഷണസംഘം ജലന്ധറിൽ.

ആഗസ്‌ത്‌ 11: മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകളുടെ മൊഴിയെടുത്തു.

ആഗസ്‌ത്‌ 13: ബിഷപ്പിനെ ജലന്ധറിൽ ചോദ്യംചെയ്തു.

ആഗസ്‌ത്‌ 28: വധിക്കാൻ ശ്രമിച്ചെന്ന്‌ കന്യാസ്ത്രീയുടെ പരാതി.

സെപ്‌തംബർ 8: ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം.

സെപ്‌തംബർ 12: ചോദ്യം ചെയ്യലിന്‌ സെപ്‌തംബർ 19ന് ഹാജരാകാൻ ബിഷപ്പിന് നോട്ടീസ്.

സെപ്‌തംബർ 13: പൊലീസ് അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്‌തി രേഖപ്പെടുത്തി.

സെപ്തംബർ 19: ബിഷപ്പ്  തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.

സെപ്‌തംബർ 21: രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം രാത്രിയിൽ  അറസ്റ്റ്.

സെപ്‌തംബർ 24: ബിഷപ്പ്‌ പാലാ സബ്‌ജയിലിൽ റിമാൻഡിൽ.

ഒക്ടോബർ 15: ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം.

2019 ഏപ്രിൽ 9: കുറ്റപത്രം സമർപ്പിച്ചു.

2020 മാർച്ച് 16: ബിഷപ്പിന്റെ വിടുതൽഹർജി കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളി. കോടതി നടപടികൾ രഹസ്യമായി നടത്താൻ ഉത്തരവ്‌.

ജൂലൈ 25: പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിഷപ്പ് സുപ്രീംകോടതിയിൽ.

ആഗസ്‌ത്‌ 5: സുപ്രീംകോടതി വിടുതൽ ഹർജി തള്ളി.

സെപ്തംബർ 16: കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

നവംബർ 5: വിടുതൽ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി വീണ്ടും തള്ളി.

2021 ഡിസംബർ 29: കോടതിയിൽ വാദം പൂർത്തിയായി.

2022 ജനുവരി 10: വിസ്‌താരം കഴിഞ്ഞു.

ജനുവരി 14: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് വിധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top