27 April Saturday

എനിക്കറിയാവുന്ന മുഖ്യമന്ത്രി അതാണ്; യാതൊരു അഴിമതിയും സർക്കാരിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്ന് അഭിമാനത്തോടെ പറയാനാകും: നിസാൻ മുൻ സിഐഒ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

കൊച്ചി > എൽഡിഎഫ് സർക്കാരിന്റെ അഴിമതിരഹിത ഭരണത്തെ അഭിനന്ദിച്ച് വോഡഫോൺ, നിസാൻ, ജി.ഇ എന്നീ കമ്പനികളുടെ സിഐഒ ആയിരുന്ന ടോണി തോമസ്. വിവിധ ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടപ്പോഴൊന്നും തനിക്കും സംരഭങ്ങളുമായി ബന്ധപ്പെട്ട ആർക്കും ഒരു തരത്തിലുള്ള അഴിമതിയും നേരിടേണ്ടി വന്നിട്ടില്ലെന്ന് ടോണി തോമസ് പറഞ്ഞു. സമയ നിഷ്ഠവും നല്ലത് ചെയ്യണമെന്ന ഉദ്ദേശത്തോടെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌‌സ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മികവും ടോണി സൂചിപ്പിച്ചു. ചൊവ്വാഴ്‌ച്ചത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നസമയം അഴിമതി തടഞ്ഞ ഒരു കാര്യം പങ്കുവച്ചപ്പോൾ താൻ നേരിട്ടിടപെട്ട, തനിക്കറിയാവുന്ന പിണറായി വിജയൻ അതാണ്, അതുപോലെതന്നെയാണ് പെരുമാറുക എന്ന്  വ്യക്തമായി തോന്നിയെന്ന്  ടോണി തോമസ് പറഞ്ഞു.

ടോണി തോമസിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് ചുവടെ

ഞാൻ ഇന്ത്യയിൽ തിരിച്ചു വന്നതിനു ശേഷം ആദ്യമായി സർക്കാരുമായി നേരിട്ടിടപെടുന്നത് രഘുറാം രാജൻ റിസേർവ് ബാങ്ക് ഗവർണർ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ 'മൊബൈൽ മണി' അഡൈ്വസർ ആയിട്ടാണ്. ആദ്യത്തെ മീറ്റിംഗിന് റിസേർവ് ബാങ്കിൽ ചെന്നപ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു പോയി. ഗേറ്റിൽ എത്തിയപ്പോൾ തന്നെ അവിടെ സ്വീകരിക്കാൻ ആള്, യാതൊരു ബുദ്ധിമുട്ടുമില്ലാതെ അകത്തു കയറി, മീറ്റിംഗ് കൃത്യ സമയത്തു തന്നെ തുടങ്ങി, കൃത്യസമയത്തു തന്നെ അവസാനിച്ചു. ഒരു സർക്കാർ സ്ഥാപനത്തിൽ ഇത് ഞാൻ തീരെ പ്രതീക്ഷിച്ചതല്ല. പിന്നീടൊരിക്കൽ ഒരു കാർ വാങ്ങിയപ്പോൾ നികുതി വകുപ്പിന്റെ ഒരു നോട്ടീസ് കിട്ടി തിരുവനന്തപുരത്തെ നികുതി വകുപ്പിന്റെ ഓഫീസിൽ പോകേണ്ടി വന്നു. അവിടെയും വളരെ നല്ല രീതിയിലുള്ള പെരുമാറ്റവും, സമയനിഷ്ഠയുമായിരുന്നു. ഈ രണ്ടു സംഭവങ്ങളും നടന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളായതു കൊണ്ടാവാം ഈ മികവ് എന്ന് കരുതി. സംസ്ഥാനത്തു വരുമ്പോൾ സംഗതി വേറെയാവും എന്ന് കരുതി.

കുറെ നാളുകൾക്കു ശേഷം, ഈ മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോൾ, ഈ അടുത്ത നാളുകളിൽ പല കാര്യങ്ങളിൽ കേരളാ സർക്കാരുമായി അടുത്തിടപെടാൻ ധാരാളം അവസരങ്ങൾ ഉണ്ടായി. ഞാൻ നേരിട്ടിടപെട്ട് ഒന്നിലധികം അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ വന്നു, കൂടാതെ ആദ്യ പ്രളയ സമയത്ത് പല തലത്തിൽ സഹായം കേരളത്തിൽ കൊണ്ടുവരാനും ഞാൻ സർക്കാരുമായി അടുത്തിടപഴകി, മാത്രമല്ല ഞാൻ സർക്കാരിന്റെ പല കമ്മിറ്റികളിലും മറ്റും ചെയർമാൻ, അഡൈ്വസർ, അംഗം, വികസനവാദി ഒക്കെയായി പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുന്നുണ്ട്. ഇതുപോലുള്ള പല കാര്യങ്ങൾക്കും സർക്കാരിന്റെ ഏറ്റവും ഉന്നത തലങ്ങളിലുള്ള അധികാരികളുമായിട്ടു നേരിട്ട് തന്നെയാണ് ഞാൻ പ്രവർത്തിച്ചത്. ഇതിൽ പല വിഷയങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നേതൃത്വം നൽകിയിരുന്നത്, അത് കൊണ്ട് അദ്ദേഹവുമായി അടുത്ത് പല കാര്യങ്ങളിലും പ്രവർത്തിക്കാൻ അവസരമുണ്ടായി. ഞാൻ ഇവിടെ കണ്ട പല കാര്യങ്ങളും, സമയനിഷ്ഠ, നല്ലതു ചെയ്യണം എന്ന വ്യക്തമായ ഉദ്ദേശം, മുതലായ പല കാര്യങ്ങളും എന്നെ നല്ല രീതിയിൽ അത്ഭുതപ്പെടുത്തി. പക്ഷെ ഇതിന്റെ എല്ലാം മുകളിൽ, ഞാൻ നമ്മുടെ കേരളാ സർക്കാരിനെ പറ്റി ഏറ്റവും അഭിമാനിക്കുന്നത്, ഒരു തലത്തിലും, ഒരു രീതിയിലും യാതൊരു അഴിമതിയും എനിക്കും, ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട ആർക്കും നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്. ഒരു അധികാരിപോലും വഴിവിട്ടു ഒരു രീതിയിലും പെരുമാറിയിട്ടില്ല. ഒരു IT കമ്പനിക്ക്, മറ്റേതെങ്കിലും കമ്പനിക്ക് ഒരു കരാറോ, ഒരാൾക്ക് ഒരു ജോലിയോ ഒന്നും, ആരും ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ സർക്കാരിന്റ മികവായി ഇത് ഞാൻ പല വേദികളിലും അഭിമാനത്തോടെ പറയുകയും ചെയ്യാറുണ്ട്.

ഇന്ന്, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പത്ര സമ്മേളനത്തിൽ തന്റെ കുടുംബാംഗങ്ങൾക്കെതിരെ വന്ന ആരോപണത്തെ പറ്റി സംസാരിച്ചപ്പോൾ, അദ്ദേഹം കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നപ്പോൾ അഴിമതി തടഞ്ഞ ഒരു കാര്യം പങ്കുവച്ചു. ഞാൻ നേരിട്ടിടപെട്ട, എനിക്കറിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതാണ്, അതുപോലെതന്നെയാണ് പെരുമാറുക എന്ന് എനിക്ക് വ്യക്തമായി തോന്നി. അതുകൊണ്ടിതിവിടെ പങ്കുവയ്‌ക്കുന്നു.


 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top