26 April Friday

കാർഷിക നിയമം പാസാക്കാൻ അനുവദിച്ച യുഡിഎഫ്‌‌ എംപിമാർ മാപ്പ്‌ പറയണം: കെ കെ രാഗേഷ്‌ എംപി

സ്വന്തം ലേഖികUpdated: Tuesday Jan 5, 2021

തിരുവനന്തപുരം > കേരളത്തെ സാരമായി ബാധിക്കുന്ന കാർഷിക നിയമം ഏകകണ്ഠമായി ലോക്‌സഭയിൽ പാസാക്കാൻ അനുവദിച്ച കേരളത്തിൽനിന്നുള്ള 19 യുഡിഎഫ്‌‌ എംപിമാരും ജനങ്ങളോട്‌ മാപ്പുപറയണമെന്ന്‌ കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ കെ കെ രാഗേഷ്‌ എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ ലോക്‌സഭയിൽ എതിർക്കാതെ ഇപ്പോൾ ഉമ്മൻചാണ്ടി പദയാത്ര നടത്തുന്നത്‌ എന്തിനാണെന്നും വ്യക്തമാക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭം നടക്കുമ്പോൾ   കോൺഗ്രസിന്റെ പ്രധാന നേതാവ്‌ രാഹുൽ ഗാന്ധി വിദേശ പര്യടനത്തിലാണ്‌. സമരത്തിൽ കോൺഗ്രസിന്റെ കർഷക സംഘടനയുടെ സാന്നിധ്യം പോലുമില്ല. കോൺഗ്രസിന്റെയും എൻഡിഎയുടെയും നയം ഒന്നായതിനാലാണിത്‌.

രാജ്യത്തെ കർഷകരെ സംരക്ഷിക്കുന്നതിൽ കോൺഗ്രസിന്‌  ആത്മാർഥതയില്ല. .. 2019ലെ പ്രകടനപത്രികയിൽത്തന്നെ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ്‌ മാർക്കറ്റ്‌ കമ്മിറ്റി (എപിഎംസി) ആക്ട്‌ എടുത്തുകളയുമെന്ന് കോൺഗ്രസ്‌ പറഞ്ഞിരുന്നു‌. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ രാജ്യത്ത്‌ മണ്ഡി സമിതികളുണ്ടാക്കിയത്‌. അന്ന്‌ കോൺഗ്രസ്‌ നയത്തെ എതിർത്ത ബിജെപി മണ്ഡി സമിതികളെ തകർക്കാൻ നിയമം കൊണ്ടുവന്നു‌. രാജ്യത്ത്‌ മൂന്നര ലക്ഷത്തിലേറെ കർഷകരെ ആത്മഹത്യയിലേക്ക്‌ നയിച്ച കോൺഗ്രസ്‌ നയങ്ങൾ കൂടുതൽ ശക്തമായി പിന്തുടരുകയാണ്‌ എൻഡിഎ.

നിയമം ലോക്‌സഭയിൽ വന്നപ്പോൾ വോട്ടിനിടാനോ പാർലമെന്റിന്റെ ഏതെങ്കിലും കമ്മിറ്റിക്ക്‌ വിടാനോ  കോൺഗ്രസ്‌ ആവശ്യപ്പെട്ടില്ല. രാജ്യസഭയിൽ ഇടതുപക്ഷമാണ്‌ ശക്തമായി എതിർത്തതെന്നും രാഗേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top