26 April Friday

ഇഡി കള്ളമൊഴി നിർമാണ യൂണിറ്റോ ?

കെ ശ്രീകണ‌്ഠൻUpdated: Friday Nov 20, 2020

തിരുവനന്തപുരം>  കേന്ദ്ര അന്വേഷണ ഏജൻസികളുടെ  കണ്ടെത്തലിൽ കോടതിതന്നെ വൈരുധ്യം ചൂണ്ടിക്കാണിക്കുന്നതിനിടയിലാണ്‌  മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തുന്നു എന്ന സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ പുറത്തുവരുന്നത്‌. ഇഡിക്ക്‌ ആവശ്യമുള്ള രാഷ്‌ട്രീയ നേതാക്കളുടെ പേര്‌ പറയാൻ വിസമ്മതിച്ചതാണ്‌ തന്റെ അറസ്റ്റിന്‌ കാരണമെന്ന്‌ എം ശിവശങ്കറും കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. ഇത്‌ രണ്ടും  വിരൽചൂണ്ടുന്നത്‌ സ്വർണക്കടത്ത്‌ കേസിൽ  കേന്ദ്ര ഏജൻസികൾ നടത്തുന്ന നെറികെട്ട രാഷ്‌ട്രീയനീക്കത്തിലേക്കാണ്‌. ഇഡി സമർപ്പിച്ച സ്വപ്‌നയുടെ പുതിയ മൊഴി സംശയകരമാണെന്ന്‌ കോടതി വ്യക്തമാക്കിയിരുന്നു.

 ഉദ്യോഗസ്ഥരുടെ ഇംഗിതം അനുസരിച്ച്‌ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിനോട്‌ ചേർന്നുനിൽക്കുന്നതാണ്‌ ഈ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയനിഴലിൽ നിർത്താൻ അന്വേഷണ ഏജൻസി കള്ളമൊഴി രേഖപ്പെടുത്തിയോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്‌. കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന്‌ പറഞ്ഞാണ്‌ ഏജൻസികൾ സമ്മർദം ചെലുത്തുന്നത്‌ എന്നാണ്‌ സ്വപ്‌നയുടെ വെളിപ്പെടുത്തൽ. രാഷ്‌ട്രീയ നേതൃത്വത്തിന്റെ പേര്‌ പറഞ്ഞാൽ അറസ്‌റ്റ്‌ ഒഴിവാക്കാമെന്നാണ്‌ എം ശിവശങ്കറിനോട്‌ പറഞ്ഞത്‌.
ലോക്കറിലെ പണം സ്വർണക്കടത്തിലെ പ്രതിഫലമാണെന്നാണ്‌ ഇഡിയുടെ വാദം.  എന്നാൽ, കോടതി  ഇതിനെ ചോദ്യംചെയ്‌തു. എൻഐഎയും കസ്‌റ്റംസും ഇതിനെ എതിർക്കുന്നുമുണ്ട്‌.  ഈ സാഹചര്യത്തിലാണ്‌ ഇഡി പൂർണമായും രാഷ്‌ട്രീയ ചട്ടുകമാകുന്നു എന്ന്‌ തെളിയുന്നത്‌. നവംബർ 10ന്‌ സ്വപ്‌നയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ എം ശിവശങ്കറിന്‌ സ്വർണക്കടത്തിനെക്കുറിച്ച്‌ അറിയാമെന്ന്‌ മൊഴി നൽകിയതെന്നാണ്‌ ഇഡിയുടെ വാദം.

ഇതും കോടതി സംശയനിഴലിൽ നിർത്തി. എട്ട്‌ തവണ ചോദ്യം ചെയ്‌തപ്പോഴും സ്വർണക്കടത്തിനെക്കുറിച്ച്‌ ശിവശങ്കറിനോട്‌ പറഞ്ഞിട്ടില്ലെന്നാണ്‌ സ്വപ്‌നയുടെ മൊഴി. ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചിരിക്കാമെന്ന ആരോപണത്തിനും വസ്‌തുതയില്ല. എൻഐഎയും കസ്‌റ്റംസും അക്കാര്യവും തള്ളി. സ്വപ്‌ന നവംബർ 10ന്‌ നൽകിയ മൊഴി എന്ന്‌ പറഞ്ഞ്‌ ഇഡി കോടതിയിൽ നൽകിയത്‌ കർശന പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ കോടതി  ആവശ്യപ്പെട്ടിട്ടുണ്ട്‌. മൊഴി നൽകിയിട്ടില്ലെന്ന്‌ സ്വപ്‌ന വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഈ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ പ്രസക്തിയേറുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കള്ളമൊഴിയാണ്‌  സമർപ്പിച്ചതെന്ന്‌ തെളിഞ്ഞാൽ ഇഡി ഉദ്യോഗസ്ഥർ വിചാരണവേളയിൽ പ്രതിക്കൂട്ടിലാകും.

സ്വർണക്കടത്ത്‌ മൊഴികൾ

സ്വപ്‌ന സുരേഷ്‌ :

“അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോൾ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാൻ പറഞ്ഞു. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റിൽ ഞാൻ ശിവശങ്കറിന്റെ കൂടെ ഒക്ടോബറിൽ യുഎഇയിൽ പോയി സിഎമ്മിനുവേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവർ ചെലപ്പോ ജയിലിൽ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്‌സ് ചെയ്‌തു. പക്ഷേ കോടതിയിൽ ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കിയത് കൊണ്ടേ’’.
(നവംബർ 18 )


എം ശിവശങ്കർ:


എൻഫോഴ്‌മെന്റിന്‌ ആവശ്യമുള്ള രാഷ്‌ട്രീയനേതാക്കളുടെ പേര്‌ പറയാൻ വിസമ്മതിച്ചതിനാണ്‌ തന്നെ കള്ളക്കേസിൽ പ്രതിചേർത്ത്‌ അറസ്‌റ്റ്‌ചെയ്‌തത്‌. വലിയ സമ്മർദം ചെലുത്തുന്ന ഇഡി, കഥകൾ മെനഞ്ഞുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമാണ്‌ ശ്രമിക്കുന്നത്‌.
(നവംബർ 16)

കോടതി:


സ്വപ്‌ന സുരേഷിന്റെ ബാങ്ക്‌ ലോക്കറിലെ പണം സ്വർണക്കടത്തിൽനിന്നുള്ള പ്രതിഫലമോ ലൈഫ്‌ മിഷനിലെ കമീഷനോ എന്നതിൽ കൂടുതൽ അന്വേഷണം വേണം. ഇഡിയുടെ വാദത്തിൽ വൈരുധ്യമുണ്ട്‌.
ലോക്കറിലെ പണം ലൈഫിലെ കമീഷനാണെന്ന വാദം  ഇഡി കേസിന്‌ എതിരാകും. സ്വപ്‌നയുടെ മൊഴി സൂക്ഷ്‌മമായി പരിശോധിച്ച്‌  അന്വേഷിക്കണം. എറണാകുളം ജഡ്‌ജി ഡോ. കൗസർ എടപ്പഗത്ത്‌ പറഞ്ഞു. എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ വിധിന്യായത്തിലാണ്‌ കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌.
( പ്രിൻസിപ്പൽ സെഷൻ കോടതി, നവംബർ 17)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top