26 April Friday

ഇഡിക്കെതിരായ വെളിപ്പെടുത്തൽ ; സ്വപ്‌നയെ ചോദ്യം ചെയ്യാൻ കസ്റ്റംസ്‌ അനുമതിയില്ല

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


തിരുവനന്തപുരം
എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെ (ഇഡി)തിരെ മൊഴി നൽകുമോയെന്ന്‌ ഭയന്ന്‌ സ്വപ്‌ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിച്ച്‌ കസ്‌റ്റംസ്‌. ശബ്‌ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി അട്ടക്കുളങ്ങര വനിതാ ജയിലിലുള്ള സ്വപ്‌നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്‌ ജയിൽവകുപ്പ്‌  മുഖേന അനുമതി തേടിയിരുന്നു. എന്നാൽ, അനുമതി  നൽകാനാകില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനുമാണ്‌ കസ്‌റ്റംസിന്റെ മറുപടി. ദക്ഷിണ മേഖലാ ഡിഐജി അജയകുമാറിന്‌ ലഭിച്ച ‌ മറുപടി ക്രൈംബ്രാഞ്ചിന്‌ കൈമാറി. ചോദ്യം ചെയ്യാൻ കൊച്ചി എൻഐഎ കോടതിയുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ ഇഡി സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെ  ശബ്‌ദരേഖ പുറത്ത്‌ വന്നിരുന്നു. ഇഡിയുടെ കസ്‌റ്റഡിയിലിരിക്കെയാണ്‌ ഈ വെളിപ്പെടുത്തലെന്നാണ്‌ അനുമാനം. ഇതോടെ വെട്ടിലായ ഇഡിതന്നെ ശബ്‌ദരേഖയെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്നാണ്‌, ക്രൈംബ്രാഞ്ചിനെ‌ ചുമതലപ്പെടുത്തിയത്‌.

അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ്‌ സ്വപ്‌നയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്‌. ഇതിന്‌ കോഫപോസ ചുമത്തിയ കസ്റ്റംസിന്റെയും റിമാൻഡ്‌ ചെയ്‌ത എൻഐഎ കോടതിയുടെയും അനുമതി വേണം. ഈ അനുമതിക്കാണ്‌ ക്രൈംബ്രാഞ്ച്‌ ജയിൽ മേധാവിക്ക്‌ കത്ത്‌ നൽകിയിരുന്നത്‌. കോടതി അനുമതി നൽകിയിട്ടും കസ്‌റ്റംസ്‌ അനുമതി നൽകാത്തത്‌ ദുരൂഹമാണ്‌.  ഇഡി സമ്മർദം ചെലുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ സ്വപ്‌ന  പുറത്തുവിട്ടേക്കും. ഇതു തടയാൻ ഇഡികൂടി ഇടപ്പെട്ടാണ്‌  അനുമതി നിഷേധിച്ചതെന്ന്‌ ആരോപണമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top