26 April Friday

കോവിഡ് പ്രതിസന്ധിയിലും വികസനകാര്യങ്ങളിൽ പിന്നോട്ടില്ല: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020

തിരുവനന്തപുരം > കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും വികസനരംഗത്ത്‌ കേരളം പിന്നോട്ട് പോകാതെ നോക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനാണ് കൺസൽട്ടൻസികളെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്‌ നിരവധി കൺസൽട്ടൻസികൾ സർക്കാരിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ നോളജ്‌ കൺസൾട്ടന്റായി അക്‌സഞ്ചറിനെ നിയോഗിച്ചു. അതേ വർഷം തീരദേശ കപ്പൽ ഗതാഗത പദ്ധതിക്കായി ഡിലോയിറ്റിനെയും എയർ കേരള പദ്ധതിക്കായി ഏണസ്‌റ്റ്‌ ആന്റ്‌ യങ്ങിനെയും കൺസൾട്ടൻസിയായി നിയോഗിച്ചു. ഇക്കാര്യങ്ങൾ നിലനിൽക്കെ തികച്ചും അടിസ്ഥാനവിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എൽഡിഎഫിന്റെ ജനസമ്മതിയിൽ വിറളി പൂണ്ടതിനാലാണ്‌ പ്രതിപക്ഷത്തിന്റെ ഇത്തരം കാട്ടിക്കൂട്ടലുകളെന്നും മന്ത്രി പറഞ്ഞു.

സ്വർണക്കടത്തു കേസിൽ ബിജെപിയും കോൺഗ്രസും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിന്നുകൊണ്ട് കേരളത്തിന്റെ പൊതുതാൽപര്യത്തെ തകർക്കുകയാണ്. ചില മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ ഏറ്റെടുത്തു പ്രചരിപ്പിച്ചു പരിഹാസ്യരാവുകയാണ് പ്രതിപക്ഷവും ബിജെപിയും. തെളിവുകൾ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നവർ അവ എൻഐഎയ്ക്ക് കൈമാറുകയാണ് വേണ്ടത്. സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചുകാണാനാണ് ഇവർ ആഗ്രഹിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തങ്ങൾ ഉൾപ്പെടെ സർക്കാരിന്റെ എല്ലാ വികസന നടപടികളെയും കണ്ണടച്ച് വിമർശിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റേത്. സംസ്ഥാനസർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന പ്രവർത്തനമാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ കുറിച്ച് പ്രചരിപ്പിക്കുന്നതും അടിസ്ഥാന വിരുദ്ധമായ വസ്തുതകളാണ്. ഭരണകാര്യങ്ങൾ കുറ്റമറ്റ രീതിയിൽ കൊണ്ടുപോകുന്നതിന് മന്ത്രിമാരുടെ പേഴ്‌സ്ണൽ സ്റ്റാഫിലെ അംഗങ്ങളുടെ യോഗം ചേരുന്നത് പതിവാണ്. അവർക്കാവശ്യമുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും പരിശീലനവും കൊടുക്കുകയാണ് ലക്ഷ്യം. ഇത് എല്ലാ വർഷങ്ങളിലും ചെയ്തുവരുന്നതാണ്. ഇതിനെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് ശരിയായ നിലപാടല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. പൊതുജനങ്ങളും ഇക്കാര്യത്തിൽ സർക്കാരുമായി ചേർന്നു ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന്‌ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top