26 April Friday
കൊലനടത്താനായി ജില്ലയിലെ കൊടുംകുറ്റവാളികളായ യൂത്ത് കോൺഗ്രസുകാരെ നേതൃത്വം
 തെരഞ്ഞെടുത്തു

കൊലപ്പെടുത്താൻ ആഴ്‌ചകൾമുമ്പേ പദ്ധതിയിട്ടു ; കൂടുതൽ തെളിവ് പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ഇടുക്കി
ഇടുക്കി എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥി ധീരജ്‌ രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്ന്‌ വ്യക്തമാകുന്ന കൂടുതൽ തെളിവുകൾ പുറത്ത്‌. എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കാൻ യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വം ആഴ്‌ചകൾക്കുമുമ്പേ പദ്ധതിയിട്ടിരുന്നു. കൊലനടത്താനായി ജില്ലയുടെ വിവിധ ഭാഗത്തുള്ള കൊടുംകുറ്റവാളികളായ യൂത്ത് കോൺഗ്രസുകാരെ നേതൃത്വം തെരഞ്ഞെടുത്തു. പ്രതികളായ നിഖിൽ പൈലിയും ജെറിൻ ജോജോയും പലവട്ടം കോളേജിലെത്തി.

മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഡിസംബർ ആദ്യ ആഴ്‌ച ഡീൻ കുര്യക്കോസ്‌ എംപി ചെറുതോണിയിൽ നിരാഹാരസമരം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത നിഥിൻ ലൂക്കോസ്‌, ടോണി തേക്കിലക്കാട്ട്‌, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജിക്‌സൺ ജോർജ്‌, മാർട്ടിൻ പെരിഞ്ചേരിക്കുളം എന്നിവർ അടുത്തദിവസം കോളേജിലെത്തി പ്രകോപനമുണ്ടാക്കി. പൊലീസിനോടും വിദ്യാർഥികളോടും സംഘം തട്ടിക്കയറുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. കൊലപാതകശേഷം ഒരു ബൈക്കിൽ മുതിർന്ന രണ്ടുപേർ എത്തിയതായും ഒരാൾ മറ്റൊരുകാറിൽ തിരിച്ചുപോയതായും വിദ്യാർഥികൾ പറയുന്നു. പ്രതികളിൽ ഒരാളുടെ കെഎൽ 38 ഡി 118 എന്ന വാഹനം മൂന്നുദിവസമായി പൈനാവിലുണ്ടായിരുന്നു. ബുധനാഴ്‌ച പൊലീസാണ്‌ ഇതുമാറ്റിയത്. പ്രതികളെന്ന്‌ കരുതുന്ന ചിലരുടെ ബൈക്കുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതികൾ സംഘംചേർന്ന്‌ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ്‌ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകരായ ആറുപേരെയാണ്‌ പ്രതി ചേർത്തിട്ടുള്ളത്‌. ഒന്നാംപ്രതി നിഖിൽ പൈലി തോക്ക്‌ അടക്കമുള്ള ആയുധപരിശീലനം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top