27 April Saturday
ദേശീയപാത 514 അടച്ചു ; ഇന്നുമുതൽ കുമളി വഴി തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര നിരോധിക്കും

അതീവ ജാഗ്രത, അതിരുവിടാതെ ; അതിർത്തികളിൽ കർശന പരിശോധന

സ്വന്തം ലേഖകർUpdated: Monday Apr 19, 2021


കാസർകോട്‌/കൽപ്പറ്റ‌/പാലക്കാട്‌/ഇടുക്കി
കോവിഡ് രണ്ടാംതരംഗ പശ്ചാത്തലത്തിൽ സംസ്ഥാനാതിർത്തികളിൽ പൊലീസ്‌ പരിശോധന കർശനമാക്കി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും മാത്രമാണ് തിങ്കളാഴ്ച പ്രവേശനം നൽകിയത്‌. വാഹനപരിശോധനയും കർശനമാക്കി‌. കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളോട്‌ അതിർത്തി പങ്കിടുന്ന ചെക്ക്‌ പോസ്‌റ്റുകളിലും ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി പരിശോധന തുടരുകയാണ്‌.  
കർണാടക അതിർത്തി പങ്കിടുന്ന കാസർകോട്‌ ജില്ലയിലെ 17 റോഡുകളിൽ നിരീക്ഷണം കർശനമാക്കി. പാണത്തൂർ ചെമ്പേരിയിൽ കോവിഡ്‌ മാനദണ്ഡം പാലിക്കാത്തവരിൽനിന്ന്‌ പിഴയീടാക്കി. അതിർത്തിയിലെ കടകളിലും കർശന നിരീക്ഷണം ഏർപ്പെടുത്തി.  

പാലക്കാട് വാളയാർ, മീനാക്ഷീപുരം, ഗോവിന്ദാപുരം, ഗോപാലപുരം എന്നിവിടങ്ങളിൽ കർശന പരിശോധന നടത്തി‌.  അതിർത്തികടന്നുവന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചു. രേഖകളില്ലാത്തവർ അതിർത്തിയിൽനിന്ന്‌ രജിസ്റ്റർചെയ്താണ്  പ്രവേശിച്ചത്. അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങൾ, തമിഴ്നാട്നിന്ന്‌ ബസിലെത്തിയവർ എന്നിവരെ പരിശോധനയില്ലാതെ കടത്തിവിട്ടെങ്കിലും‌ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

വയനാട്‌ അതിർത്തിയിൽ അന്തർ സംസ്ഥാന യാത്രക്കാരിൽ രജിസ്റ്റർ ചെയ്‌തവരെ മാത്രം കടത്തിവിട്ടു. ചരക്കുവാഹനങ്ങൾ, ടാക്സികൾ, അന്തർ സംസ്ഥാന ബസ്സുകളിലെ ജീവനക്കാർ എന്നിവർക്കും കോവിഡ്‌ നെഗറ്റീവ്‌ സർടിഫിക്കറ്റ്‌ നിർബന്ധമാക്കി. അതിർത്തി ടെസ്‌റ്റിങ്‌ സെന്ററിൽ ടെസ്റ്റിന് വിധേയരായവരോട്‌  14 ദിവസത്തെ നിരീക്ഷണത്തിൽ പോകാനും നിർദേശിച്ചു. അന്തർ സംസ്ഥാന യാത്രക്കാർക്ക് സേവനം ഉറപ്പാക്കാൻ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോടു ചേർന്ന്  ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കും.  ആർടിപിസിആർ പരിശോധനക്ക്‌ ടെസ്റ്റിങ്‌ കിയോസ്‌കുകളും സ്ഥാപിക്കും.

ഇടുക്കി കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ റവന്യു, പഞ്ചായത്ത്, പൊലീസ് സംയുക്ത പരിശോധന ഞായറാഴ്ച അർധരാത്രി ആരംഭിച്ചു. ഇവിടെ ആന്റിജൻ ടെസ്റ്റ് ബൂത്തിൽ സ്രവ സാമ്പിൾ ശേഖരിച്ച് മിനിറ്റുകൾക്കുള്ളിൽ ഫലം അറിയാവുന്ന ക്രമീകരണമൊരുക്കി. പോസിറ്റീവാകുന്ന തമിഴ്നാട് സ്വദേശികളെ മടക്കി അയച്ചു. കുമളി, ആനവിലാസം, ചക്കുപള്ളം, വണ്ടൻമേട്‌ മേഖലകളിലെ ഏലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ചമുതൽ കുമളി വഴി തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര പൂർണമായി നിരോധിക്കും.

രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയാകും നിരോധനം. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധന സർവീസുകൾക്ക്‌ ഇളവുണ്ടാകും. ഇ പാസ്‌ ഉപയോഗിച്ച്‌ പകൽ യാത്രചെയ്യാം. സംസ്ഥാന അതിർത്തിയായ ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കരിമുട്ടിയിലും പരിശോധന ശക്തമാക്കി.

ദേശീയപാത 514  അടച്ചു
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ   കൊച്ചി–---സേലം ദേശീയപാത 514ൽ തമിഴ്നാട് അതി‍ർത്തിയായ ചാവടിയിൽ ദേശീയപാത അടച്ചു. ഇവിടെ കേരളത്തിൽനിന്നുള്ള വാഹനങ്ങൾക്ക് ദേശീയപാതയിലേക്കു നേരിട്ട് പ്രവേശിക്കാനാകില്ല. സർവീസ് റോഡിലൂടെ തമിഴ്നാട് ഉദ്യോഗസ്ഥ സംഘത്തിന്റെ ഇ–പാസ് പരിശോധനയ്ക്കു ശേഷം മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top