26 April Friday

അടുത്ത കോവിഡ് തരംഗത്തിന്റെ ഉറവിടം ഭക്ഷണശാലകളാകാം; നിയന്ത്രണം വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

തിരുവനന്തപുരം > നാട്ടില്‍ ഭക്ഷണശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂറോപ്പിലും അമേരിക്കയിലും മറ്റുമുണ്ടായ രണ്ടാം തരംഗത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടങ്ങളായി കണ്ടെത്തിയ സ്ഥലങ്ങള്‍ ഭക്ഷണശാലകളും പബ്ബുകളും ആണ്. ഇവിടെ വേണ്ടത്ര നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിക്കാതെ പല ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അടച്ചിട്ട എസി മുറികളില്‍ വേണ്ടത്ര അകലമില്ലാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കാന്‍ പാടില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ആളുകള്‍ ഹോട്ടലില്‍ വേണ്ടത്ര അകലം പാലിക്കാതെ തിങ്ങിനിറയുന്നത് നടത്തിപ്പുകാര്‍ അനുവദിക്കാന്‍ പാടില്ല. വഴിയോരക്കടകള്‍ക്കു മുന്‍പില്‍ ഭക്ഷണം കഴിക്കാനായി കൂട്ടംകൂടി നില്‍ക്കുന്നതും അനുവദനീയമല്ല. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഭക്ഷണശാലകളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട്  അടുത്ത കോവിഡ് തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണശാലകള്‍ മാറാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതിനു നമ്മള്‍ ഇടവരുത്തരുത്. ജാഗ്രതയോടെ മാത്രമേ ഹോട്ടലുകള്‍ നടത്താനും അവ സന്ദര്‍ശിക്കാനും പാടുകയുള്ളു.

പ്രായാധിക്യവും മറ്റു രോഗാവസ്ഥയും ഉള്ളവര്‍ക്ക് ഈ രോഗം മാരകമായിത്തീരുമെന്നതിനാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ കൂടുതല്‍ കരുതലോടെ മുന്നോട്ടു കൊണ്ടുപോകണം. അത്തരത്തിലുള്ളവരുമായി അടുത്തിടപെടാതിരിക്കാനും അവരെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിവാസങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഈ കരുതല്‍ സഹായകരമാകും.

രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്ന സാഹചര്യം തുടരുകയാണെങ്കില്‍ പൊതുപരീക്ഷകള്‍ വഴി മൂല്യനിര്‍ണ്ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കണമോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം വിദഗ്ധരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. ഉടനടി ഒരു തീരുമാനം ഉണ്ടായിരിക്കുന്നതല്ല. ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തായാലും ഇനിയുള്ള മാസങ്ങള്‍ കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി തന്നെ ഈ വര്‍ഷത്തെ അധ്യയനം പൂര്‍ണമാക്കാനാണ് സാധ്യത. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സ്ഥിതി തുടരുകയാണെങ്കില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top