27 April Saturday

കോവിഡ്‌ മരണം: പ്രായവും അനുബന്ധ രോഗങ്ങളും തിരിച്ചടിയായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല - കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

തിരുവനന്തപുരം > തിരുവനന്തപുരത്ത്‌ കോവിഡ് മരണം റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി കെ കെ ശൈലജ. കോവിഡ് രോഗം ബാധിച്ച് ഇന്നു മരിച്ച അബ്ദുൾ അസീസിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ രണ്ട് കോവിഡ് മരണങ്ങളും തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും സർക്കാരും ആരോഗ്യവകുപ്പും നടത്തിയിരുന്നു. എന്നാൽ രണ്ടു പേരുടേയും പ്രായവും ഇരുവർക്കും ഹൃദ്രോഗവും മറ്റു ചില അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നതും തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ കൊവിഡ് രോഗിയായ അസീസിൻ്റെ മരണത്തിൽ അനാവശ്യ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. രോഗവ്യാപനം സംബന്ധിച്ചോ സമ്പർക്കത്തിലുള്ളവരെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ രോഗിയിൽ നിന്നും തേടാൻ സാധിച്ചിരുന്നില്ല. മോശം ആരോഗ്യവാസ്ഥയിലാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഈ ഘട്ടത്തിൽ ഇയാൾക്ക് സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോ​ഗ്യമന്ത്രിയുടെ വാക്കുകൾ...

മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് എല്ലാ കൊവിഡ് രോ​ഗികളുടേയും ചികിത്സ നാം നിശ്ചയിച്ചിട്ടുള്ളത്. പ്രായമുള്ളവരിലും ഹൃദയസംബന്ധമോ പ്രമേഹമോ അടക്കം അനുബന്ധരോ​ഗങ്ങൾ ഉള്ളവ‍ർ എന്നിവർക്കെല്ലാം കൊവിഡ് രോ​ഗം മരണകാരണമാവുന്ന അവസ്ഥയുണ്ട്. ഇതു കൊണ്ടാണ് പ്രായമായ ആളുകൾ ഈ കാലയളവിൽ വീടുകളിൽ തന്നെ കഴിയണം എന്നു സർക്കാർ നിർദേശിച്ചത്. പ്രായമേറിയ ആളുകളാണ് പല ലോകരാജ്യങ്ങളിലും പെട്ടെന്ന് മരിച്ചത്.

ഇപ്പോൾ കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ച രണ്ട് പേർക്കും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ​ഗൾഫിൽ നിന്നും വന്ന മകനുമായും മറ്റും ഇദ്ദേഹം സംസാരിച്ചിരുന്നതായി വിവരമുണ്ട്. വളരെ മോശം രോ​ഗാവസ്ഥയിൽ അസീസ് എത്തിയ ശേഷമാണ് കൊവിഡ് രോ​ഗത്തിനുള്ള സാധ്യത സംശയിക്കുന്നതും അദേഹത്തെ മെഡിക്കൽ കോളേജിലെത്തിച്ചതും അവിടേക്ക് കൊണ്ടു വരുമ്പോൾ തന്നെ അദ്ദേഹത്തിന് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു. അതിനാൽ അദ്ദേഹത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അസീസ് മരണപ്പെട്ട സ്ഥിതിക്ക് ഇനി അദ്ദേഹത്തിന്റെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് നാം ശ്രമിക്കുന്നത്.

അസീസിന് രോ​ഗം വന്നത് സമ്പർക്കത്തിലൂടെയാണ് എന്നാണ് പ്രാഥമിക നി​ഗമനം. എന്തായാലും അസീസിൻ്റെ മകൻ മാ‍ർച്ച് പത്തിന് മുൻപേ നാട്ടിലെത്തി എന്ന വിവരമുണ്ട്.  പതിനാല് ദിവസമാണ് കൊവിഡ് രോ​ഗത്തിന്റെ നിരീക്ഷണകാലയളവായി നമ്മൾ പറയുന്നത്. എന്നാൽ ലോകാരോ​ഗ്യസംഘടനയും ചില ​ഗവേഷകരും പറയുന്നത് ശരീരത്തിലെത്തിയാലും പൂജ്യം മുതൽ 27 ദിവസം വരെ വൈറസ് ശരീരത്തിൽ പടരാൻ വേണ്ടി വരും എന്നാണ്. കൊവിഡ് രോ​ഗികളുമായി അടുത്തു പെരുമാറിയവ‍ർ മാത്രം നിലവിൽ സ്വയം നിരീക്ഷണത്തിന് വിധേയരായാൽ മതി അല്ലാത്തവർ ഭയപ്പെടേണ്ട സാഹചര്യമില്ല.

തിരുവനന്തപുരം രാജീ​വ് ​ഗാന്ധി ബയോ ടെക്നോളജി സെൻ്റ‍ർ വികസപ്പിച്ചെടുത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റിൻ്റെ ട്രയൽ റൺ ഇന്നു മുതൽ ആരംഭിക്കും. ഇതിന്റെ പ്രാഥമിക പരിശോധനഫലം ഐസിഎംആറിന് അയച്ചു നൽകി അവ‍ർ അതു പരിശോധിച്ച് അം​ഗീകരിച്ചാൽ മാത്രമേ റാപ്പിഡ് ടെസ്റ്റ് വ്യാപകമായി തുടങ്ങാനാവൂ. ഇതു കൂടാതെ വ്യവസായ വകുപ്പ് നേരിട്ടും വിവിധ കമ്പനികളെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് വ്യാപകമായി റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. 

റാപ്പിഡ് ടെസ്റ്റുകൾ കിട്ടിയാലും അവ കൃത്യമായ വിവരം നൽകണം എന്നില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ മൂന്ന് മുതൽ അഞ്ച് ദിവസം റാപ്പിഡ് ടെസ്റ്റിലൂടെ വൈറസ് ബാധ തിരിച്ചറിയാൻ സാധിച്ചു എന്നു വരില്ല. ചില സാഹചര്യത്തിൽ തുടർച്ചയായി റാപ്പി‍ഡ് ടെസ്റ്റുകൾ നടത്തുകയും വേണ്ടി വരും എന്തായാലും ഇതിനായുള്ള നടപടികളുമായി സംസ്ഥാന സ‍ർക്കാർ ത്വരിത ​ഗതിയിൽ മുന്നോട്ട് പോകുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top