26 April Friday

കളംമാറ്റം; കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ്‌ മൂക്കുന്നു

സ്വന്തം ലേഖകൻUpdated: Monday Nov 15, 2021

കോഴിക്കോട്‌ > കോൺഗ്രസിൽ അസ്വസ്ഥത പടർത്തി പതിവ്‌ ഗ്രൂപ്പുകളിലെ കളം മാറ്റം. ഡിസിസി പ്രസിഡന്റ്‌​ പ്രഖ്യാപനത്തിനു ശേഷമാണ്‌ പുതിയ ഗ്രൂപ്പുകൾ രൂപപ്പെട്ടത്‌. ശനിയാഴ്‌ച  കോഴിക്കോട്ട്‌ മാധ്യമപ്രവർത്തകർക്കു‌ നേരെ അക്രമം നടത്തിയ ഒരുവിഭാഗത്തിന്റെ യോഗം  കെപിസിസി വർക്കിങ്‌‌ പ്രസിഡന്റ്‌  ടി സിദ്ദിഖിന്റെ പിന്തുണയിലായിരുന്നു. പ്രമുഖരായ എ ഗ്രൂപ്പ്‌ നേതാക്കളെ ഒഴിവാക്കിയായിരുന്നു പുത്തൻ ഗ്രൂപ്പ്‌ യോഗം. വർക്കിങ്‌‌ ‌ പ്രസിഡന്റിന്റെ  ഗ്രൂപ്പുകളിക്കെതിരെ എ, ഐ വിഭാഗങ്ങൾ രംഗത്തുണ്ട്‌. കെ സുധാകരന്റെയും വി ഡി സതീശന്റെയും ആശീർവാദത്തിലാണ്‌ സിദ്ദിഖിന്റെ നീക്കമെന്നാണ്‌ ഇരു ഗ്രൂപ്പുകളുടെയും ആക്ഷേപം.

ജില്ലയിൽ 15 വർഷത്തിലധികം ഡിസിസിയുടെ മേൽക്കൈ എ ഗ്രൂപ്പിനായിരുന്നു. കെപിസിസി പ്രസിഡന്റായി സുധാകരനെത്തിയതോടെ  ഗ്രൂപ്പ്‌ സമവാക്യവും മാറി, ടി സിദ്ദിഖ്‌ എയിൽ നിന്ന്‌ കൂടുമാറി. ഉമ്മൻചാണ്ടിയുടെയും രമേശ്​ ചെന്നിത്തലയുടെയും അടുപ്പക്കാരായ കെ സി അബു, എൻ സുബ്രഹ്മണ്യൻ എന്നിവർക്കാണ്‌ എ, ഐ പക്ഷ നേതൃത്വം. പുനഃസംഘടനയിൽ പദവികൾ വാഗ്‌ദാനം ചെയ്‌ത്‌ സിദ്ദിഖ്‌ ഇരുപക്ഷത്തുനിന്നും നേതാക്കളെ റാഞ്ചുന്നുവെന്ന പരാതിയും ഇവർക്കുണ്ട്‌. ഗ്രൂപ്പ്‌ യോഗത്തിൽ മാധ്യമ പ്രവർത്തകരെ അക്രമിച്ചത്‌ ഇരുപക്ഷവും സിദ്ദിഖിനെതിരേ ആയുധമാക്കുന്നുമുണ്ട്‌.

അക്രമികൾക്കെതിരെ 
നടപടിയെടുക്കാതെ കോൺഗ്രസ്‌

മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ നടപടിയുണ്ടാവുമെന്ന ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറിന്റെ വാക്കും പാഴായി.  
പൊലീസ്‌ കേസെടുത്തവരുടെ പേരിലും ഡിസിസി നടപടിയില്ല. യുഡിഎഫ് 2019 ജനുവരി 23ന്​ നടത്തിയ​ കലക്ടറേറ്റ്​ മാർച്ചിലും  മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരേ നടപടിയെടുത്തില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top