27 April Saturday
യുഡിഎഫ്‌ സർക്കാർ അഞ്ച്‌ വർഷം ആകെ നൽകിയത്‌ 802.79 കോടിമാത്രം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി‌ : 6.74 ലക്ഷം പേർക്ക്‌ 
സാന്ത്വനമായി 952.87 കോടി

റഷീദ്‌ ആനപ്പുറംUpdated: Wednesday Feb 24, 2021


തിരുവനന്തപുരം  
ആറേമുക്കാൽ ലക്ഷത്തോളംപേരുടെ കണ്ണീരൊപ്പിയും ആശ്വാസം പകർന്നും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ചികിത്സയ്‌ക്കും കുടുംബ സഹായവുമായി എൽഡിഎഫ്‌ സർക്കാർ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്‌) യിൽനിന്ന്‌ അനുവദിച്ചത്‌ 952.87 കോടിരൂപയുടെ ധനസഹായം. 10,000 രൂപ  മുതൽ അഞ്ച്‌ ലക്ഷംരൂപവരെ 6,74,024 പേർക്കാണ്‌  വിവിധ ഘട്ടങ്ങളിൽ സഹായംലഭിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ആകെ സഹായം ചൊവ്വാഴ്‌ചവരെ 5571.87 കോടിരൂപയായി. ഓഖി,  പ്രളയം, കോവിഡ്‌ അതിജീവനത്തിനായി  4619 കോടിരൂപ  നൽകി. യുഡിഎഫ്‌ സർക്കാർ അഞ്ച്‌ വർഷം  ജനസമ്പർക്ക നാടകമടക്കം നടത്തി  നൽകിയത്‌‌  802.79 കോടി രൂപമാത്രം. 

സർക്കാരിന്‌ ലഭിച്ച 7,27,269 അപേക്ഷകളിൽ അർഹരായ  6,74,024 പേർക്കും സഹായംനൽകി. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ സഹായം നൽകുകയായിരുന്നു. ഗുരുതരരോഗം ബാധിച്ചവർ,  അപകടങ്ങളിലും മറ്റും പരിക്കേറ്റവർ,  അപകടങ്ങളിൽ മരിച്ചവരുടെ ആശ്രിതർ,  തീപിടിത്തത്തിൽ വീടുകൾ നശിച്ചവർ,  ഇൻഷുറൻസ്‌ ഇല്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾ,  കടൽക്ഷോഭത്തിൽ  മത്സ്യബന്ധനോപാധികൾ നഷ്‌ടപ്പെട്ടവർ എന്നിവരാണ്‌ ഗുണഭോക്താക്കൾ.

ജനങ്ങളുടെ സഹായത്തോടെ  സിഎംഡിആർഎഫിനെ ശക്തിപ്പെടുത്താനും എൽഡിഎഫ്‌ സർക്കാരിനായി. മുഖ്യമന്ത്രിയുടെ അഭ്യർഥനയെ തുടർന്ന്‌ കോവിഡ്‌ സഹായമായി 523.48 കോടിരൂപയും  2018,19 ലെ പ്രളയ സഹായമായി 4912 കോടിരൂപയും ലഭിച്ചു. സാലറി ചലഞ്ചുൾപ്പെടെ ആകെ ലഭിച്ചത്‌ 5435.48  കോടിരൂപ. നൽകിയതാവട്ടെ 5571.87  കോടിരൂപയും.

കോവിഡ്‌  പ്രതിരോധത്തിന്‌  729.13 കോടിരൂപയാണ്‌ അനുവദിച്ചത്‌.  350 കോടിരൂപ സൗജന്യ ഭക്ഷ്യധാന്യ കിറ്റിനാണ്‌ നൽകിയത്‌. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌  3778.84  കോടിരൂപ ചെലവഴിച്ചു. 2264.25 കോടി പ്രളയത്തിൽ ഭൂമിയും വീടും നഷ്‌ടപ്പെട്ടവർക്കായിരുന്നു‌. പ്രളയകാലത്ത്‌ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക്‌  അടിയന്തര സഹായമായി  457.58 കോടിരൂപയും നൽകി. ഓഖി ദുരന്ത ബാധിതർക്കായി നൽകിയത്‌   111.03 കോടിരൂപയാണ്‌.

സുതാര്യം, ആധുനികം
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കുത്തഴിഞ്ഞ നിലയിലായിരുന്ന  സിഎംഡിആർഎഫിനെ ആധുനികവൽക്കരിച്ച്‌ സുതാര്യമാക്കിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ‘ജനസമ്പർക്ക’ പരിപാടിയിൽ പണം അനുവദിച്ചെങ്കിലും പലർക്കും ലഭിച്ചില്ല. എന്നാൽ എൽഡിഎഫ്‌ സർക്കാർ 2016 ജൂണിൽ സിഎംഡിആർഎഫിനുള്ള അപേക്ഷ ഓൺലൈനായും സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക പോർട്ടലും തയ്യാറാക്കി. അപേക്ഷ സിഎംഡിആർഎഫ്‌ പോർട്ടൽ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നൽകാവുന്ന രീതി വന്നു. സഹായം അക്കൗണ്ടിൽ നേരിട്ട്‌ നിക്ഷേപിക്കാൻ ഡിബിടി സംവിധാനം കൊണ്ടുവന്നു.  അപേക്ഷകരുടെ വാർഷിക വരുമാന പരിധി ഒന്നിൽനിന്ന്‌ രണ്ട്‌ ലക്ഷം രൂപയായി ഉയർത്തിയതും നിരവധി പേർക്ക്‌ ആശ്വാസമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top