26 April Friday

പറമ്പിക്കുളം ഷട്ടർ തകരാർ : ചാലക്കുടിപ്പുഴയിൽ ജലനിരപ്പ്‌ 
രണ്ടുമീറ്ററോളം ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


ചാലക്കുടി
ഷട്ടർ തകരാറിനെത്തുടർന്ന്‌ പറമ്പിക്കുളം ഡാമിൽനിന്നുള്ള അധികജലം എത്തിയതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് രണ്ട് മീറ്ററോളം ഉയർന്നു. പറമ്പിക്കുളത്തുനിന്നുള്ള നീരൊഴുക്ക്‌ വർധിച്ചതോടെ പെരിങ്ങൽക്കുത്ത്‌ ഡാമിൽനിന്നും വെള്ളം തുറന്നുവിട്ടതാണ്‌ ചാലക്കുടിപ്പുഴയിൽ ജലവിതാനം ഉയർന്നത്.  ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് നാലുമീറ്റർ ഉയരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ   രണ്ട് മീറ്ററായി തുടരുന്നത് ആശങ്കയകറ്റി. 7.10മീറ്ററാണ് പുഴയിലെ അപകടമുന്നറിയിപ്പ് സൂചിക. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലനിരപ്പ് ഒരുകാരണവശാലും അത്രത്തോളം ഉയരില്ല.  വേനൽ കനത്തതും ജലനിരപ്പ് ഉയരാതിരിക്കാൻ കാരണമായി.

പറമ്പിക്കുളം ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ തകരാറിലായത്. കാലവർഷത്തിൽ കേടുപാടുകൾ സംഭവിച്ച ഷട്ടർ തനിയെ താഴേക്ക് വീഴുകയായിരുന്നു. നിലവിൽ 1823അടിയാണ് ഡാമിലെ ജലനിരപ്പ്. ഇത് 1798 അടിയിലേക്ക് താഴ്ന്നാൽ മാത്രമേ ഷട്ടറിന്റെ തകരാർ കണ്ടെത്താനാകൂ. അതിനായി മറ്റ് ഷട്ടറുകൾ ഭാഗികമായി തുറന്നിട്ട് ജലനിരപ്പ് ക്രമീകരിക്കേണ്ടി വരും. പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ബുധനാഴ്‌ച പുലർച്ചെ മുതൽ ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. പുഴയുടെ കടവുകൾ അടച്ചു.  ആരേയും പുഴയിലേക്കിറങ്ങാൻ അനുവദിച്ചില്ല.  പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top