26 April Friday

എച്ച്ആർഡിഎസിന് എതിരെ 
അന്വേഷണത്തിന് ഉത്തരവ് ; ആദിവാസി ഭൂമി തട്ടിയെന്നാണ് പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022


തിരുവനന്തപുരം
സംഘപരിവാർ നിയന്ത്രണത്തിലുള്ള ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി  (എച്ച്ആർഡിഎസ്) സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ആദിവാസികളുടെ പട്ടയ ഭൂമി കൈയേറി കുടിലുകൾ തീവച്ച് നശിപ്പിച്ച പരാതിയിൽ അന്വേഷണം.
ആദിവാസി ഭൂമി തട്ടിയെടുത്തതിൽ നിയമ സാധുത പരിശോധിച്ച് കേസെടുക്കാനും പരാതി അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാനും സംസ്ഥാന എസ്‌സി, എസ്ടി കമീഷണർ ബി എസ്‌ മാവോജിയാണ്‌ നിർ​ദേശിച്ചത്‌.

ജൂൺ 30നകം റിപ്പോർട്ട്‌ കമീഷന്‌ നൽകണമെന്ന്‌ ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. അട്ടപ്പാടിയിലെ ഭൂപ്രകൃതിക്ക്‌ യോജിക്കാത്ത വാസയോ​ഗ്യമല്ലാത്ത വീടുകൾ നിർമിക്കാൻ എച്ച്ആർഡിഎസിന് അനുവാദം നൽകരുതെന്ന്‌ കമീഷൻ കലക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഭൂമിയുടെ അവകാശപരിശോധനയ്‌ക്ക്‌ വിവിധ വകുപ്പുകളുടെ സംയുക്ത സംഘത്തെ നിയോ​ഗിക്കാനും കമീഷൻ ഉത്തരവിട്ടു.

അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലാണ് എച്ച്ആർഡിഎസിന്റെ ഭൂമി കൈയേറ്റത്തിനെതിരെ കമീഷന്‌ പരാതി നൽകിയത്. 45 ഏക്കർ പട്ടയ ഭൂമി എച്ച്ആർഡിഎസ് ഇന്ത്യ കൈയേറി ആദിവാസി കുടിലുകൾ തീവച്ച് നശിപ്പിച്ചതായാണ്‌ പരാതി. വ്യാജ രേഖ ചമച്ച് ഈ ഭൂമി പട്ടിക വർ​ഗക്കാരല്ലാത്തവർക്ക് അളന്നു കൊടുക്കുകയായിരുന്നു. 

മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം കുന്നത്താട്ട് താത്തുണി മൂപ്പിൽ നായർ കൊല്ലവർഷം 1129 മുതൽ അട്ടപ്പാടി താലൂക്കിൽ കോട്ടത്തറ വില്ലേജിൽ വട്ടലക്കി 111 നമ്പർ ബ്ലോക്കിൽ 45 ഏക്കർ ഭൂമിക്ക് ആദിവാസികൾക്ക് പട്ടയം നൽകിയിരുന്നു. സുപ്രീംകോടതി വിധിപ്രകാരം ഇത് ആ​ദിവാസികളുടെ സമുദായ ഭൂമിയാണ്‌.   ഇത്‌ കൈമാറാൻ പാടില്ല. എച്ച്ആർഡിഎസ് 2021 ജൂൺ 24ന്‌ അവരുടെ ഭൂമിയാണെന്ന്‌ അവകാശപ്പെട്ട്‌ കൈയേറുകയായിരുന്നു.

ഇവിടെ വിവിധ സർവേ നമ്പറുകളിലായി 17 തീർ ആധാരങ്ങൾ പ്രകാരം വിദ്യാദിരാജ വിദ്യാസമാജം ട്രസ്‌റ്റിന്റെ പേരിൽ 21.8340 ഹെക്ടർ ഭൂമി മണ്ണാർക്കാട് സബ് രജിസ്റ്റാർ ഓഫീസിലെ 1982–-83 വർഷത്തെ രേഖകൾ പ്രകാരം വിലയ്‌ക്ക് വാങ്ങി ഭൂനികുതി അടയ്‌ക്കുന്നുണ്ട്‌. ഇവയിൽ സർവേ നമ്പർ 307/03, 307/04, 579 എന്നിവയിൽ ഉൾപ്പെടുന്ന വസ്തുക്കൾ ആദിവാസി ഭൂമി ആണെന്ന്‌ ബോധ്യപ്പെട്ടതായി കമീഷന്റെ ഉത്തരവിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top