27 April Saturday

സി എസ് സുജാത മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി

സ്വന്തം ലേഖകന്‍Updated: Saturday Oct 2, 2021

സി എസ് സുജാത

തിരുവനന്തപുരം > അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി സതീദേവി വനിതാ കമീഷന്‍ അധ്യക്ഷയായതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്. നിലവില്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്നു മുന്‍ എംപി കൂടിയായ സി എസ് സുജാത. ട്രഷറര്‍ സ്ഥാനത്തേക്ക്  ഇ പത്മാവതിയെയും (കാസര്‍കോട്) തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസന്‍ കോടി തുടരും.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍  അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി,  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവരും പങ്കെടുത്തു.

എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം സി എസ് സുജാത ആരംഭിച്ചത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ഥിനി പ്രതിനിധിയായിരുന്നു.1986 ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രഥമ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. തുടര്‍ന്ന് 1995 മുതല്‍ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.

2004ല്‍ മാവേലിക്കരയില്‍നിന്ന് പാര്‍ലമെന്റ് അംഗമായി. സിപിഐ എം സംസ്ഥാന കമ്മ്റ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് ബോര്‍ഡ് ഉപദേശക ബോര്‍ഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് സുമതി പിള്ളയുടേയും രാമചന്ദ്രന്‍ നായരുടേയും മകളായി 1965 മെയ് 28ന് ജനിച്ചു. മാവേലിക്കര കോടതിയില്‍ അഭിഭാഷകയാണ്. വള്ളിക്കുന്നം എ ജി ഭവനിലാണ് താമസം.
ഭര്‍ത്താവ്: ജി ബേബി (റിട്ട.റെയില്‍വേ മജിസ്ട്രേട്ട്). മകള്‍: കാര്‍ത്തിക (യു എന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക). മരുമകന്‍: ആര്‍ ശ്രീരാജ് ( ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഫുട്‌ബോള്‍ ഇന്‍ഡസ്ട്രീസ് എംബിഎ ചെയ്യുന്നു).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top