27 April Saturday

കേരളീയർക്കെതിരെ വാളോങ്ങി ബിജെപിയും കേന്ദ്രമന്ത്രിയും

പ്രത്യേക ലേഖകൻUpdated: Tuesday Dec 1, 2020


സംസ്ഥാന ലോട്ടറിമുതൽ ശബരിമല വിമാനത്താവളംവരെയുള്ള എല്ലാ പദ്ധതികൾക്കും നേരെ വാളോങ്ങി കേരളീയരെ പാഠംപഠിപ്പിക്കാൻ കലിമൂത്ത്‌ ബിജെപി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻമുതൽ സംസ്ഥാന നേതാക്കൾവരെ കേരളീയർക്കെതിരെ അതിക്രൂരമായ പോർമുഖം തുറന്നിരിക്കുകയാണ്‌. കേരളം ശത്രുരാജ്യമാണെന്ന മട്ടിലാണ്‌ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അടക്കമുള്ളവർ നിരന്തരം നടത്തുന്ന ആരോപണങ്ങൾ. കേന്ദ്ര ഏജൻസികളെ വരുതിയിൽ നിർത്തി സർക്കാരിനെ വേട്ടയാടുന്നതോടൊപ്പം ഇവിടത്തെ വികസന ക്ഷേമപ്രവർത്തനങ്ങളെ അപ്പാടെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌ പുറപ്പാട്. കേരളത്തെ തകർക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കിയിട്ടേ കളം വിടുകയുള്ളൂവെന്ന മട്ടിലാണ്‌ ജനങ്ങളെ വെല്ലുവിളിക്കുന്നത്‌.

ആയിരക്കണക്കിന്‌ ലോട്ടറി തൊഴിലാളികളുടെ ഉപജീവനമാർഗം കൂടിയായ കേരള ലോട്ടറി കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ്‌ കെ സുരേന്ദ്രന്റെ ആരോപണം. നൂറ്‌ രൂപമുതൽ കോടികൾവരെ ഭാഗ്യക്കുറിയിലൂടെ നേടിയവരെ ഒന്നടങ്കം അടച്ചാക്ഷേിപ്പിക്കുന്ന ഈ നിലപാട്‌ ലോട്ടറി മാഫിയയുടെ പ്രീതിപിടിച്ചുപറ്റാനാണ്‌.

ആയിരക്കണക്കിന്‌ പ്രവാസി മലയാളികളുടെ പ്രതീക്ഷയായ പ്രവാസി ചിട്ടി, കിഫ്‌ബി, റിസർവ്‌ ബാങ്കിന്റെ അനുമതിയോടെയുള്ള മസാല ബോണ്ട്‌ എന്നിവയിലും കള്ളപ്പണമിടപാടാണ്‌ ബിജെപി സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്‌. പ്രവാസി ചിട്ടിയിൽ ചേർന്നിട്ടുള്ള വിദേശ മലയാളികളെ സംശയമുനയിൽ നിർത്തുകയാണ്‌ ലക്ഷ്യം. 1999ൽ നിലവിൽ വന്ന കിഫ്‌ബിക്കെതിരെ നട്ടാൽകുരുക്കാത്ത നുണപ്രചാരണം നടത്തുന്നത്‌ കേരളമെങ്ങും ഇതുവഴി തലയുയർത്തി നിൽക്കുന്ന പദ്ധതികളെ കളങ്കിതമാക്കാനാണ്‌. കേരളത്തിന്റെ വികസനത്തിൽ പങ്കാളികളായതിന്റെ പേരിൽ അവർക്ക്‌‌ നേരെ ആക്ഷേപം ചൊരിയുന്നത്‌ ഫലത്തിൽ കേരളീയരോടുള്ള പകയാണ്‌.

ശബരിമല വിമാനത്താവളം കൊള്ളയാണെന്നാണ്‌ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം. ശബരിമല തീർഥാടകരോടും മധ്യതിരുവിതാംകൂറിലെ ജനങ്ങളോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്‌ക്ക്‌ നിദാനമായ വിമാനത്താവളത്തെ മുളയിലേ നുള്ളുകയാണ്‌ ലക്ഷ്യം. ശബരിമലയെ തകർക്കുകയെന്ന ആസൂത്രിതനീക്കവും വായിച്ചെടുക്കാം. കെ ഫോൺ പദ്ധതിയെയും‌ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റും നോട്ടമിട്ടിട്ടുണ്ട്‌‌.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെൽ ആണ്‌ പദ്ധതിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളതെന്ന്‌ അറിയാതെയല്ല അഴിമതി ആരോപണം ഉയർത്തുന്നത്‌.  റിലയൻസ്‌ ഉൾപ്പെടെയുള്ള കുത്തക കമ്പനികൾക്കുവേണ്ടിയാണ്‌ കേരളീയരുടെ സ്വപ്‌നമായ കെ ഫോണിലും കരിവാരി തേയ്‌ക്കുന്നത്‌. ഗെയിൽ പൈപ്പ്‌ ലൈൻ, ദേശീയപാത വികസനം എന്നിവ യാഥാർഥ്യമാക്കിയതിനെക്കുറിച്ച്‌ ബിജെപി നേതൃത്വം മിണ്ടുന്നുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top