27 April Saturday
മുരളീധരനും സുരേന്ദ്രനുമെതിരെ പടയൊരുക്കം ; കുമ്മനം 
പരിഗണനയിൽ

പിടിമുറുക്കി ആർഎസ്‌എസ്‌ ; ബിജെപി നേതൃമാറ്റ ചർച്ച സജീവം

ഇ എസ്‌ സുഭാഷ്‌Updated: Thursday Sep 23, 2021


തൃശൂർ
അണിയറയിൽ നേതൃമാറ്റ ചർച്ച സജീവമായിരിക്കെ ബിജെപിയിൽ ആർഎസ്‌എസ്‌  പിടിമുറുക്കുന്നു. കേരളത്തിലെ ഇരു ഗ്രൂപ്പുകളെയും തഴഞ്ഞ്‌ ആർഎസ്‌എസ്‌ നിർദേശാനുസരണം പുനഃസംഘടന നടത്താനാണ്‌ കേന്ദ്രനേതൃത്വം ആലോചിക്കുന്നത്‌. ആർഎസ്‌എസിന്റെ എതിർപ്പ്‌ അവഗണിച്ചാണ്‌ കെ സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചത്‌. വി മുരളീധരന്റെ സമ്മർദത്തിലായിരുന്നു ഇത്‌. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ വി മുരളീധരൻ–-കെ സുരേന്ദ്രൻ സഖ്യം സമ്പൂർണ പരാജയമാണെന്ന്‌ കേന്ദ്ര നേതൃത്വത്തിന്‌ ബോധ്യപ്പെട്ടു. കുഴൽപ്പണ– -സാമ്പത്തിക ഇടപാടുകളിൽ കെ സുരേന്ദ്രന്‌ നേരിട്ടുള്ള പങ്ക്‌ പൊതുജനമധ്യത്തിൽ ബിജെപിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന്‌ നേതൃത്വം വിലയിരുത്തുന്നു. കേന്ദ്ര നേതൃത്വം നിയോഗിച്ച അന്വേഷണസമിതിയും നേതൃത്വം മാറാതെ കേരളത്തിൽ രക്ഷയില്ലെന്നാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.

തെരഞ്ഞെടുപ്പിനും കുഴൽപ്പണ -സാമ്പത്തിക ഇടപാടുകൾക്കും ശേഷം ബിജെപിയിൽനിന്ന്‌ അണികൾ വ്യാപകമായി കൊഴിഞ്ഞുപോവുകയാണ്‌. വി മുരളീധരനും കെ സുരേന്ദ്രനും ഗ്രൂപ്പ്‌ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന പരാതി പി കെ കൃഷ്‌ണദാസ്‌ പക്ഷം നേരത്തേ ഉന്നയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിനിയോഗിച്ച പണം സംബന്ധിച്ച്‌ ആഭ്യന്തര പരിശോധന വേണമെന്ന ആവശ്യവും സംഘപരിവാറിനകത്തുണ്ട്‌. എല്ലാ റിപ്പോർട്ടുകളും എതിരായതിനെത്തുടർന്ന്‌ കഴിഞ്ഞ ദിവസം കെ സുരേന്ദ്രനെ ഡൽഹിക്ക്‌ വിളിപ്പിച്ചു.

തങ്ങളെ  അവഗണിച്ചതാണ്‌ ബിജെപിയെ ദയനീയാവസ്ഥയിൽ എത്തിച്ചതെന്നാണ്‌ ആർഎസ്‌എസ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇരു ഗ്രൂപ്പിലുംപെടാത്ത ഒരാളെ നേതൃസ്ഥാനത്ത്‌ കൊണ്ടുവരാനാണ്‌ കേന്ദ്രനേതൃത്വം ആലോചിക്കുന്നത്‌. സുരേഷ്‌ഗോപി അടക്കമുള്ളവരുടെ പേരുകൾ  ഉയർന്നുവരുന്നതും ഈ വിലയിരുത്തലിലാണ്‌. എന്നാൽ, സുരേഷ്‌ഗോപി വേണ്ടെന്ന നിലപാടാണ്‌ പൊതുവേയുള്ളത്‌. നിലവിലെ നേതൃത്വം മാറണമെന്ന കാര്യത്തിൽ ആർഎസ്‌എസിനും കേന്ദ്ര നേതൃത്വത്തിനും ഏകാഭിപ്രായമാണ്‌. പുതിയത്‌ ആര്‌ എന്നത്‌ ആർഎസ്‌എസ്‌ ഗൗരവമായി ആലോചിക്കുകയാണ്‌.

കുമ്മനം 
പരിഗണനയിൽ
സംസ്ഥാന ബിജെപിക്ക്‌ സമവായ അധ്യക്ഷനെ കണ്ടെത്താൻ ദേശീയ നേതാക്കളുടെ ശ്രമം. പി കെ കൃഷ്ണദാസ്‌ പക്ഷത്തിനും ആർഎസ്‌എസിനും അംഗീകരിക്കേണ്ടിവരും എന്നതിനാൽ ഔദ്യോഗിക നേതൃത്വം കുമ്മനത്തിന്റെ പേര്‌ ചർച്ചയാക്കുന്നുണ്ട്‌. ഇത്‌ മുന്നിൽക്കണ്ട്‌ പാർടി പരിപാടികളിൽ കുമ്മനത്തിന്‌ കൂടുതൽ പങ്കാളിത്തം നൽകുന്നുമുണ്ട്‌. സുരേന്ദ്രനും മുരളീധരനും ഒന്നിച്ച്‌ വിചാരിച്ചാലും തന്നെ അധ്യക്ഷനാക്കാൻ കഴിയില്ലെന്ന്‌ സുരേഷ്‌ ഗോപി വ്യാഴാഴ്‌ചയും വ്യക്തമാക്കി. പുനഃസംഘടനാ വിഷയവും മറ്റ്‌ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ  സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ഗണേഷ്‌ എന്നിവരെ കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക്‌ വിളിപ്പിച്ചിരുന്നു. ജെ പി നദ്ദയെ കാണാൻ ഇവർ ശ്രമം നടത്തിയെങ്കിലും ബി എൽ സന്തോഷിനെ കണ്ട്‌ റിപ്പോർട്ട്‌ നൽകാനായിരുന്നു നിർദേശം. തെരഞ്ഞെടുപ്പ്‌ പരാജയം സംബന്ധിച്ച്‌ കീഴ്‌ഘടകങ്ങളിൽനിന്ന്‌ തെളിവെടുപ്പ്‌ നടത്തിയ അഞ്ചംഗ സമിതിയുടെ റിപ്പോർട്ട്‌ ഇവർ സന്തോഷിന്‌ കൈമാറി. പുനഃസംഘടനയാണ്‌ റിപ്പോർട്ടിന്റെ കാതൽ. ആറ്‌ ജില്ലാ അധ്യക്ഷന്മാരെ മാറ്റണം. കെ സുരേന്ദ്രന്റെ പ്രസ്താവനകളാണ്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തിരിച്ചടിയായതെന്നും റിപ്പോർട്ടിലുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top