27 April Saturday

ബിജെപി സ്ഥാനാർഥികളെ തേടി സ്വകാര്യ ഏജൻസി ; നേതൃത്വം ഇരുട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021


സ്വന്തം ലേഖകൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ കണ്ടെത്താൻ സ്വകാര്യ ഏജൻസി സർവേ. 40 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ്‌ സർവേ. സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസക്കുറവാണ്‌ സ്വകാര്യ പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ചതിന്‌ പിന്നിൽ. ബംഗളൂരു ആസ്ഥാനമായ ഏജൻസിയാണ്‌ സ്ഥാനാർഥി പഠനം നടത്തുന്നത്‌. മണ്ഡലങ്ങളിലെത്തി  പ്രവർത്തകരിൽനിന്ന്‌ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയാണിവർ. സ്ഥാനാർഥിയാകാനുള്ള സ്വീകാര്യത,  ജനപിന്തുണ, വിജയസാധ്യത  ഇവയെല്ലാം അന്വേഷിക്കുന്നു.

കോഴിക്കോട്‌ ജില്ലയിൽ കുന്നമംഗലത്താണ്‌ സ്വകാര്യ ഏജൻസിയെത്തിയത്‌. ഇതേപ്പറ്റി ‌ സംസ്ഥാന ഭാരവാഹികൾക്കടക്കം അറിവില്ല. ഭാരവാഹികളെ  പൂർണമായും അകറ്റിനിർത്തിയുള്ള നീക്കം സംസ്ഥാനനേതൃത്വത്തിലുള്ള അവിശ്വാസമായാണ്‌ ഒരു വിഭാഗം കാണുന്നത്‌.

കർണാടക തെരഞ്ഞെടുപ്പിലും മറ്റും നിയോഗിച്ച  ഏജൻസിക്കാണ്‌ സംസ്ഥാനത്തും സർവേ ചുമതല‌. 25നകം ഇവർ  വിവരങ്ങൾ ദേശീയ നേതൃത്വത്തിന്‌ കൈമാറും. അഖിലേന്ത്യാ പ്രസിഡന്റ്‌ ജെ പി നദ്ദ, ജനറൽ സെക്രട്ടറി സി പി രാധാകൃഷ്‌ണൻ എന്നിവരടക്കമുള്ളവർ വിലയിരുത്തിയാകും തുടർനടപടി.

സി പി രാധാകൃഷ്‌ണൻ ചുമതലക്കാരനായെത്തിയതോടെ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും വി  മുരളീധരനും നയിക്കുന്ന ഗ്രൂപ്പിന്റെ പിടി അയഞ്ഞതായാണ്‌ വിലയിരുത്തൽ. ശോഭാ സുരേന്ദ്രനും കൂട്ടർക്കുമെതിരായ കടുത്ത നടപടി തടഞ്ഞത്‌ രാധാകൃഷ്‌ണന്റെ  ഇടപെടലിലാണ്‌. കെ സുരേന്ദ്രൻ കോവിഡ്‌ ബാധിതനായതോടെ സംസ്ഥാനത്ത്‌ ബിജെപി പ്രവർത്തനം നിശ്ചലമാണ്‌.  ഈ സാഹചര്യത്തിൽ സ്വകാര്യ പ്രൊഫഷണൽ ഏജൻസിയുടെ വരവും ഇടപെടലും സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ നിർണായകമാകുമെന്നാണ്‌ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top