27 April Saturday

എൽഡിഎഫിന്‌ 100 സീറ്റിൽ കുറയില്ല : ബിനോയ്‌ വിശ്വം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ കുറഞ്ഞത്‌ 100 സീറ്റ്‌ ലഭിക്കുമെന്ന്‌ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം. ജാഥാവേളയിൽ ദശലക്ഷക്കണക്കിനു ജനങ്ങളുമായി സംവദിച്ചതിന്റെ നേരനുഭവത്തിൽനിന്നാണ്‌ ഇത്‌ പറയുന്നത്‌–- എൽഡിഎഫ്‌ തെക്കൻ മേഖലാ ജാഥാനുഭവം ദേശാഭിമാനിയുമായി പങ്കിടുകയായിരുന്നു ജാഥാ ക്യാപ്റ്റനായ അദ്ദേഹം.  

ജാഥയെ ജനങ്ങൾ നെഞ്ചേറ്റുമെന്ന്‌ ഉറപ്പായിരുന്നു. എന്നാൽ, പ്രതീക്ഷയെ വെല്ലുന്ന പ്രതികരണമാണ്‌ ലഭിച്ചത്‌. ഇതുവരെ അകലം പാലിച്ചിരുന്ന പതിനായിരങ്ങൾ പിന്തുണയുമായെത്തി. സ്‌ത്രീകളുടെ നിറസാന്നിധ്യവും യുവതയുടെ ആവേശവും അടിസ്ഥാന ജനവിഭാഗങ്ങളുടെ വർധിച്ച പങ്കാളിത്തവും ജാഥയെ വ്യത്യസ്‌തമാക്കി.

തുടർഭരണത്തിനു വോട്ടുചെയ്യാൻ തയ്യാറെടുത്ത ജനങ്ങളുടെ പ്രതികരണത്തിനുപിന്നിൽ രണ്ടു കാരണമുണ്ട്‌. ഒന്ന്‌ ദേശീയ പശ്‌ചാത്തലമാണ്‌. നാടാകെ വർഗീയ വിപത്ത് വിതയ്‌ക്കുകയും മറുവശത്ത്‌ രാജ്യത്തിന്റെ ചങ്കും കരളും അറുത്തെടുത്ത്‌ വിദേശ മൂലധനശക്തികൾക്ക്‌ അടിയറവയ്‌ക്കുകയുമാണ്‌ മോഡി. രാജ്യത്തിന്റെ ആകാശവും ഭൂമിയും പാതാളവും വിദേശ കൊള്ളക്കാർക്ക്‌ അടിയറവച്ച്‌ പുതിയ രീതിയിലുള്ള വൈദേശികവാഴ്‌ചയ്‌ക്കാണ്‌ കളമൊരുക്കുന്നത്‌.

രാജ്യമാകെ ഇരുട്ട്‌ പടരുമ്പോൾ വെളിച്ചത്തിന്റെ പച്ചത്തുരുത്തായി കേരളംമാറുന്നു. പ്രകടന പത്രികയിൽ നൽകിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പാക്കിയ സർക്കാരാണിത്‌. പറയുന്ന കാര്യങ്ങളെല്ലാം പ്രതിബന്ധതയോടെ നടപ്പാക്കുന്ന മുഖ്യമന്ത്രിയാണ്‌ ഇവിടെയുള്ളത്‌. വികസനം ജനങ്ങളിലെ ഭൂരിപക്ഷം വരുന്ന പാവങ്ങൾക്കുവേണ്ടിക്കൂടിയാണ്‌ എന്ന ഇടതുപക്ഷ കാഴ്‌ചപ്പാടാണ്‌ നടപ്പാക്കുന്നത്‌. പെൻഷനും കിറ്റുമെല്ലാം അതിന്റെ ഭാഗമാണ്‌.

ഇടതുപക്ഷ സർക്കാരാണിത്‌. എന്നാൽ, ആ വഴിമാത്രമല്ല എല്ലാ തലത്തിലുമുള്ള നീതിബോധത്തിന്റെയും വഴിയേയാണ്‌ സർക്കാർ സഞ്ചരിച്ചത്‌. മതവിരോധികളല്ല, മറിച്ച്‌ എല്ലാ മതങ്ങളിലെയും മാനുഷികവശങ്ങളെ കാണുന്നവരാണ്‌ ഇടതുപക്ഷം. യഥാർഥ വിശ്വാസിയും ഇടതുപക്ഷവും തമ്മിലുള്ള ഐക്യത്തിനുള്ള സാധ്യതയാണ്‌ കൂടുതൽ. നേരനുഭവങ്ങളാണ്‌ എൽഡിഎഫിനൊപ്പം നിൽക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്‌ എന്നാണ്‌ ജാഥ തെളിയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top