26 April Friday

നേവിസിന്റെ ‘കൈ പിടിച്ച്‌ ’ ബസവന ഗൗഡ ജീവിതത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


കൊച്ചി
‘കൈകൾ നൽകാം എന്ന്‌ പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. ആശുപത്രിയിൽ എത്തിയപ്പോഴാണ്‌ ആത്മവിശ്വാസമായത്‌. കൈകൾ തന്ന നേവിസിന്റെ കുടുംബത്തോടും തുന്നിച്ചേർത്ത ആശുപത്രി അധികൃതരോടും അങ്ങേയറ്റം നന്ദിയുണ്ട്‌.’ തുന്നിച്ചേർത്ത കൈകൾ സ്വയം ഉയർത്തി കർണാടക സ്വദേശി ബസവന ഗൗഡ പറഞ്ഞപ്പോൾ സമീപം തൊഴുകൈകളോടെ ഭാര്യ അനിതയും മാതാപിതാക്കളായ ജയമ്മയും രാമകൃഷ്‌ണ റെഡ്ഡിയും.

മസ്‌തിഷ്‌കമരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഇരുകൈകളും അമൃത ആശുപത്രിയിൽ നടന്ന ശസ്‌ത്രക്രിയയിലാണ്‌ ബസവന ഗൗഡ (34)യുടെ ശരീരത്തിൽ തുന്നിച്ചേർത്തത്‌. റൈസ്‌ മില്ലിൽ ബോയിലർ ഓപ്പറേറ്ററായിരുന്ന ഗൗഡയ്‌ക്ക്‌ 2011 ജൂലൈയിൽ വൈദ്യുതാഘാതത്തിലാണ്‌ ഇരുകൈകളും നഷ്‌ടമായത്‌. ആദ്യം ബെല്ലാരിയിലും പിന്നീട്‌ ബംഗളൂരുവിലും ചികിത്സതേടി. പക്ഷേ,  ഇരുകൈകളും മുറിച്ചുനീക്കേണ്ടി വന്നു. 2016ൽ കൈമാറ്റിവയ്‌ക്കാനായി ഗൗഡ അമൃത ആശുപത്രിയെ സമീപിച്ചിരുന്നതാണ്‌. സെപ്‌തംബർ 25ന്‌ മസ്‌തിഷ്‌കമരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്‌ ഗൗഡയ്‌ക്ക്‌ തുണയായി. 

അമൃതയിൽ നടന്ന ഒമ്പതാമത്‌ കൈമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയാണെന്ന്‌ പ്ലാസ്‌റ്റിക്‌ സർജറി വിഭാഗം തലവൻ ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. തുന്നിച്ചേർത്ത കൈകൾ ഒരു വർഷത്തിനകം സാധാരണ നിലയിലാകും. അമൃതയിൽ മാത്രം ആറുപേരാണ്‌ കൈകൾക്കായി കാത്തിരിക്കുന്നത്‌. കൈകൾ ദാനം ചെയ്യാൻ കൂടുതൽപേർ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. പ്രേംനായർ, ഡോ. മോഹിത്‌ ശർമ, ഡോ. ആർ രാജേഷ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നേവിസിന്റെ ഹൃദയം, കരൾ, വൃക്ക, കോർണിയ എന്നിവയും ദാനം ചെയ്‌തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top