08 May Wednesday

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സ്വർണക്കടത്തിലേക്കും

സ്വന്തം ലേഖകൻUpdated: Friday Jul 31, 2020

തിരുവനന്തപുരം > വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അപകടം ആസൂത്രിതമാണോ സ്വർണക്കടത്ത്‌ സംഘം ഇതിനു പിന്നിലുണ്ടോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണ്‌ സിബിഐ ഉത്തരം തേടുന്നത്‌.

അടുത്ത ദിവസം ബാലഭാസ്‌കറിന്റെ അച്ഛനമ്മമാർ, ഭാര്യ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴി എടുക്കും. നേരത്തേ കേസ്‌ അന്വേഷിച്ച ലോക്കൽ പൊലീസ്‌, കസ്റ്റംസ്‌ എന്നിവരിൽനിന്ന്‌ സിബിഐ വിശദാംശങ്ങൾ ശേഖരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ കുടുംബാംഗങ്ങൾ നേരത്തേതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. സ്വർണക്കടത്ത്‌ സംഘങ്ങളെയും മരണശേഷം ബാലഭാസ്‌കറിന്റെ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ പണം പിൻവലിക്കാൻ ശ്രമം നടത്തിയ ചില കേന്ദ്രങ്ങളെയുമായിരുന്നു സംശയം. ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ സംഘാടകനായ പ്രകാശ്‌ തമ്പിയും സുഹൃത്ത്‌ വിഷ്‌ണുവും നേരത്തേ സ്വർണക്കടത്ത്‌ കേസിൽ പിടിയിലായിരുന്നു. കൂടാതെ, അപകടസമയത്ത്‌ ബാലഭാസ്‌കറിന്‌ ഒപ്പമുണ്ടായിരുന്ന അർജുൻ മൊഴിമാറ്റിയതും കുടുംബാഗങ്ങളുടെ സംശയം ബലപ്പെടുത്തി. ഇതിനു പുറമെ അടുത്തിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കേസിലെ പ്രതി സരിത്‌ ബാലഭാസ്‌കറിന്‌ അപകടം നടന്ന സ്ഥലത്ത്‌ ആ സമയത്ത്‌ കണ്ടതായി കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സ്വർണക്കടത്ത്‌ സംഘങ്ങളിലേക്കും‌ സിബിഐ അന്വേഷണം നീളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top