26 April Friday

രാമക്ഷേത്ര നിര്‍മ്മാണം: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

കോഴിക്കോട്> അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്ത്.
ഇത് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും  അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ മൃദു ഹിന്ദുത്വം പ്രയോഗിക്കുകയാണെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കമല്‍നാഥിനെയും ദിഗ് വിജയ് സിംഗിനെയും കോണ്‍ഗ്രസ് പുറത്താക്കണമെന്നും സുപ്രഭാതം  പറഞ്ഞു.

മുഖപ്രസംഗത്തിലെ പ്രസക്തഭാഗം:
""കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.

ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ നെറ്റിത്തടത്തില്‍ പതിപ്പിച്ച സുവര്‍ണ മുദ്രയായിരുന്നു ഇന്ത്യന്‍ മതേതരത്വം. ആ മുദ്രയാണിന്ന് അധികാര രാഷ്ട്രീയത്തിന്റെ മാധുര്യം നുണഞ്ഞിറക്കിയ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ മായ്ച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് ബാബരി മസ്ജിദ് നിന്ന സ്ഥലത്തു ക്ഷേത്രം പണിയുന്നതെന്ന കമല്‍നാഥിന്റെ പ്രസ്താവന എന്തുമാത്രം ബാലിശമാണ്.ഇന്ത്യയിലെ പതിനേഴ് കോടി മുസ്ലിംകളുടെ ഹൃദയങ്ങളെ കീറിമുറിച്ചാണ് ക്ഷേത്രത്തിനു തറയൊരുക്കുന്നതെന്ന് ഏതാനും സീറ്റുകള്‍ക്കു വേണ്ടി കമല്‍നാഥ് ഓര്‍ക്കാതെ പോയി.

ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡയെ തുറന്നുകാട്ടുന്നതിനു പകരം അവരോടൊപ്പം ചേര്‍ന്നുപോകുന്ന രാഷ്ട്രീയനയം സ്വീകരിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല?”-മുഖപ്രസംഗം ചോദിയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top