27 April Saturday

കോൺഗ്രസിൽ തർക്കം കത്തിപ്പടരുന്നു ; ഗെലോട്ടും സംഘവും എത്തും

പ്രത്യേക ലേഖകൻUpdated: Thursday Jan 21, 2021

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ്‌ മേൽനോട്ട സമിതി രൂപീകരിച്ചതിനെ ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘം വെള്ളിയാഴ്‌ച കേരളത്തിലെത്തും. കെപിസിസി ഭാരവാഹികളുമായും ഘടകകക്ഷികളുമായും സംഘം ചർച്ച നടത്തും. ശനിയാഴ്‌ച നടക്കുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിലും ഗെലോട്ട്‌ പങ്കെടുക്കും.

നിരീക്ഷക വേഷത്തിലെത്തുന്ന ഗെലോട്ട്‌ സംഘത്തിന്‌ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സമാഹരണം സംബന്ധിച്ച സുപ്രധാന ചുമതലയും‌ നൽകിയിട്ടുണ്ട്‌‌. ജി പരമേശ്വര, ലൂസിഞ്ഞോ ഫെലൊറ എന്നിവരും‌ സംഘത്തിലുണ്ട്‌‌. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട ഫണ്ട്‌ ദാരിദ്ര്യം പരിഹരിക്കുന്നതിൽ രാജസ്ഥാൻ മുഖ്യമന്ത്രിയെ ഉറ്റുനോക്കുകയാണ്‌ കെപിസിസി നേതൃത്വം.

ഉമ്മൻചാണ്ടി സമിതി നിയമനത്തിനെതിരെ ഐ ഗ്രൂപ്പ്‌ ക്യാമ്പ്‌ നിരീക്ഷക സംഘവുമായി വികാരം പങ്കുവച്ചേക്കും. രമേശ്‌ ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ ഇതിനുള്ള തയ്യാറെടുപ്പ്‌ തുടങ്ങിയിട്ടുണ്ട്‌. അതിന്‌ തടയിടാൻ എ ഗ്രൂപ്പും സജീവമാണ്‌. കെപിസിസി പ്രസിഡന്റ്‌ ആക്കണമെന്ന കെ സുധാകരന്റെ ആവശ്യവും എഐസിസിക്ക്‌ മുന്നിലുണ്ട്‌. കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും സുധാകരനെതിരെ ഒളിയമ്പുമായി രംഗത്തുണ്ട്‌.

തർക്കം രൂക്ഷമായാൽ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റാതെ തലയൂരും. മുല്ലപ്പള്ളിയെ നിയമസഭാ സ്ഥാനാർഥിയാക്കുന്നതിനോട്‌ എഐസിസിക്ക്‌ യോജിപ്പാണ്‌. അതിന്റെപേരിൽ ‌ മുല്ലപ്പള്ളിയെ ഒഴിവാക്കാമെന്നാണ്‌ അവരുടെ കണക്ക്കൂട്ടൽ. കെ മുരളീധരന്റെ നിലപാട്‌ ഇതിന്‌ തിരിച്ചടിയാണ്‌.

അതേസമയം രാജസ്ഥാനിൽ നേതൃമാറ്റ ഭീഷണി നേരിടുന്ന നേതാവാണ്‌ അശോക്‌ ഗെലോട്ട്‌. ഗെലോട്ട്‌ സർക്കാരിനെ മറിച്ചിടാൻ ഇപ്പോഴും ബിജെപി ശ്രമം തുടരുകയാണ്‌. ഇതിനിടെയാണ്‌ ഗെലോട്ടുമായി സച്ചിന്‍  പൈലറ്റ്‌ ഇടഞ്ഞുനിൽക്കുന്നത്‌.

രാഹുൽ ഗാന്ധി കോൺഗ്രസ്‌ നേതൃത്വത്തിലേക്ക്‌ വരണമെന്ന പക്ഷക്കാരനാണ്‌ ഗെലോട്ട്‌. സച്ചിന്‍  പൈലറ്റിന്റെ നീക്കങ്ങൾക്ക്‌ തടയിടാനാണ്‌ ഇത്‌.

ഡിസിസി പ്രസിഡന്റ്‌ മാറ്റം:  ഐ ഗ്രൂപ്പിൽ തർക്കം
എറണാകുളം ഡിസിസിയിൽ ഇരട്ടപദവിയുടെ പേരിൽ രൂക്ഷം. നിലവിൽ എംഎൽഎയായ ഡിസിസി പ്രസിഡന്റ്‌ മാറേണ്ടിവരുമെന്ന സൂചന ലഭിച്ചതോടെ ഐ ഗ്രൂപ്പിനുള്ളിൽ തർക്കം തുടങ്ങി.

ഡെപ്യൂട്ടി മേയറായിരിക്കെത്തന്നെ ടി ജെ വിനോദ്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നിരുന്നു. എംഎൽഎയായിട്ടും ഡിസിസി പ്രസിഡന്റ്‌ സ്ഥാനം വിടാത്തതിനെതിരെ ഐ ഗ്രൂപ്പിനുള്ളിൽത്തന്നെ എതിർപ്പുണ്ട്‌‌. പാലക്കാട്ട്‌‌ ഇരട്ടപദവിയെ തുടർന്ന്‌ ഡിസിസി പ്രസിഡന്റിനെ മാറ്റിയപോലെ ഇവിടെയും മാറ്റം വേണമെന്നാണ്‌ ആവശ്യം‌. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കഷ്‌ടിച്ചാണ്‌ കടന്നുകൂടിയതെന്നും കോർപറേഷൻ ഭരണം നഷ്‌ടമായത്‌ ഡിസിസിയുടെ കഴിവുകേടാണെന്നും‌ എ ഗ്രൂപ്പും  ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വാദിക്കുന്നു

ഇവിടെ ഇരട്ടപദവി ബാധകമല്ലെന്ന്‌ ഹൈബി ഈഡൻ എംപിയും വി ഡി സതീശൻ എംഎൽഎയും വാദിക്കുന്നുണ്ടെങ്കിലും ഇരട്ടപദവി ഒഴിയേണ്ടിവരുമെന്നാണ്‌ ഡിസിസിക്ക്‌ കേന്ദ്രനേതൃത്വം നൽകുന്ന സൂചന. ടി ജെ വിനോദ്‌ മാറേണ്ടിവന്നാൽ ഡിസിസി വൈസ്‌ പ്രസിഡന്റായ മുഹമ്മദ്‌ ഷിയാസിനെ നിയമിക്കണമെന്നാണ്‌ ഹൈബി ഈഡനും വി ഡി സതീശനും ആവശ്യപ്പെട്ടത്‌.

എൻ വേണുഗോപാലും മുൻ കെപിസിസി സെക്രട്ടറി അജയ് ‌തറയിലും തങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്‌. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ്‌ ഒഴിയണമെന്ന കാര്യത്തിൽ എ ഗ്രൂപ്പും കെ സി വേണുഗോപാൽ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും ഉറച്ചുനിൽക്കുന്നുണ്ട്‌.  .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top