27 April Saturday

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം: രോഷത്തോടെ സഹപ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കൊച്ചി > സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണത്തലവൻ അനീഷ്‌ പി രാജനെ നാഗ്‌പുരിലേക്ക്‌ സ്ഥലംമാറ്റിയതിൽ സഹപ്രവർത്തകർക്ക്‌ ആശങ്കയും രോഷവും. കൊച്ചി കസ്‌റ്റംസ്‌ കമീഷണറേറ്റിൽ അദ്ദേഹത്തിന്‌ നൽകിയ ഗംഭീര യാത്രയയപ്പ്‌ ഇതിന്‌ തെളിവായി. കസ്‌റ്റംസ്‌ പ്രിവന്റിവ്‌ വിഭാഗം ജോയിന്റ്‌ കമീഷണറും സ്വർണക്കടത്ത്‌ കേസന്വേഷണത്തിന്റെ മുഖ്യചുമതലക്കാരനുമായ അനീഷിനെ യാത്രയാക്കാൻ കൊച്ചി കമീഷണറേറ്റിലെ എല്ലാ ഉദ്യോഗസ്ഥരും എത്തി.

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിന്റെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചതിനുള്ള അഭിനന്ദനം അറിയിച്ചാണ്‌ സഹപ്രവർത്തകർ മധുരം നൽകി അദ്ദേഹത്തെ യാത്രയാക്കിയത്‌.  അനീഷിന്റെ അഭാവം കേസന്വേഷണത്തിന്റെ തുടർച്ചയെ ബാധിക്കുമെന്ന ആശങ്ക മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കിട്ടു. 

സ്വർണക്കടത്ത്‌  പിടിക്കുന്നതിൽ അനീഷ്‌ കാഴ്‌ചവച്ച ധൈര്യവും അർപ്പണ മനസ്‌കതയും ഉന്നത ഉദ്യോഗസ്ഥർ  പ്രത്യേകം എടുത്തുപറഞ്ഞു.  അന്വേഷണം ഏറെക്കുറെ  പൂർത്തിയായ ഘട്ടത്തിൽ അനീഷിനെ‌ സ്ഥലംമാറ്റിയത് അന്വേഷണത്തിന്റെ തുടർച്ചയെ  ബാധിക്കുമെന്ന ആശങ്ക അന്വേഷണസംഘത്തിലെ മറ്റുള്ളവർ പ്രകടിപ്പിച്ചു.   

അനീഷ്‌ രാജന്റെ സ്ഥലംമാറ്റം കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലും വൻ ചർച്ചയായി.  രോക്ഷം വാട്‌സാപ്‌‌ ഗ്രൂപ്പുകളിലും പ്രകടമായി‌. രാഷ്‌ട്രീയലാഭം ലക്ഷ്യമിടുന്നവരുടെ കളിപ്പാവയാണ്‌ ഉദ്യോഗസ്ഥരെന്നും അതിനെല്ലാം അധികൃതർ കൂട്ടുനിൽക്കുന്നത്‌ കസ്‌റ്റംസിനെ തകർക്കുമെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും അഭിപ്രായമുയർന്നു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെയും ബിജെപി നേതാവ്‌ കെ സുരേന്ദ്രനെയും പേരെടുത്ത്‌ വിമർശിക്കാനും ചില ഉദ്യോഗസ്ഥർ മടിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top