26 April Friday

അമിത‌്ഷായെ നേരിടാതെ ലീഗും കോൺഗ്രസും; മറുപടി നൽകി ഇടതുപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

മലപ്പുറം> മുസ്ലിംലീഗിന്റെ പച്ചക്കൊടി മറയാക്കി വയനാടിനെയും ഒരു ജനസമൂഹത്തെയാകെയും അവഹേളിക്കാനുള്ള ബിജെപി നീക്കത്തിൽ പ്രതികരിക്കാതെ ലീഗും കോൺഗ്രസും. അമിത‌് ഷായ‌്ക്കും കൂട്ടർക്കും മതനിരപേക്ഷ കേരളത്തിന്റെ  മറുപടി കൃത്യമായി നൽകി ഇടതുപക്ഷം പ്രതിരോധിക്കുമ്പോൾ കോൺഗ്രസ‌് ഒളിച്ചോടുകയാണ‌്. കോൺഗ്രസ‌് കൈവിട്ടതോടെ രാഷ‌്ട്രീയമായി പ്രതിരോധിക്കാനാകാതെ ലീഗിന്റെ നില പരുങ്ങലിലായി.

അണിയറയിലെ കോ–-ലീ–-ബി സഖ്യം സുഗമമാക്കാനാണ് കോൺഗ്രസും ലീഗും ബിജെപിയെ തുറന്നെതിർക്കാത്തതെന്നും ആക്ഷേപമുണ്ട‌്. എന്നാൽ, അമിത‌് ഷായ‌്ക്കും കൂട്ടർക്കും മുഖ്യമന്ത്രി  പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും നൽകിയ മറുപടി സമരകേര‌ളത്തിന്റെ ആത്മാഭിമാനം ഉയർത്തുന്നതായി. പശു ഭീകരതയുടെ പ്രത്യയശാസ‌്ത്രം ഏറ്റെടുത്തും അയോധ്യയിൽ പള്ളിപണിയുമെന്ന‌് പ്രഖ്യാപിച്ച‌ും മൃദുഹിന്ദുത്വത്തെ താലോലിക്കുന്ന കോൺഗ്രസിന‌് സംഘപരിവാറിനെ തുറന്നെതിർക്കാൻ താൽപ്പര്യമില്ല. എസ‌്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകൂടി ന്യൂനപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കുന്ന മുസ്ലിംലീഗാകട്ടെ അതിന്റെ പരിമിതിക്ക‌് മറയിടാൻ സംഘപരിവാറിനോട്‌ സൗഹാർദ മനോഭാവത്തിലാണുതാനും.

വയനാടിനെ അമിത‌് ഷായും ആദിത്യനാഥും അപമാനിച്ചപ്പോൾ ശക്തമായ വാക്കുകളിലാണ‌് കൽപ്പറ്റയിൽ മുഖ്യമന്ത്രി തിരിച്ചടിച്ചത‌്. ബ്രിട്ടീഷുകാർക്കെതിരെ ജീവൻ നൽകി പോരാടിയ വീര പഴശിയുടെ മണ്ണാണ് വയനാടന്ന‌് അദ്ദേഹം ഓർമിപ്പിച്ചു. സ്വന്തം പ്രസ്ഥാനം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തെങ്കിലല്ലേ ഇതൊക്കെ അറിയൂ എന്നും അമിത‌് ഷായെ അദ്ദേഹം പരിഹസിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിലെ  കർഷകർ നടത്തിയ 1921ലെ ഐതിഹാസിക പോരാട്ടത്തിന്റെ കേന്ദ്രഭൂമിയായ ഏറനാട്‌ വയനാട്‌ പാർലമെന്റ‌് മണ്ഡലത്തിലാണെന്ന‌് ഓർമിപ്പിക്കാനും ഇടതുപക്ഷ നേതാക്കളേ ഉണ്ടായുള്ളൂ.

കേരളത്തിൽ ഒരു പ്രദേശവും പാകിസ്ഥാനല്ലെന്നും അത്തരം പ്രചാരണം ഇടതുപക്ഷം അംഗീകരിക്കില്ലെന്നും തീർത്തുപറഞ്ഞാണ‌് കോടിയേരി അമിത‌്ഷായെ നേരിട്ടത‌്.  ബിജെപിയെ കടന്നാക്രമിച്ചാൽ വോട്ടുകച്ചവടത്തെ ബാധിക്കുമെന്ന ഭീതിയാണ‌് കോൺഗ്രസിന‌്. സംസ്ഥാനത്ത‌് പല മണ്ഡലങ്ങളിലും ബിജെപി വോട്ട‌് ലക്ഷ്യമിട്ടാണ‌് കോൺഗ്രസിന്റെ പ്രവർത്തനം. ഒരു സമൂഹത്തെയാകെ  കേന്ദ്ര ഭരണകക്ഷി ദേശവിരുദ്ധരായി ചിത്രീകരിച്ചിട്ടും ലീഗും കോൺഗ്രസും തക്ക മറുപടി പറയാത്തത‌് ഇരു പാർടികളിലെ അണികളിലും നിരാശ പടർത്തിയിട്ടുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top