02 May Thursday

അൽ ഖായ്ദ ഭീകരരുടെ അറസ്റ്റ്‌: എൻഐഎയ്‌‌ക്കൊപ്പം പൊലീസും എടിഎസും

പ്രത്യേക ലേഖകൻUpdated: Sunday Sep 20, 2020

കൊച്ചി > എൻഐഎയും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്‌) വെള്ളിയാഴ്‌ച രാത്രി പന്ത്രണ്ടിന്‌ ആരംഭിച്ച ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്‌ ശനിയാഴ്‌ച പുലർച്ചെ അഞ്ചോടെ. മുർഷിദിനെയും മുസറഫിനെയും  യാക്കൂബിനെയും കസ്‌റ്റഡിയിലെടുക്കാൻ എൻഐഎ കൊച്ചി യൂണിറ്റിന്‌ ഡൽഹിയിലെ ആസ്ഥാനത്തുനിന്ന്‌ നിർദേശം ലഭിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ ഇവരെ പിടികൂടാൻ സഹായിച്ചത്‌ എറണാകുളം റൂറൽ, സിറ്റി പൊലീസിന്റെ പഴുതടച്ച നീക്കം.

ഡൽഹിയിൽ സെപ്‌തംബർ 11നാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. അന്വേഷണ വിവരങ്ങൾ എൻഐഎ സംസ്ഥാന ഡിജിപിയെയും ധരിപ്പിച്ചു. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പ്രതികളെ നിരീക്ഷിക്കുകയായിരുന്നു.  വെള്ളിയാഴ്‌ച ഡൽഹിയിൽനിന്ന്‌ എത്തിയ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘവും കേരള പൊലീസിന്റെയും എടിഎസിന്റെയും ഉദ്യോഗസ്ഥരും കൂടിയാലോചിച്ച്‌ അർധരാത്രിയോടെ റെയ്‌ഡ്‌ നടത്താൻ തീരുമാനിച്ചു. 

ശനിയാഴ്ച പുലർച്ചെ ഒരേസമയം ഇവരുടെ താമസസ്ഥലം വളഞ്ഞു. ഒമ്പതംഗ സംഘം മുസാറഫ് ഹുസൈനെ മുടിക്കലിലെ വീട്ടിൽനിന്ന്‌ പിടികൂടി. യാക്കൂബ് ബിശ്വാസ് കണ്ടന്തറയിലുണ്ടെന്നായിരുന്നു ആദ്യ നിഗമനം.   പക്ഷെ അവിടെ കണ്ടെത്താനായില്ല. തുടർന്ന് ഇയാളുടെ സുഹൃത്തിന്റെ സഹായത്തോടെ പെരുമ്പാവൂരിലെത്തന്നെ മറ്റൊരു സ്ഥലത്തുനിന്നാണ്‌ പിടിച്ചത്‌.  പാതാളത്ത്‌ റെയ്‌ഡ്‌ നടത്തി മുർഷിദിനെയും കസ്‌റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top