26 April Friday

ഫോണുകൾ ഹാജരാക്കാൻ ദിലീപ് എന്തിന് ഭയക്കുന്നു: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


കൊച്ചി
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ ഹാജരാക്കാൻ ദിലീപ് ഭയക്കുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി. നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം. പൊലീസ് ആവശ്യപ്പെട്ട ഫോണുകൾ ഹാജരാക്കാൻ കഴിയുമോയെന്ന്‌ ആരാഞ്ഞ കോടതി, ഫോറൻസിക് പരിശോധനയ്‌ക്ക് പിന്നീട്‌ അയക്കാമെന്നും അഭിപ്രായപ്പെട്ടു. സൈബർ വിദഗ്‌ധന് അയച്ചിരിക്കുകയാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.

പരിശോധന എവിടെ വേണമെന്ന് പിന്നീട് തീരുമാനിക്കാം. സ്വകാര്യ ഫോറൻസിക് വിദഗ്ധന് ഫോണുകൾ അയച്ചത് പ്രതികൾക്കുതന്നെ ദോഷമാകും.  ബാലചന്ദ്രകുമാറുമായി സംഭാഷണം ഉള്ളതുകൊണ്ട് ഫോണുകൾ കൈമാറാനാകില്ലെന്ന് പ്രതിക്ക് പറയാനാകില്ല. അന്വേഷണം എങ്ങനെ മുന്നോട്ടുപോകണമെന്ന് കോടതിക്കും തീരുമാനിക്കാനാകില്ല. ഏത് ഫോറൻസിക് വിദഗ്ധൻ പരിശോധിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ല. കോടതിയെ വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമാണെന്നും കോടതി വ്യക്തമാക്കി.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സ്വന്തം ഫോൺ പരിശോധിച്ച് തെളിവുകൾ ഹാജരാക്കാമെന്ന ദിലീപിന്റെ നിലപാട് കേട്ടുകേൾവിയില്ലാത്തതാണ്. ദിലീപിന്റെ സ്വകാര്യതയെ മാനിക്കുന്നു. സ്വകാര്യവിവരങ്ങൾ പുറത്തുവിടില്ല –- പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
തങ്ങളുടെ വാദം കഴിഞ്ഞ്‌ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാമെന്ന് പ്രതിഭാഗം അറിയിച്ചു. ഫോൺ രജിസ്ട്രാർക്ക് സമർപ്പിച്ചുകൂടേ എന്ന കോടതി നിർദേശത്തെ ദിലീപ് എതിർത്തു. കേസ് ശനി പകൽ 11ന്‌ കേൾക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top