26 April Friday

വന്യജീവികളെ വെടിവയ്‌ക്കൽ തടസ്സം കേന്ദ്രനിയമം

വി എസ്‌ വിഷ്‌ണു പ്രസാദ്‌Updated: Monday May 22, 2023

തിരുവനന്തപുരം > കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളെ വെടിവച്ചുകൊല്ലാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ല. മനുഷ്യന്‌ ഉപദ്രവകരമാകുന്ന ജീവികളെ മയക്കുവെടിവച്ച്‌ ഉൾവനത്തിലോ, മറ്റ്‌ ആവാസവ്യവസ്ഥയിലേക്കോ മാറ്റാൻ മാത്രമേ സംസ്ഥാനത്തിന്‌ അധികാരമുള്ളൂ. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 1982ഉം 2022ഉം ഭേദഗതികളിലാണ്‌ ഇക്കാര്യം വിവരിക്കുന്നത്‌. വനത്തിനുള്ളിൽ കയറി ഒരു മൃഗത്തിനെയും വെടിവച്ചുകൊല്ലാൻ അധികാരമില്ല. മയക്കുവെടിവച്ച്‌ മാറ്റി പാർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ വെടിവച്ചുകൊല്ലാവൂ.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ നടത്തിപ്പ്‌ അവകാശം സംസ്ഥാനങ്ങളിലെ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനാണ്‌. മനുഷ്യന്‌ ഉപദ്രവകാരികളായ മൃഗങ്ങളെ ഒഴിവാക്കുന്നതിന്‌ സംസ്ഥാനത്തിന്‌ പരിമിതികളുണ്ട്‌. അതിൽ അവസാനത്തെ നടപടിയാണ്‌ മയക്കുവെടി. ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനും നിയമം നടപ്പാക്കുന്നതിൽ മാർഗനിർദേശങ്ങൾ പാലിച്ചിരിക്കണം. പുണെയിൽ ഏഴുപേരെ കടിച്ചുകൊന്ന നരഭോജി കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ട വൈൽഡ്‌ ലൈഫ്‌ വാർഡന്‌ ഏഴുവർഷമാണ്‌ ഹൈക്കോടതി ശിക്ഷ വിധിച്ചത്‌. ഈ കേസ്‌ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌.

വന്യജീവികളെ വേട്ടയാടുന്നത്‌ വർധിച്ചപ്പോഴാണ്‌ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നത്‌. ഈ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ വരുന്ന മൃഗങ്ങളാണ്‌ ആന, കടുവ, പുലി, കാട്ടുപോത്ത്‌ എന്നിവ. ഷെഡ്യൂൾ മൂന്നിൽ വരുന്ന കാട്ടുപന്നിയെ വെടിവയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക്‌ അനുമതി നൽകിയത്‌ കേരളത്തിന്റെ സമ്മർദ ഫലമായിട്ടാണ്‌. കാട്ടുപോത്തുകൾ കൂട്ടമായി സഞ്ചരിക്കുന്നവയാണ്‌. പ്രാണരക്ഷാർഥമാണ്‌ ഇവ ആക്രമിക്കുന്നത്‌. ഏത്‌ കാട്ടുപോത്താണ്‌ ആക്രമിച്ചത്‌ എന്ന്‌ തിരിച്ചറിയുക പ്രയാസമാണെന്ന്‌  വനംവകുപ്പ്‌ അധികൃതർ പറയുന്നു.

2016 മുതലുള്ള കണക്കെടുത്താൽ ഇതിനുമുമ്പ്‌ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മനുഷ്യന്‌ ജീവഹാനി സംഭവിച്ചത്‌  മറയൂർ വട്ടവടയിലും കണ്ണൂരിലുമാണ്‌. കാട്ടുപോത്ത്‌ കൃഷിനശിപ്പിച്ച കേസുകളും എട്ടെണ്ണം മാത്രമാണ്‌ കേരളത്തിൽ നിലവിലുള്ളത്‌. കടുവ, പുലി, കരടി, ആന, കാട്ടുപന്നി എന്നിവയാണ്‌ മനുഷ്യന്‌ ഏറെ ഭീഷണി ഉയർത്തുന്ന മൃഗങ്ങളുടെ പട്ടികയിലുള്ളത്‌.

രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമം

കോഴിക്കോട്‌ > കാട്ടുപോത്ത്‌ വിഷയത്തിൽ എരുമേലിയിൽ ചിലർ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുകയാണെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജനകീയ സമരങ്ങളെ വിമർശിക്കാറില്ല. മൃതദേഹം ഉപയോഗിച്ചുള്ള വിലപേശലിനെയാണ്‌ വിമർശിച്ചത്‌. മരിച്ചവരുടെ ബന്ധുക്കളെവരെ അവഹേളിക്കുന്നതാണിത്‌. ആരായാലും ഇതിൽനിന്ന്‌ പിന്മാറണം. ജനക്കൂട്ടത്തെവച്ച്‌ ചർച്ച നടത്താനാകില്ല. മൃതദേഹമുപയോഗിച്ചുള്ള സമരം കെസിബിസി നടത്തിയിട്ടില്ല എന്നാണ്‌ ബിഷപ്പ്‌ അറിയിച്ചത്‌. അവർക്ക്‌ പ്രകോപനപരമായ നിലപാടില്ല എന്നത്‌ വ്യക്തമാണ്‌.  കലക്ടറുടെ നടപടിയോട്‌ വനംവകുപ്പ്‌ വിയോജിച്ചിട്ടില്ല. സംഘർഷരഹിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ്‌ സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top