26 April Friday
കോവിഡ്‌ പ്രതിരോധം: ഡിവൈഎഫ്‌ഐ ഇടപെടൽ അഭിനന്ദനാർഹം

ആർഎസ്എസിന്റെ ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കൽ: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020


കോട്ടയം
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കുകയാണ്‌ ആർഎസ്എസിന്റെ ലക്ഷ്യമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം കോട്ടയത്ത്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ത്രിപുരയ്‌ക്കുശേഷം അടുത്ത ലക്ഷ്യം കേരളമാണെന്ന്‌ ആർഎസ്‌എസ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുള്ള ശ്രമമാണ്‌ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ നടത്തുന്നത്‌. മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുത്താൽ തീവ്രവാദ ബന്ധമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാം എന്നാണ് ഇഡി പറയുന്നത്. പ്രതികളെ പിടിക്കാനല്ല, സർക്കാരിനെതിരെ മൊഴിയുണ്ടാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. കേന്ദ്ര അന്വേഷണസംഘത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. അന്വേഷണത്തിൽ കോടതി നിരീക്ഷണം ആവശ്യമാണ്‌. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിൽ സമഗ്രാന്വേഷണം വേണം.

കെ സുരേന്ദ്രനും അന്വേഷണ ഏജൻസികളും തമ്മിലുള്ള ബന്ധവും അന്വേഷിക്കണം. ഇഡി ചെയ്യാൻ പോകുന്നത്‌ സുരേന്ദ്രൻ മുൻകൂട്ടി പറയുന്നു. ഇഡിയെ എൻഡിഎയുടെ സഖ്യകക്ഷിയായി കൊണ്ടുനടക്കുകയാണ്‌ ബിജെപി. സ്വർണ കടത്തുകേസിലെ യഥാർഥ പ്രതികൾ ഇപ്പോൾ ചിത്രത്തിലില്ല. ആദ്യഘട്ടത്തിൽ കേസിൽ ഉൾപ്പെട്ട ബിഎംഎസ് നേതാവും അനിൽ നമ്പ്യാരും അപ്രത്യക്ഷമായി. ആർഎസ്എസിന്റെ ഒളിപ്പോരാളിയായി ഇഡി മാറി. ഡിപ്ലോമാറ്റിക്‌ ബാഗിലല്ല സ്വർണം കടത്തിയതെന്നും അറ്റാഷേ നിരപരാധിയാണ്‌ എന്നുമുള്ള വാദങ്ങളിൽ വി മുരളീധരൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന്‌ വ്യക്തമാക്കണം. ജനാധിപത്യ പോരാട്ടത്തിൽ നേർക്കുനേർനിന്ന്‌ മത്സരിക്കാൻ ബിജെപി‌ക്ക്‌ ധൈര്യമില്ല. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേരുന്നു‌.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ  നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച്‌ ‘കേരളത്തിന്‌ കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ യുവജന പ്രതിരോധാഗ്‌നി സംഘടിപ്പിക്കും. 25ന് കൂത്തുപറമ്പ്‌ രക്തസാക്ഷി ദിനത്തിൽ മുഴുവൻ വാർഡ് കേന്ദ്രത്തിലും കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ പ്രതിഷേധമെന്നും എ എ റഹീം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ജെയ്‌ക്ക് സി തോമസ്‌,‌ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌,  സെക്രട്ടറി സജേഷ്‌ ശശി  എന്നിവർ പങ്കെടുത്തു.

കോവിഡ്‌ പ്രതിരോധം: ഡിവൈഎഫ്‌ഐ ഇടപെടൽ അഭിനന്ദനാർഹം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ ഇടപെടൽ ശ്രദ്ധേയമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹീം. സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ച 455 പേരുടെ മൃതദേഹം സംസ്‌കരിച്ചത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ്‌‌. വനിത വളണ്ടിയർമാരുൾപ്പെടെ ഇതിന്റെ ഭാഗമായി. രക്തദാനത്തിലൂടെയാണ്‌ ഡിവൈഎഫ്‌ഐ കോവിഡ്‌ പ്രതിരോധ പ്രവർത്തനം ആരംഭിച്ചത്‌. പ്ലാസ്‌മ ദാനത്തിലും സജീവമാണ്‌. സർക്കാരിന്റെ സന്നദ്ധം വളണ്ടിയർ സേനയുടെ ഭാഗമായി ആയിരക്കണക്കിന്‌ പ്രവർത്തകർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലും മറ്റും പ്രവർത്തിക്കുന്നു. 

നിരവധി ഡിവൈഎഫ്‌ഐ അംഗങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണ്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമ്പോഴും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ മുടക്കം വരില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top