26 April Friday

പ്രൊഫഷണല്‍ ബിരുദവും തൊഴില്‍ ലഭ്യതയും

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

 ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണസ്ഥാപനം സമീപകാലത്ത് നടത്തിയ പഠനം എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കിടയിലെ തൊഴിലുന്മുഖത (എംപ്ളോയ്ബിലിറ്റി)യുടെ വലിയതോതിലുള്ള കുറവിനെക്കുറിച്ചുള്ളകണക്കുകള്‍ വെളിപ്പെടുത്തി. 1,50,000 ലധികം അവസാന വര്‍ഷ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കിടയിലായിരുന്നു പഠനം. 7% പേര്‍ക്ക് മാത്രമേ അടിസ്ഥാന എന്‍ജിനീയറിങ് (കോര്‍ എന്‍ജിനിയറിങ്) ചുമതലകള്‍ നിര്‍വഹിക്കാനാവശ്യമായ പ്രാവീണ്യം ഉണ്ടായിരുന്നുള്ളൂ.

കേന്ദ്ര മാനവവിഭവമന്ത്രാലയ(എംഎച്ച്ആര്‍ഡി)ത്തിന്റെ കണക്കനുസരിച്ച് 6214 എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ്  ഇന്ത്യയിലുള്ളത്. പ്രതിവര്‍ഷം 2.9 ദശലക്ഷം കുട്ടികള്‍ ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുകയും 1.5 ദശലക്ഷം വിദ്യാര്‍ഥികള്‍ തൊഴില്‍ വിപണിയില്‍ എത്തിപ്പെടുകയും ചെയ്യുന്നുണ്ട്. നല്ലൊരു ശതമാനം കുട്ടികള്‍ പഠനം പൂര്‍ത്തീകരിക്കാതെ ക്യാമ്പസ് വിടുന്നു.
സമാനമായ കണക്കുകള്‍ തന്നെയാണ് മാനേജ്മെന്റ് പഠനരംഗത്തും ദൃശ്യമാകുന്നത്. 90% മാനേജ്മെന്റ് ബിരുദാനന്തര ബിരുദധാരികളും (എംബിഎ) തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യം നേടിക്കൊണ്ടല്ല പുറത്തുവരുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച്കൊണ്ട് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രാരംഭശമ്പളം 8000 നും 10000 നും ഇടയിലാണ്. 
ഒട്ടുമിക്ക പ്രൊഫഷണല്‍ വിഷയങ്ങളുടെയും സ്ഥിതി സമാനമാണ്. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നുവെങ്കിലും അവരവരുടെ മേഖലകളിലെ പുതിയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും മുന്നോട്ട് പോകാനുമുള്ള പ്രാവീണ്യം നമ്മുടെ കുട്ടികളില്‍ കരഗതമാകുന്നില്ല. ഉയര്‍ന്ന പഠനച്ചെലവും പഠനാന്തരം ലഭിക്കുന്ന കുറഞ്ഞ ശമ്പളവും സങ്കീര്‍ണമായ സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
തൊഴില്‍ വിപണിയും പ്രൊഫഷണല്‍ ഡെവലപ്മെന്റും
സമ്പദ്രംഗത്തുണ്ടാകുന്ന പുതിയ പ്രവണതകളും സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും തൊഴില്‍ വിപണിയില്‍ (എംപ്ളോയ്മെന്റ് മാര്‍ക്കറ്റ്) ധ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഈ മാറ്റങ്ങളുടെ സവിശേഷമായ ചില സ്വഭാവങ്ങള്‍ താഴെ കൊടുക്കുന്നു. 
1. ചില തൊഴിലുകള്‍ വളരെവേഗം അപ്രത്യക്ഷമാകും. 2. പുതിയ തൊഴിലുകള്‍ സമാന വേഗതയില്‍ ആവിര്‍ഭവിക്കും 3. ചില തൊഴിലുകള്‍ മികച്ച നിലയില്‍ ചെയ്യണമെങ്കില്‍ ഏറ്റവും പുതിയ അറിവുകള്‍ സ്വായത്തമാക്കേണ്ടിവരും ( ന്യൂ സ്കില്‍സ്)
തൊഴില്‍ വിപണിയുടെ ചലനാത്മകമായ ഈ സ്വഭാവരീതിയെ അഭിമുഖീകരിക്കാന്‍ തക്ക നിലയിലുള്ള വ്യക്തിത്വ വികസനം ഈ മേഖലയിലുള്ളവര്‍ രൂപപ്പെടുത്തണം. തൊഴില്‍ വിപണിയുമായി നിരന്തര സമ്പര്‍ക്കമുള്ള പഠനരീതികൊണ്ട് മാത്രമേ ഇത് സാധ്യമാവൂ.വ്യവസായത്തിനകത്തുള്ള ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Technological Institute inside the Indutsry) എന്ന യൂറോപ്യന്‍ സങ്കല്‍പ്പം വളരെ പ്രധാനപ്പെട്ടതാണ്.
വിഷയത്തിലുള്ള ആഴമേറിയ അറിവും അറിവിനെ തൊഴില്‍ രംഗത്ത് കാര്യക്ഷമതയോടെയും ഫലസിദ്ധി ഉണ്ടാക്കുന്ന നിലയിലും പ്രയോജനപ്പെടുത്താനുമുള്ള കഴിവാണ് പ്രൊഫഷണല്‍ ഡെവലപ്മെന്റ് ആര്‍ജ്ജിക്കുന്ന വ്യക്തികളുടെ സവിശേഷത. പഠനവേളയില്‍ ഇത്തരം ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 
തൊഴില്‍ വിപണിയെ ആകര്‍ഷിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയവര്‍ ആദ്യഘട്ടത്തില്‍തന്നെ തൊഴിലിനായി പരിഗണിക്കപ്പെടും. ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകര്‍ കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്ന കരിക്കുലം വ്യാവസായിക മേഖലയുമായുള്ള നിരന്തര ബന്ധം, വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതികളുടെ നടത്തിപ്പ് മുതലായവയെല്ലാമാണ് തൊഴില്‍ വിപണിയില്‍  സ്ഥാപനത്തിന്റെ ഗുണനിലവാരം അളക്കാനുള്ള മാനദണ്ഡം. 
പ്രൊഫഷണല്‍ ബിരുദം നേടിയ തൊഴില്‍രഹിതര്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി തൊഴില്‍ വിപണിയുടെ ആകര്‍ഷണവലയത്തിലെത്തിപ്പെടേണ്ടതുണ്ട്. 
തങ്ങളുടെ വിഷയത്തിലുള്ള അറിവിനെ നവീകരിക്കുക. ഇതിനായി ഓണ്‍ലൈന്‍ സൈറ്റുകള്‍ പ്രയോജനപ്പെടുത്തുക. 
1. പരമാവധി ദേശീയവും അന്തര്‍ദേശീയവുമായ സ്ഥാപനങ്ങളില്‍നിന്നുമുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തീകരിക്കുക. 
2. വ്യക്തിത്വ വികസന പരിപാടികളില്‍ പരമാവധി പങ്കെടുക്കുക.
3. ഫിനിഷിങ്് സ്കൂളുകളുടെ സേവനം പ്രയോജനപ്പെടുത്തുക.
ഇംഗ്ളീഷ് ഭാഷയിലുള്ള അറിവ് (എഴുതാനും, വായിക്കാനും, സംസാരിക്കാനും) യുദ്ധകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുക. 
4. ഉയര്‍ന്ന ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക. 
5. എത്രയും പെട്ടെന്ന് തൊഴില്‍ കണ്ടെത്തുക.(അത് എത്ര ചെറുതാണെങ്കിലും)
6.സര്‍ക്കാര്‍ മേഖലയിലും ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ട്. അവ  നേടിയെടുക്കുന്നതിനാവശ്യമായ മത്സരപരിക്ഷകള്‍ക്ക്  തയ്യാറെടുക്കുക. 
( ഇന്ത്യന്‍ എന്‍ജിനിയറിങ്് സര്‍വീസ് പരീക്ഷയെ സംബന്ധിച്ച് അടുത്ത ലക്കത്തില്‍ )
 
സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററിലെ സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ് ഓഫീസറുമാണ് ലേഖകന്‍. 0496 2615500
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top