27 April Saturday

ലാഭത്തിന്റെ ട്രാക്കില്‍ ട്രാക്കോ കേബിള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 10, 2020

കൊച്ചി
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ഇപ്പോൾ ഓടുന്നത് ലാഭത്തിന്റെ ട്രാക്കിൽ. നഷ്ടത്തിന്റെ കണക്കുകൾമാത്രം പറഞ്ഞിരുന്ന കമ്പനി കഴിഞ്ഞമാസം നേടിയത് 30 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം. പിണറായി വിജയൻ സർക്കാർ  നൽകിയ ഒമ്പത് കോടി രൂപയുടെ പിൻബലത്തിലാണ് ട്രാക്കോ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ബജറ്റിലൂടെ നൽകിയ അഞ്ച് കോടി രൂപകൊണ്ട് പുതിയ യന്ത്രങ്ങൾ വാങ്ങി ഉൽപ്പാദനക്ഷമത വർധിപ്പിച്ചു. പ്രവർത്തന മൂലധനമായി നൽകിയ നാല് കോടി രൂപകൊണ്ട് അസംസ്കൃതവസ്തുക്കളും മറ്റും കൂടുതൽ വാങ്ങി ഉൽപ്പാദനവും കൂട്ടി. വൻ തകർച്ചയിൽനിന്ന് കരകയറ്റിയ എൽഡിഎഫ് സർക്കാരിന്റെ ഈ സഹായം  ട്രാക്കോ കേബിളിലെ 500 തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്. ഈവർഷം 94 കോടി രൂപയുടെ അധിക വിൽപ്പനയോടെ 250 കോടി രൂപയുടെ വിറ്റുവരവ് നേടാമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനിയെന്ന് ട്രാക്കോ കേബിളിന്റെ മാനേജിങ് ഡയക്ടർ പ്രസാദ് മാത്യു പറഞ്ഞു.
 
കെഎസ്ഇബിയുടെ പുതിയ ഓർഡർ
പ്രവർത്തനമികവിന് അം​ഗീകാരമായി ഇപ്പോൾ  കെഎസ്ഇബിയിൽനിന്ന് 143 കോടി രൂപയുടെ പുതിയ ഓർഡറും ട്രാക്കോ കേബിളിനെ തേടി എത്തിയിരിക്കുന്നു. വൈദ്യുതി വിതരണത്തിന് ഉപയോഗിക്കുന്ന ലോ ടെൻഷൻ എസിഎസ്ആർ റാബിറ്റ് കണ്ടക്‌ടർ (അലൂമിനിയം കമ്പി) നിർമിച്ച് നൽകുന്നതിനാണ് ഓർഡർ. ഇതോടെ കമ്പനിക്ക് ഈവർഷം മൊത്തം 334 കോടിയുടെ ഓർ‌ഡറായി. രാജസ്ഥാൻ, കർണാടകം, പഞ്ചാബ് തുടങ്ങിയ സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡുകൾക്കും കമ്പനി  കേബിളുകളും കണ്ടക്ടറുകളും നൽകുന്നുണ്ട്.

കോവിഡ് കാലത്തും റെക്കോഡ് വിൽപ്പന
ട്രാക്കോ കേബിളിന് കണ്ണൂരിലെ പിണറായി, എറണാകുളത്തെ ഇരുമ്പനം, തിരുവല്ലയിലെ ചുമത്തറ എന്നിവിടങ്ങളിലാണ് നിർമാണ യൂണിറ്റുകളുള്ളത്. സർക്കാർ സഹായത്തോടെ ഇരുമ്പനം, തിരുവല്ല യൂണിറ്റുകളുടെ  ഉൽപ്പാദനക്ഷമത 4500 മെട്രിക് ടണ്ണിൽനിന്ന്‌ 9000 മെട്രിക് ടണ്ണായി  ഉയർത്തി.

പിണറായി യൂണിറ്റിൽ ഉന്നത ഗുണനിലവാരമുള്ള വീട് വയറിങ് കേബിളുകളാണ് ഉൽപ്പാദിപ്പിക്കുന്നത്.  കോവിഡ് പ്രതിസന്ധിക്കിടയിലും ഇവർ റെക്കോഡ് വിൽപ്പന നേടി. ഒക്ടോബറിൽ 1.75 കോടി രൂപയുടെ കേബിളുകൾ വിറ്റുപോയി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13.44 കോടി രൂപയായിരുന്നു വിറ്റുവരവ്‌.  ഇപ്പോൾ എല്ലാ ജില്ലകളിലും ഡീലർമാരെയും നിയമിച്ചു. ട്രാക്കോ കേബിളുകളുടെ ഉൽപ്പാദനത്തിന്  ഹിന്ദുസ്ഥാൻ കോപ്പർ, നാഷണൽ അലൂമിനിയം കമ്പനി (നാൽകോ) തുടങ്ങിയ മുൻനിര ഉൽപ്പാദകരുടെ ചെമ്പും അലൂമിനിയവും ഉപയോ​ഗിക്കുന്നതിനാലാണ്  ​ഉന്നത ഗുണമേന്മ ഉറപ്പു നൽകാനാകുന്നതെന്ന് എംഡി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top