27 April Saturday

കെഎംഎംഎൽ വളർച്ചയുടെ പടവില്‍; പുതിയ പിഗ‌്മെന്റ്‌ വിപണിയിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Feb 25, 2019
ചവറ
വികസനക്കുതിപ്പിന്റെ 1000ദിനം പൂർത്തിയാക്കുന്ന എൽഡിഎഫ‌് സർക്കാരിന്റെ വ്യവസായ മേഖലയിലെ നേട്ടങ്ങളുടെ കരുത്തില്‍ ചവറ കെഎംഎംഎൽ വളർച്ചയുടെ പടവുകൾ താണ്ടുന്നു.  സാമ്പത്തിക വളർച്ചയ്ക്കൊപ്പം പുതിയ വികസന പദ്ധതികളും ഉൽപ്പന്നങ്ങളുടെ കാലാനുസൃത നവീകരണത്തിലും മുന്നേറ്റമുണ്ടാക്കി ആധുനിക വിപണിക്കിണങ്ങുംവിധം നവീന പിഗ‌്മെന്റ‌്   ഇനങ്ങൾ കമ്പനി വിപണിയിലിറക്കുന്നു. കെമോക്സ് ആർസി 829 (യൂണിവേഴ‌്സൽ ഗ്രേഡും), കെ മോക്സ് ആർസി 800 പിജി പ്ലസ് എന്നീ ബ്രാന്റുകളിലുള്ള രണ്ട് നവീന ഉൽപ്പന്നങ്ങളാണ്  വിപണിയിലിറക്കുന്നത്. ഇതിന്റെ വിപണനോദ്ഘാടനം  മന്ത്രി ഇ പി ജയരാജൻ തിങ്കളാഴ്ച പകൽ മൂന്നിന് കമ്പനി അങ്കണത്തിൽ  നിർവഹിക്കും. മാറുന്ന വിപണിക്ക‌് അനുസൃതമായി പുതിയ ഗ്രേഡ് പിഗ‌്മെന്റുകള്‍  വികസിപ്പിക്കുന്നതിലും നിലവിലുളള ഗ്രേഡുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമഫലമായിട്ടാണ് ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനായതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ കെ രാഘവൻ പറഞ്ഞു. 
 
കഴിഞ്ഞ രണ്ടു വർഷത്തെ ഗവേഷണ, പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഈ ഉൽപ്പന്നങ്ങൾ ഈടും ദൃഢതയും സവിശേഷതകൊണ്ടും ഏറെ സ്വീകാര്യമാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി മാനേജ്മെന്റ്. അകംപുറം ഉപയോഗങ്ങൾക്കും അലങ്കാര സംരക്ഷണ പെയിന്റിങ്ങുകൾക്കും ഓട്ടോമോട്ടീവ് ഉപയോഗങ്ങൾക്കുമാണ് കെമോക്സ് ആർ സി 829. എന്നാൽ, പ്ലാസ്റ്റിക് ഗ്രേഡ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഈടും ഉറപ്പും ലഭിക്കുന്ന 30 ശതമാനം അധികം പിഗ‌്മെന്റ‌്  സാന്ദ്രതയുള്ള ബ്രാൻഡാണ് കെമോക്സ് ആർസി 800 പിജി പ്ലസ്. ഉൽപ്പന്ന നിർമാണ പ്രക്രിയയിലും ഘടനയിലും വരുത്തിയ മാറ്റങ്ങളാണ് നിർമാണ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചത്. ഈ രണ്ട് ഉല്‍പ്പന്നങ്ങൾക്കും പേറ്റന്റ് എടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആർസി 822, ആർസി 808, ആർസി 813, ആർസി 800 പ്ലാസ്റ്റിക് ഗ്രേഡ്, പ്ലാസ്റ്റിക് ഗ്രേഡ് പ്ലസ്, ആർസി 820, 818, ആർ സി 829 , ആർസി 822 പ്ലസ്, നാനോ പിഗ‌്മെന്റ‌്  തുടങ്ങിയ ബ്രാൻഡുകളാണ് നിലവിൽ കമ്പനി മാർക്കറ്റിൽ നൽകുന്നത്. ഇതിൽ 500 കിലോ തൂക്കം വരുന്ന ആർസി 822 ജംബോ ബാഗ് ഏഷ്യൻ പെയിന്റ്സാണ് കൂടുതലായി ഉപയോഗിക്കുന്നത്. പുതിയ ബ്രാൻഡുകൾ കൂടി കമ്പനി വിപണിയിൽ ഇറക്കുന്നതോടെ മികച്ച വിപണനം നടത്തി മുന്നേറാൻ കമ്പനിക്ക് കഴിയും. കൂടാതെ പുതിയ വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കാലപ്പഴക്കം കാരണം ഉൽപ്പാദനശേഷി കുറഞ്ഞ ഓക്സിജൻ പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. 
 
ആധുനിക രീതിയിലുള്ള ഓക്സിജൻ പ്ലാന്റ‌് പൂർത്തിയാകുന്നതോടെ ഓക്സിജൻ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കമ്പനിക്ക് കഴിയും. 12 കോടി രൂപ ചെലവിൽ  ആധുനിക രീതിയിലുള്ള നിയന്ത്രണ സംവിധാനമായ ഡിസ്ട്രിബ്യൂട്ടേഴ്സ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുന്നു. ഓക്സിഡേഷൻ പ്ലാന്റിന്റെയും ക്ലോറിനേഷൻ പ്ലാന്റിന്റെയും നിയന്ത്രണ സംവിധാനമാണിത്. എൽപിജിയെക്കാൾ സുരക്ഷിതവും പരിസ്ഥിതി സൗഹാർദവുമായ എൽഎൻജി പദ്ധതിക്ക് രൂപം നൽകി. കമ്പനിയുടെ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കും. നിലവിലെ ടിക്കിൾ പ്രീ ഹീറ്ററുകളുടെ ശേഷി കുറവായതിനാൽ പുതിയ സാങ്കേതിക വിദ്യയിലുള്ള ഹീറ്ററുകളും കമ്പനിയിൽ സ്ഥാപിക്കും. കമ്പനിയിലെ അഗ്നിശമന സംവിധാനവും ആധുനിക രീതിയിലാക്കാനും ഇന്ധനവും രാസവസ്തുക്കളും കമ്പനിയിലേക്ക് സുഗമമായി എത്തിയ്ക്കാനും ചവറയിൽ നിർമിക്കുന്ന ബോട്ട് ജെട്ടിയിൽനിന്ന‌് കമ്പനിയിലേക്ക് പൈപ്പ് ലൈൻ പദ്ധതി നിർമാണവും ആരംഭിച്ചതായി എംഡി പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ കമ്പനിയുടെ പിഗ‌്മെന്റ‌്  ഉൽപ്പാദനം പ്രതിമാസ സ്ഥാപിത ശേഷിയ 3333 മെട്രിക് ടൺ മറികടന്ന് 3346 മെട്രിക് ടൺ ഉൽപ്പാദിപ്പിച്ചത് ഈ സാമ്പത്തിക വർഷത്തെ മികച്ച റെക്കോഡാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top