26 April Friday

'സോങ് ഓഫ് ആന്‍ ഇന്ത്യന്‍ കുക്കു'വുമായി ജോര്‍ജച്ചന്‍

സിബി ജോര്‍ജ്Updated: Friday Jun 21, 2019

കോട്ടയം > കച്ചേരി നടത്തിയും പാട്ടുകള്‍ക്ക് ഈണം പകര്‍ന്നും തിളങ്ങുന്ന എം പി ജോര്‍ജിന്റെ സംഗീതസപര്യ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടു. സുറിയാനി സംഗീതത്തെ മലയാളിക്ക് പരിചയപ്പെടുത്തുക കൂടി ചെയ്ത ജോര്‍ജച്ചന്റെ മറ്റൊരു സംഗീതസ്വപ്‌നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണ്.

 'സോങ് ഓഫ് ആന്‍ ഇന്ത്യന്‍ കുക്കു' എന്ന പേരില്‍ സിംഫണി സംഗീതം പരിചയപ്പെടുത്തുന്ന തന്റെ ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുകയാണദ്ദേഹം. യേശുക്രിസ്തുവിന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതമാണ് സിംഫണിയായി ചിട്ടപ്പെടുത്തിയത്. അടുത്തിടെ മാര്‍പാപ്പക്കും അദ്ദേഹം തന്റെ ഗ്രന്ഥം സമ്മാനിച്ചു. സംഗീത സമ്രാട്ട് ബിഥോവന്റെ കബറിടത്തിലെത്തിയും  പുസ്തകം സമര്‍പ്പിച്ചു.

 ഒരുവര്‍ഷം കൊണ്ടാണ് 'സിംഫണി'  കംപോസ് ചെയ്തത്. കോട്ടയം പഴയ സെമിനാരിയില്‍ 1978-82 കാലത്തെ വൈദികപഠനത്തിനിടെയാണ് എം പി ജോര്‍ജിന്റെ സംഗീതവാസനക്ക് തുടക്കമാകുന്നത്. സുറിയാനിയിലുള്ള പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചായിരുന്നു തുടക്കം.  സുറിയാനി  സംഗീതത്തിന്റെ ശാസ്ത്രീയഭാഗം പഠിക്കാനും താല്‍പ്പര്യമുണര്‍ന്നു. 

ഇതിനു സഹായിച്ചതാകട്ടെ അന്നത്തെ സെമിനാരി പ്രിന്‍സിപ്പലും എഴുത്തുകാരനും ചിന്തകനുമായ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്താ.  അദ്ദേഹത്തിന്റെ പ്രേരണയില്‍ ആദ്യം കലാഭവനിലും പിന്നീട് കോട്ടയം കലാക്ഷേത്രയിലും കര്‍ണാടകസംഗീതം പഠിക്കാന്‍ ആരംഭിച്ചു.  84ലെ നവരാത്രി മഹോത്സവത്തില്‍ കലാക്ഷേത്രയില്‍ തന്നെയായിരുന്നു അരങ്ങേറ്റം.

അതേവര്‍ഷം  റഷ്യന്‍ സംഗീതം പഠിക്കാന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സംഗീത അക്കാദമിയില്‍ ചേര്‍ന്നു. പിന്നീട് ഇംഗ്ലണ്ടിലും സംഗീത പഠനം. 88ല്‍ മടങ്ങിയെത്തിയപ്പോള്‍ പഴയ സെമിനാരിയില്‍ ഗായകസംഘം രൂപീകരിച്ചു. സെന്റ്‌തോമസ് കൊയര്‍ എന്ന ആദ്യരൂപം 'സുമോറോ' (സുറിയാനിയില്‍ കോറസ് എന്നര്‍ഥം) എന്ന പേരിലേക്ക്മാറ്റി.  1989 ജനുവരി ഒമ്പതിന് ജോര്‍ജച്ചന്റെ ജീവിതത്തില്‍ രണ്ടുകാര്യങ്ങള്‍ സംഭവിച്ചു. 

പഴയ സെമിനാരിയില്‍ സംഗീതപഠനത്തിനായി  'ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്' എന്ന സ്ഥാപനം തുടങ്ങിയതും അച്ചന്റെ വിവാഹവും അന്നായിരുന്നു. ക്രിസ്തീയ പ്രാര്‍ഥനാഗീതങ്ങളും കീര്‍ത്തനങ്ങളും ശാസ്ത്രീയ സംഗീതത്തിന്റെ ഈണം പകര്‍ന്ന് അവതരിപ്പിച്ചതിലൂടെ ജോര്‍ജ് അച്ചന്റെ പേരും പെരുമയും വര്‍ധിച്ചു. തിരുവാര്‍പ്പ് ക്ഷേത്രത്തിലടക്കം  പാടിയ അദ്ദേഹം നിരവധി പള്ളികളിലും പൊതുവേദികളിലും  കച്ചേരി അവതരിപ്പിക്കുന്നുണ്ട്.

 ഇതിനിടെ സുറിയാനി സംഗീതത്തില്‍ ഡോക്ടറേറ്റും നേടി. പുത്തനങ്ങാടി സെന്റ്‌തോമസ് സ്‌കൂളിലെ മുന്‍ അധ്യാപിക സൂസിയാണ് ഭാര്യ. ജര്‍മനിയില്‍ എന്‍ജിനിയറായ പോള്‍ ജോര്‍ജ്, മംഗളം എന്‍ജിനിയറിങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനി സൈറ എന്നിവര്‍ മക്കള്‍.
  
ലോകസംഗീത ദിനം പ്രമാണിച്ച് വെള്ളിയാഴ്ച സിഎംഎസ് കോളേജില്‍ ആത്മ ഒരുക്കുന്ന സിംഫണിയില്‍ മ്യൂസിക്കല്‍ ഫ്യൂഷനുമായി ജോര്‍ജച്ചന്‍ സംഗീതപ്രേമികള്‍ക്ക് ആവേശമാകും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top