27 April Saturday
ഇന്ന് ലോക സംഗീത ദിനം

ആദിത്യന്‍... സംഗീതം ബാക്കി വച്ച ജീവിതം

സി ജെ ഹരികുമാര്‍Updated: Sunday Jun 24, 2018

പത്തനംതിട്ട > 'യുദ്ധം കഴിഞ്ഞു കബന്ധങ്ങളുന്മാദ
നൃത്തം ചവിട്ടിക്കുഴച്ചു രണാങ്കണം'

മേല്‍ക്കുമേല്‍ ആറേഴ് കസേരകള്‍ ഉയര്‍ത്തിവച്ച് നിറഞ്ഞ സദസിനെ നോക്കി കൊച്ചുബാലന്‍ വൃത്തിയായി കവിത ചൊല്ലുകയാണ്‌.

സദസിലെ ഓരോ മുഖങ്ങളിലും ഭാവപകര്‍ച്ചകള്‍. കവിത ചൊല്ലല്‍ കഴിഞ്ഞതോടെ  ചലചിത്രഗാനങ്ങളിലേക്കും അയ്യപ്പഭക്തി ഗാനത്തിലേക്കുമായി ഗാനാലാപനം നീണ്ടു. കാഴ്ചയില്‍ മൂന്നോ നാലോ വയസ് തോന്നിക്കുന്ന ബാലന്‍ കടമ്പനാട് ഏഴാം മൈല്‍ രജനിഭവനില്‍ സുരേഷിന്റെയും രജനിയുടെയും മകനാണ്.  പേര്  ആദിത്യന്‍. വയസ് 11. ജന്മനാ അപൂര്‍വരോഗമവുമായി പിറന്ന കുരുന്ന് ഇന്ന് യൂട്യൂബിലും സോഷ്യല്‍ മീഡിയയിലെയും താരമാണ്.

സംഗീതത്തിലെ  അത്ഭുതാവഹമായ കഴിവാണ് ഇന്ന് ആദിത്യനെ പ്രശസ്തനാക്കുന്നത്. നിരവധി വേദികളിലും നിറഞ്ഞ സദസുകളിലും പാടി കഴിവ് തെളിയിച്ച ആദിത്യന്‍ തന്റെ രോഗാവസ്ഥയും വൈകല്യങ്ങളും സംഗീതമെന്ന മാധ്യമത്തിലൂടെ മറികടക്കുന്നു.

ശരീരത്തിലെ അസ്ഥികള്‍ പൊടിയുന്ന 'ഓസ്റ്റിയോ ജെനിസിസ് ഇംപെര്‍ഫക്ട്' എന്ന അപൂര്‍വ രോഗമാണ് ആദിത്യന്. ശരീരത്തില്‍ അല്‍പ്പം ശക്തിയായി പിടിച്ചാലോ, തട്ടിയാലോ അസ്ഥികള്‍ പൊട്ടുന്നതാണ് രോഗത്തിന്റെ പ്രത്യേകത. എഴുന്നേറ്റ് നടക്കാനാവില്ല. അതിനാല്‍ വളരെ സൂക്ഷ്മതയോടെ വേണം ആദിത്യനെ പരിപാലിക്കാനെന്നതാണ് പ്രശ്‌നം. എന്നാലും പലവട്ടം കൈതട്ടി അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ടെന്ന് അമ്മ രജനി പറയുന്നു.

ഇത് മൂലം സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ കസേരയിലാണ് ആദിത്യന്‍ ഇരിക്കുന്നത്. ശാസ്താംനട ഓണവിള യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യന്‍. സ്‌കൂളില്‍ ആദിത്യന് രാവിലെ മുതല്‍ വൈകിട്ട് വരെ അമ്മ രജനിയും കൂട്ടിരിക്കും. ഒന്നാം ക്ലാസ് മുതല്‍ സ്‌കൂളില്‍ പോയിരുന്നെങ്കിലും അഞ്ച് മുതലാണ് സ്ഥിരമായി ക്ലാസില്‍ പോയതെന്ന് രജനി പറയുന്നു.

ടിവിയില്‍ പാട്ടുകള്‍ കേട്ടാണ് ആദിത്യന്‍ പാടാന്‍ ആരംഭിച്ചത്. വേദികളില്‍ പാടുന്ന  പാട്ടുകള്‍ എല്ലാം യൂട്യൂബില്‍ നിന്നും മറ്റും കേട്ട് പഠിച്ചതാണ്. കവിതകളോടാണ് ഇഷ്ടം കൂടുതല്‍. ആധുനിക സജ്ജീകരണങ്ങളില്ലാത്ത ആശുപത്രിയിലായിരുന്നു രജനി ആദിത്യനെ പ്രസവിച്ചത്. ബലൂണില്‍ വെള്ളം നിറച്ചപോലെയായിരുന്ന തല. ശോഷിച്ച ശരീരം. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ ചികിത്സയ്ക്കായി നെട്ടോട്ടമായിരുന്നു. കേട്ട് പരിചയമില്ലാതെ രോഗവിവരവുമായി കാണാത്ത ഡോക്ടര്‍മാരില്ല. ഹോമിയോ ചികിത്സയലൂടെയാണ് അസുഖം അല്‍പ്പം ഭേദപ്പെട്ടത്. കുഞ്ഞ് പതിയെ തല പൊക്കാനും, എഴുന്നേറ്റ് ഇരിക്കാനും തുടങ്ങി.

ഇപ്പോള്‍ രണ്ട് വര്‍ഷമായി ചങ്ങനാശ്ശേരിയിലെ ചികിത്സയാണ്. ഇത് തുടങ്ങിയ ശേഷം അസ്ഥികള്‍ പൊട്ടുന്ന അവസ്ഥ ഉണ്ടായിട്ടില്ല രജനി പറഞ്ഞു. അസ്ഥികള്‍ പൊടിഞ്ഞാല്‍ പിന്നീട് ആ ഭാഗത്ത് വളര്‍ച്ചയില്ലാത്തതാണ് പ്രധാന പ്രശ്‌നം. പതിനഞ്ച് വയസാകുമ്പോള്‍ മേജര്‍ സര്‍ജറി നടത്തിയാല്‍ ആദിത്യന് നടക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ ഇതൊന്നും തടസമാക്കാതെ സംഗീത ലോകത്ത് മുന്നേറുകയാണ് ആദിത്യന്റെ ഇപ്പോഴത്തെ ശ്രമം. ഇതിനായി ശാസ്ത്രീയസംഗീത പഠനവും ആരംഭിച്ചിട്ടുണ്ട്. നെടിയവിള പുരന്ദരദാസ് സംഗീതവിദ്യാലയത്തിലെ ശോഭനടീച്ചറാണ് ഗുരു. കഴിഞ്ഞ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കവിതാപാരായണത്തിലും സംസ്‌കൃത പദ്യം ചൊല്ലലിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

പത്തനംതിട്ടയിലും പുറത്തും നിരവധി വേദികളില്‍ തുടര്‍ച്ചയായി പാടാന്‍ അവസരം കിട്ടാറുമുണ്ട്. സ്വകാര്യചാനലുകളിലെ സംഗീത കോമഡി പരിപാടികളില്‍ പങ്കെടുത്തതോടെ വിദേശത്തും പരിപാടികള്‍ക്കായി ക്ഷണം ലഭിക്കുന്നുണ്ട്. കൊച്ചിന്‍ കലാഭവനോടൊപ്പം ലണ്ടനില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്്. ആദിത്യന് സംരക്ഷണമൊരുക്കി ജേഷ്‌ഠന്‍ അശ്വിനാണ് കൂട്ട്.  

ആദിത്യന്റെ പാട്ട്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top