02 May Thursday

'ഹലോ ഡോക്ടര്‍': നാഗവല്ലി മുതല്‍ നോവലിസ്റ്റ് വരെ

ഡോ. വിശ്വനാഥന്‍Updated: Thursday Jan 12, 2017
രോഗവിവരങ്ങളുമായി ഡോക്ടറെ ഫോണില്‍ വിളിക്കുന്ന രോഗികള്‍ പലതരക്കാരാണ്. വിളികളിലെ വ്യത്യസ്തതകളിലൂടെ ഇവരെ തരംതിരിച്ച് ഡോ. വിശ്വനാഥന്‍ എഴുതുന്നു.
 
പണ്ട് മുതല്‍ തന്നെ രോഗികള്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുക്കും. കാരണം മറ്റൊന്നുമല്ല. ഇടക്കൊക്കെ വിളിച്ചു ശല്യപ്പെടുത്തിയാലും എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ സൂചി കൊണ്ട് എടുക്കാവുന്ന പാകത്തില്‍ കിട്ടുന്നതാണ് തൂമ്പ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് എന്ന് കരുതിയാണ്. ചിലരൊക്കെ ചോദിക്കുമ്പോള്‍ കൊടുക്കും. ഓപ്പറേഷന്‍ ചെയ്തവര്‍ക്ക് എന്തായാലും കൊടുക്കും. എന്ത് പ്രശ്നം ഉണ്ടെങ്കിലും ഉടനെ വിളിക്കണം എന്ന് പറയും.

സത്യത്തില്‍ ഈ വക വിചിത്രമായ ആചാരങ്ങള്‍ നമ്മുടെ നാട്ടില്‍ മാത്രമേ ഉള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. വലിയ വലിയ പരിഷ്കൃത രാജ്യങ്ങളില്‍ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ ഒന്ന് കാണുവാന്‍ തന്നെ പ്രയാസം. ആശുപത്രി വിട്ടാല്‍ പിന്നെ ഇവറ്റകളെ കാണാനേ കഴിയില്ല. എന്ത് പ്രശ്നം ഉണ്ടെങ്കിലും റെഫെറന്‍സ് വേണം. അല്ലാതെ നമ്മുടെ നാട്ടിലെ പോലെ രാവിലെ ഒരു ആശുപത്രിയില്‍ കയറി ഇഷ്ടമുള്ള ഡോക്ടര്‍മാരെയും കണ്ടു ഇഷ്ടമുള്ള പരിശോധനകളും നടത്തി വൈകുന്നേരം ഒരു ഡോക്ടറെ  ചീത്തയും വിളിച്ചു വീട്ടില്‍ പോകാന്‍ കഴിയില്ല.

എന്തായാലും പത്തിരുപതു കൊല്ലത്തെ ഫോണിലുള്ള സമ്പര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ തരം തിരിച്ചു ഒരു പുതിയ പഠനം രൂപീകരിച്ചിട്ടുണ്ട്. ഉടനെ തന്നെ ലാന്‍സറ്റില്‍ പബ്ലിഷ് ചെയ്യാനാണ് പ്ലാന്‍. ഇവിടെ തല്‍കാലം ഒരു രത്നചുരുക്കം.

1.പ്രേം നസീര്‍- 
സത്യത്തില്‍ എഴുപത്തഞ്ചു ശതമാനം രോഗികളും ഈ ഗണത്തില്‍ പെടും. നല്ല തങ്കമാന സ്വഭാവം. നമ്മുടെ നസീര്‍ സാറിനെ പോലെ. “ഡോക്ടര്‍ വിളിച്ചതില്‍ ക്ഷമിക്കുക. ബുദ്ധിമുട്ടിച്ചോ?” ഇങ്ങനെ ഒക്കെ ആണ് സംസാരം. കാര്യങ്ങള്‍ മാത്രം പറയും. പെട്ടെന്ന് വയ്ക്കും.

2. നാഗവല്ലി- വിളിക്കും. എടുത്തില്ലെങ്കില്‍ പിന്നെയും വിളിക്കും. വിളിച്ചു കൊണ്ടേയിരിക്കും. ഒപിയിലോ തീയെറ്ററിലോ വല്ലതും ചെയ്യുമ്പോള്‍ ആണ്  വിളി.
എങ്കില്‍ എടുക്കില്ല. വീണ്ടും വിളിക്കും. അവസാനം വാശി ആവും. “ഇങ്ങനെ വിളിച്ചാല്‍ എടുക്കില്ല ഞാന്‍.” ഞാന്‍ കരുതും. അപ്പുറത്ത്, “വിട മാട്ടെന്‍, നിന്നെ ഞാന്‍ എടുപ്പിക്കുമെടാ, മോനെ ഡോക്റ്ററെ.” അങ്ങനെ.

3. ഇരുട്ടിന്റെ ആത്മാവ്-
ഇവര്‍ രാത്രി മാത്രമേ വിളിക്കുകയുള്ളൂ. രാത്രി ഒരു മണിക്ക് ഞെട്ടി എഴുന്നേല്‍ക്കുന്ന നമ്മളോട് ഇവര്‍ ചോദിക്കും, “നാളെ ഡോക്ടര്‍ കാണുമല്ലോ, അല്ലെ, ഒപിയില്‍.” “ഉം.” എന്ന് മാത്രം പറഞ്ഞാല്‍ ഉറങ്ങാം. കൂടുതല്‍ വല്ലതും പറഞ്ഞാല്‍ നമ്മുടെ ഉറക്കം തന്നെ പോകും.

4. പരദേശി- വിദേശത്ത് നിന്നുമുള്ള വിളികള്‍. ജോലിയൊക്കെ കഴിഞ്ഞു
ഒഴിവു സമയത്ത് രണ്ടെണ്ണം അടിചിരിക്കുമ്പം ഡോക്ടറെ വിളിക്കാന്‍ തോന്നും. മിക്കവാറും രാത്രിയില്‍. “ഡോക്ടറെ, ഒരു മൂന്നു കൊല്ലം മുന്‍പ് ഡോക്ടര്‍ എന്റെ ഭാര്യക്ക്‌ ഒരു സര്‍ജറി ചെയ്തു.” “കൊളമായി കാണും,” എന്ന് നമ്മള്‍ വിചാരിക്കുന്നു. നമ്മള്‍ ചോദിക്കും, “എന്താണ് പ്രശനം?” “അല്ല, ഇടക്കൊക്കെ ഒരു ചെറിയ കഴപ്പ്. തണുപ്പ് കാലത്താണ്, അത് എന്ന് എടുക്കണം ആ സ്ക്രൂവൊക്കെ?”

5. നോവലിസ്റ്റ്-
കഥകള്‍ കേള്‍ക്കാം ഫോണില്‍. “ഡോക്ടറിനെ ഞാന്‍ ഒരു വര്‍ഷം മുന്‍പ് കണ്ടു.” “പറയൂ.” “അന്ന് നടുവേദന ആയിരുന്നു.” “എന്താണ് ഇപ്പോള്‍ പ്രശ്നം?” “അതൊക്കെ മാറിയെങ്കിലും ഇടയ്ക്കു ഞാന്‍ സൂര്യനമസ്കാരം ചെയ്യും. അപ്പോള്‍ ഒരു വേദന. ഞാന്‍ അപ്പോള്‍ കളരിയില്‍ പോയി. അവിടെ ആശാന്‍ ചവിട്ടി തിരുമ്മി. പിന്നെ കുറച്ചു നാള്‍ വേദന ഇല്ലായിരുന്നു. അപ്പോഴാണ് ഒരു മതില് ചാടിയത്.” ഇങ്ങനെ കഥ തുടരും. വല്ല കക്കൂസിലോ ഒപിയിലോ അക്ഷമനായി നമ്മള്‍ ഇരിക്കും, ഇതൊന്നു തീര്‍ന്നു കിട്ടാന്‍.

6. സര്‍വം സഹി-
ഈ കക്ഷികള്‍ നേരത്തെ പറഞ്ഞവരെ പോലെയല്ല. എന്ത് പ്രശ്നം ഉണ്ടെങ്കിലും നമ്മളെ വിളിക്കുകയേയില്ല. ഈയ്യിടെ ഒരു സര്‍വം സഹി വന്നു. കാലില്‍ ഓപ്പറേഷന്‍ ചെയ്തു വിട്ടതാണ്. തുന്നല്‍ എടുത്തു മാസം ഒന്ന് കഴിഞ്ഞു. നോക്കുമ്പോള്‍ മുറിവൊക്കെ പഴുത്തു നാശമായിരിക്കുന്നു. കാലു ഒരു ഫുട്ബോള്‍ മാതിരി. “അയ്യോ. ഇതെന്തു പറ്റി?” ഞാന്‍ ചോദിച്ചു. “പഴുത്തു സര്‍.” “അത് മനസ്സിലായി. എന്ന്?” ഞാന്‍ പറഞ്ഞു. “അതിപ്പം ഒരു മാസം ആയി.” “പനിയും വേദനയും ഇല്ലായിരുന്നോ?” “ഭയങ്കര പനിയും വേദനയും ആയിരുന്നു.” അയാള്‍ പറഞ്ഞു. “പിന്നെ ഇയാളെന്നെ വിളിക്കാഞ്ഞത്? ഞാന്‍ നമ്പര്‍ തന്നതല്ലേ.” “സാര്‍ പറഞ്ഞില്ലേ ഒരു മാസം കഴിഞ്ഞു വന്നാല്‍ മതിയെന്ന്.” മുഖത്ത് കുരിശില്‍ തറച്ച ക്രിസ്തുവിന്റെ ചിരി.

7. നടികര്‍ തിലകം- ഫോണ്‍ എടുക്കുമ്പോള്‍ ആദ്യം കേള്‍ക്കുനത് ഞരക്കം “ഹലോ?” (ഞരങ്ങുന്നു.) “ഹലോ?” (ഞരക്കം തുടരുന്നു.) “ഇതാരാണ്?” മറുപടിയില്ല. ഞാന്‍ വയ്ക്കുന്നു. വീണ്ടും വിളി. ഞരക്കത്തിനിടയില്‍ പേര് പറയുന്നു. “സാറിന്റെ ചികിത്സയിലാണ്. ഇപ്പോള്‍ ഭയങ്കര വേദന.” (വിളിച്ചു കൂവുന്നു) “വയ്യ സാര്‍.” ഈയ്യിടെ ഒരു രോഗി വിളിച്ചു പറഞ്ഞു, “ഡോക്ടര്‍ ഒാപ്പറേഷന്‍ ചെയ്തു കൊളമാക്കി എന്റെ കാലിനെ. ഞാന്‍ അത്മഹത്യ ചെയ്യും ഡോക്ടര്‍.”

8. ഉഗ്ര പ്രതാപി-
ഇയാള്‍ ആദ്യമേ വിളിച്ചു തന്റെ കാര്യങ്ങള്‍ വെളിപെടുത്തും. “ഞാന്‍ പോലീസാണ്.” അല്ലെങ്കില്‍ “കൌണ്‍സില്ലര്‍ ആണ്.” ഒരു ലേശം വിരട്ടാണ് ലക്‌ഷ്യം. വിരണ്ടാല്‍ അല്ലെ പറ്റൂ. ഘനഗംഭീരമായ സ്വരത്തില്‍ ഒരാള്‍ എന്നെ വിളിച്ചു ഈയ്യിടെ. “ഞാന്‍ ഡിവൈഎസ്പീ  ആറേക്കാട്ടമ്പാടിതമ്പാന്‍.” പേടിച്ചു പോയി. “അയ്യോ എന്റെ പൊന്നു സാറേ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലേ,” എന്ന് ഭാഗ്യത്തിന് പക്ഷെ പറഞ്ഞില്ല. “ഡോക്ടര്‍ എന്റെ ഭാര്യയെ ഒന്ന് കാണണം. ഇന്ന് കാണുമോ ഒപിയില്‍?” സമാധാനം.

9. സീഐഡീ
സൂക്ഷ്മമായ ഡിറ്റക്റ്റീവ്  പണികളില്‍ ഏര്‍പ്പെടും ഇവര്‍. ഫോണ്‍ എടുത്തില്ലെങ്കില്‍ ആശുപത്രിയില്‍ വിളിക്കും. “ഞാന്‍ വിളിച്ചപ്പം ഡോക്ടര്‍ എടുത്തില്ല?” എന്ന് ചോദിക്കും. ഈയ്യിടെ ഒരു സീഐഡി എന്റെ സുഹൃത്തു ഡോക്ടറെ വിളിച്ചു. അയാള്‍ എടുത്തില്ല. രണ്ടു ദിവസം കഴിഞ്ഞു. ഒരു നീണ്ട ലേഖനം ആശുപത്രി സൂപ്രണ്ടിന്. പരാതിയാണ്- “ഡോക്ടറെ ഫോണ്‍ വിളിച്ചു. എടുത്തില്ല. ഞാന്‍ വാട്സാപ്പില്‍ നോക്കി. അയാള്‍ അവിടെ ആക്റ്റീവ് ആയിരുന്നു. നടപടി എടുക്കണം . നമ്മള്‍ അത്യാവശ്യത്തിനു വിളിക്കുമ്പോള്‍ ഇയാള്‍ വാട്സപ്പില്‍ കളിചോണ്ടിരുന്നാല്‍ എങ്ങനെയാ?”

10. വെറുതെ വിളിയന്മാര്‍- സാധാരണ ഇവര്‍ ഒപിയുടെ മുന്നില്‍ ഇരുന്നു വിളിക്കും. “ഡോക്ടര്‍ ഞാന്‍ പുറത്തുണ്ട്.” “ഓക്കേ.” അങ്ങനെ
ഇടയ്ക്കിടെ പിന്നെയും വിളി. എന്തിനാണ് വിളിക്കുന്നത്‌ എന്ന് ഇത് വരെ മനസ്സിക്കാന്‍ പറ്റിയിട്ടില്ല.

11. വാട്സപ്പിയന്‍-
നമ്പര്‍ കിട്ടിയാല്‍ ഇവര്‍ അന്ന് മുതല്‍ പടങ്ങളും വീഡിയോകളും അയക്കുന്നു. എന്നും രാവിലെ ഗുഡ് മോര്‍ണിംഗ് നേരുന്നു. രാത്രി സ്വീറ്റ് ഡ്രീംസും. ഈയ്യിടെ ഭാര്യ ചോദിച്ചു, “ഇതാരാ ഈ തടിയന്‍ മീശക്കാരന്‍ നിങ്ങള്‍ക്ക് എന്നും സ്വീറ്റ് ഡ്രീംസ് നേരുന്നത്? എന്നുമുണ്ടല്ലോ. വല്ല പ്രേമവും തുടങ്ങിയോ നിങ്ങള്‍.” ഞാന്‍ അതോടെ അദ്ദേഹത്തിനെ അങ്ങ് ബ്ലോക്ക് ആക്കി. ഇനി ആശുപത്രിയില്‍ പരാതിയുമായി വരുമോ എന്ന് ഓര്‍ത്തു ഭയന്ന് ഇരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top