27 April Saturday

മറവിയിൽ മറയാതിരിക്കാൻ...അൾഷൈമേഴ്‌സ്‌ രോഗികൾക്ക്‌ വേണം പരിചരണം

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

ഡിമൻഷ്യ അഥവാ മേധക്ഷയം പ്രായമായവരിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌. ഡിമൻഷ്യാ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ്‌ സ്‌മൃതിനാശം അഥവാ അൾഷൈമേഴ്‌സ്‌. ദീർഘകാലം നീണ്ടുനിൽക്കും എന്നതും വ്യക്തിബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും രോഗാവസ്‌ഥ ബാധിക്കും എന്നതും പൂർണമായി ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കില്ല എന്നതും അൾഷൈമേഴ്‌സ്‌ രോഗത്തിന്റെ പ്രത്യേകതയാണ്‌. ജർമൻ മാനസിക രോഗ ശാസ്‌ത്രജ്‌ഞനും, ന്യൂറോപാത്തോളജിസ്‌റ്റുമായ അലിയോസ്‌ അൾഷൈമർ 1906ൽ ആണ്‌ ഈ രോഗത്തെക്കുറിച്ച്‌ ആദ്യമായി രേഖപ്പെടുത്തിയത്‌. 

വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഈ രോഗം മൂർധന്യാവസ്ഥയിലേക്ക്‌ നീ്ങ്ങുന്നത്‌ വ്യത്യസ്‌ത രീതിയിലാണെങ്കിലും ഈ രോഗത്തിന്‌ പൊതുവായ ചില ലക്ഷണങ്ങളുണ്ട്‌. വർഷങ്ങൾക്കുമുമ്പുനടന്ന ചില കാര്യങ്ങൾ ഓർമിക്കാൻ കഴിയുമ്പോഴും അടുത്തകാലത്തായി മനസിലാക്കിയ കാര്യങ്ങൾ മറന്നുപോകുക  വാക്കുകൾ കിട്ടാനും, ഭാഷ കൈകാര്യം ചെയ്യാനുമുള്ള  ബുദ്ധിമുട്ട്‌ എന്നിവ അൾഷൈമേഴ്‌സ്‌ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്‌. പുതിയ ഓർമകൾ രൂപപ്പെടുന്ന തലച്ചോറിലെ ടെംബോറൽ ലോമ്പ്‌, ഹിപ്പോകാമ്പസ്‌ എന്നിവയിലാണ്‌ ആദ്യഘട്ടങ്ങളിൽ തകരാറ്‌ ഉണ്ടാകുന്നത്‌. കാലം കഴിയുംതോറും രോഗം തലച്ചോറിലെ മറ്റു കോശങ്ങളെ ബാധിക്കുകയും കോശങ്ങൾ  (Cerebral Cortex)  ചുരുങ്ങുകയും ചെയ്യുന്നു. തൽഫലമായി ചിന്താശേഷി, ആസൂത്രണം, ഓർമ, ദിനചര്യകൾ ചെയ്യാനുള്ള ശേഷി എന്നിവയ്‌ക്ക്‌ കുറവു സംഭവിക്കുന്നു. വ്യക്തിത്വത്തിലും, പെരുമാറ്റത്തിലുമുള്ള വലിയ മാറ്റങ്ങൾക്ക്‌ ഇതു വഴിവയ്‌ക്കുന്നു. രോഗം മൂർധന്യാവസ്ഥയിലേക്ക്‌ നീങ്ങുമ്പോൾ സംശയം മിധ്യാധാരണകൾ (Delusion), പെട്ടെന്ന്‌ ക്ഷോഭിക്കൽ പെട്ടെന്നുണ്ടാകുന്ന വികാരമാറ്റങ്ങൾ (Mood Swings)  ദീർഘകാലമുള്ള ഓർമ നശിക്കൽ , സ്ഥലകാല ബോധം നഷ്ടപ്പെടുക എന്നിവ സംഭവിക്കുന്നു. സംവേദനശക്തി കുറയുന്ന രോഗികൾ അന്തർമുഖരായിത്തീരുന്നു. അവസാനഘട്ടങ്ങളിൽ സംസാരിക്കാനും, പരിസ്ഥിതികൾക്കനുസരിച്ച്‌ പ്രതികരിക്കാനുള്ള കഴിവ്‌ നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്‌ഥയിൽ രോഗികൾക്ക്‌ ദൈന്യംദിനചര്യകൾക്ക്‌ പരസഹായം വേണ്ടിവരും. ഈ അവസ്‌ഥ രോഗിക്ക‌് അണുബാധയ്‌ക്കുള്ള സാധ്യത വർധിപ്പിക്കുകയും മരണത്തിനു കാരണമാവുകയും ചെയ്യുന്നു.

പ്രായവും ജനിതകമായ കാരണങ്ങളും അൾഷൈമേഴ്‌സ്‌ രോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. 85 വയസു കഴിഞ്ഞവരിൽ 35‐50 ശതമാനം ആളുകളിലും അൾഷൈമേഴ്‌സ്‌ രോഗം ഉണ്ടാകും. എല്ലാ മറവി രോഗങ്ങളും അൾഷൈമേഴ്‌സ്‌ കാരണം ആകണമെന്നില്ല. മറവി രോഗത്തിന്റെ ലക്ഷണങ്ങളുള്ള രോഗിക്ക്‌ രോഗത്തിന്റെ കാരണം നിർണയിക്കാനുള്ള പരിശോധനകൾ ചെയ്യേണ്ടതുണ്ട്‌. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങളും, തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവർത്തനക്കുറവും, വിഷാദവും, ചില വൈറ്റമിൻസിന്റെ കുറവും, ചില വൈറസുബാധകളുമെല്ലാം മറവിരോഗം ഉണ്ടാക്കും. ഇത്തരം കാരണങ്ങളാൽ ഉണ്ടാകുന്ന മറവി രോഗങ്ങളിൽ പലതും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുന്നവയാണ്‌. എന്നതിനാൽ കൃത്യമായ രോഗനിർണയം പരമ പ്രധാനമാണ്‌. അൾഷൈമേഴ്‌സ്‌ രോഗം പൂർണമായി ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുകയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്‌ക്കാൻ മരുന്നുകൾ ലഭ്യമാണ്‌. രോഗലക്ഷണങ്ങൾ രോഗിയിലും കുടുംബാംഗങ്ങൾക്കും മാനസിക സമ്മർദം ഉണ്ടാക്കാൻ സാധ്യതയുണ്ട്‌. അതിനാൽ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെപ്പറ്റിയുള്ള അവബോധം വളർത്തേണ്ടത്‌ അത്യാവശ്യമാണ്‌.

(പട്ടം എസ് യു ടി ആശുപത്രിയിൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top