27 April Saturday

പുകയില വിഴുങ്ങുന്ന ജീവിതങ്ങള്‍

ഡോ. നിധിൻ രാജ്Updated: Thursday Jun 2, 2016

തുടക്കം ഒരു രസത്തിന്. ഒരു കൌതുകം. പിന്നീടത് എപ്പോഴോ ശീലമായി മാറി. നിര്‍ത്താനാവാത്ത ശീലം. അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ശക്തമായി തിരിച്ചുവന്നുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ ശല്യപ്പെടുത്തുന്ന ചുമയായി തുടങ്ങി; അത് ശ്വാസകോശത്തിലെ വിളര്‍ച്ചകാരണമാണ് എന്നറിയുന്നതുവരെ. ഇങ്ങനെയൊക്കെയാണ് ഒട്ടുമിക്ക പുകച്ചുരുളുകളുടെയും അന്ത്യം. പുകയിലയോട് വിടപറയാന്‍ ഇങ്ങനെയൊരു കാരണം വേണ്ടിവന്നുവെങ്കില്‍ തികച്ചും നിര്‍ഭാഗ്യകരം.

എന്തുകൊണ്ട് ഈ ശീലം തുടങ്ങി? എന്തുകൊണ്ട് ഈ സ്വഭാവം നിര്‍ത്തിയില്ല. പലര്‍ക്കും ഇതിന്റെ വരുംവരായ്കകള്‍ അറിയില്ല. അറിയാമെങ്കില്‍കൂടി അതിനെ അവഗണിക്കുന്നു.
നമ്മുടെ രാജ്യത്ത് ഇന്ന് പുരുഷന്മാരില്‍ കാണപ്പെടുന്ന പലതരം ക്യാന്‍സര്‍ രോഗങ്ങളുടെ 50% പുകയിലയുടെ ഉപയോഗം കൊണ്ടുണ്ടാകുന്നവയാണ്. സ്ത്രീകളില്‍ കാണപ്പെടുന്ന 20% കാന്‍സറിനും പുകയില കാരണമാകുന്നു. വര്‍ഷംതോറും ഏകദേശം പത്തുലക്ഷം പേരാണ് പുകയിലജന്യരോഗങ്ങളാല്‍ ഇന്ത്യയില്‍ മരിക്കുന്നത്. ലോകത്ത് ഓരോ നിമിഷവും ആറുപേര്‍ പുകയില കാരണം മരണത്തിന് കീഴ്പ്പെടുന്നു എന്നാണ് കണക്ക്.

പുകയില തന്നെ പല രീതിയില്‍ ആളുകള്‍ ഉപയോഗിക്കുന്നു. പാന്‍മസാലപോലെ വായില്‍ വച്ച് ചവയ്ക്കുന്ന പുകയില വായിലെ ക്യാന്‍സര്‍ ഉണ്ടാക്കുന്നു. രാജ്യത്ത് പുരുഷന്മാരില്‍ വളരെ കൂടുതലായി കാണാറുള്ള വായിലേയും നാക്കിലെയും ക്യാന്‍സറിന്റെ പ്രധാനകാരണം ഇവിടെ കൂടുതലായി ഇത്തരം പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗമുണ്ടെന്നുള്ളത് തന്നെയാണ്.
പുക രൂപത്തിലുള്ള പുകയില പതിനഞ്ചോളം ളശഭാഗങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. വായ്, തൊണ്ട, ശ്വാസകോശം, അന്നനാളം, കുടല്‍, കിഡ്നി, മൂത്രസഞ്ചി എന്നിവിടങ്ങളിലാണ് സാധാരണയായി പുകവലിക്കാരില്‍ ക്യാന്‍സര്‍ കാണുന്നത്. ഇവയില്‍ ശ്വാസകോശ ക്യാന്‍സര്‍ വളരെ അപകടമുള്ളതും മരണനിരക്ക് അധികമായി കാണപ്പെടുന്നതുമാണ്. പുകവലി ഇല്ലാത്തവരില്‍ ശ്വാസകോശാര്‍ബുദം വരാനുള്ളതിന്റെ ഇരുപത് ഇരട്ടി സാധ്യത കൂടുതലായി പുകവലിക്കുന്നവരില്‍ ഉണ്ട്.

പുകയില്‍ അടങ്ങിയിട്ടുള്ള 'നിക്കോട്ടിന്‍' എന്ന രാസപദാര്‍ഥമാണ് ഇതിനോട് അഡിക്ഷന്‍ ഉണ്ടാക്കുന്നത്. ഏകദേശം എഴുപതോളം രാസപദാര്‍ഥങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കുവാനുള്ള കാരണമാകുന്നു. ഇതിനെ കാര്‍സിനൊജെന്‍സ് എന്ന് വിളിക്കുന്നു. ഇതില്‍ ബെന്‍സീന്‍, പൊളോണിയം, നൈട്രോസാമിന്‍സ്, പോളിഅരമാറ്റിക്, കഫേഡികാര്‍ബണ്‍സ് (benzene,polonium, nitrosamines, polyarematic, cafededicarbons) എന്നിവയാണ് പ്രധാനപ്പെട്ട കാര്‍സിനൊജെന്‍സ്. കാലങ്ങളായുള്ള ഇത്തരം പദാര്‍ഥങ്ങളുടെ പ്രവര്‍ത്തനം ശരീരത്തിലെ ജനിതകഘടനയില്‍ മാറ്റങ്ങളുണ്ടാക്കി ക്യാന്‍സര്‍ ഉണ്ടാക്കുന്നു.

ക്യാന്‍സര്‍ തടയാന്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ കാര്യം പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കുക എന്നതുതന്നെയാണ്. തടയാന്‍ സാധിക്കുന്ന അര്‍ബുദങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇത്തരം നടപടികളാണ്. പുകവലി നിര്‍ത്തുന്നതോടെ പിന്നീട് കാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയുന്നു.
ക്യാന്‍സറിനു പുറമേ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനും പുകവലി കാരണമാകുന്നു. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്.

ചിന്തിക്കൂ. പ്രവര്‍ത്തിക്കൂ.. പുകവലി ഉപേക്ഷിക്കൂ

 

പുകയില എന്ന വില്ലന്‍  
ഡോ. വി പി ഗംഗാധരന്‍
പുരുഷന്മാരില്‍ കാണുന്ന, ശ്വാസകോശം, വായ, തൊണ്ട എന്നീ ക്യാന്‍സറുകളില്‍ അധികവും പുകയില ഉപയോഗത്താല്‍ ഉണ്ടാകുന്നതാണ്. പുകവലിക്കുന്നതോടൊപ്പം മദ്യപാനവുംകൂടി ഉണ്ടെങ്കില്‍ ക്യാന്‍സര്‍സാധ്യത പതിന്മടങ്ങ് വര്‍ധിക്കും. 

ചികിത്സയില്‍ വിജയസാധ്യത അല്‍പം കുറവുള്ളത് ശ്വാസകോശാര്‍ബുദമാണ്. ശ്വാസകോശാര്‍ബുദങ്ങളില്‍ 90 ശതമാനത്തിനും കാരണം പുകവലിയാണ്. അതുകൊണ്ടുതന്നെ പുകവലി ഉപേക്ഷിച്ചാല്‍ ഈ ക്യാന്‍സറിനെ അകറ്റിനിര്‍ത്താം. 10 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം മറ്റുള്ളവരുടെ പുകവലിയാണ്.

ആമാശയം, അന്നനാളം എന്നിവയിലുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് പുകയില്ലാത്ത പുകയില ഉപയാഗം (മുറുക്കും വായിലിട്ട് ചവക്കുന്ന പുകയില ഉല്‍പ്പന്നങ്ങളും) പ്രധാന കാരണമാണ്.

(ദേശാഭിമാനി ചികിത്സ പതിപ്പിലെ 'ജീവീതശൈലിയിലൂടെ ക്യാന്‍സറിനെ അകറ്റാം' എന്ന ലേഖനത്തില്‍നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top