26 April Friday

സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസടയ്‌ക്കാന്‍ വഴിയൊരുക്കി കേരള മീഡിയ അക്കാദമി ചെയര്‍മാന്റെ ആദ്യ ഇടപെടല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2016

കൊച്ചി> സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മൂന്നുവിദ്യാര്‍ഥികള്‍ക്ക് ഫീസ് കണ്ടെത്തി നല്‍കി കേരള മീഡിയ അക്കാദമി ചെയര്‍മാന്റെ ആദ്യ ഇടപെടല്‍. മൂന്നു വിദ്യാര്‍ഥികളുടെ ഫീസടയ്ക്കുകയും ഒരാള്‍ക്ക് അടച്ച ഫീസില്‍ 20,000 രൂപ തിരിച്ചുകൊടുക്കുകയും ചെയ്തു. ചെയര്‍മാനായി ചുമതലയേറ്റശേഷം അക്കാദമിയിലെ ആദ്യദിന അനുഭവം ഫേസ്‌ബുക്ക് പോസ്റ്റില്‍ വിവരിക്കവെയാണ് ആര്‍ എസ് ബാബു ഇത് പങ്കുവെച്ചത്.

ആദ്യം നടന്ന സ്റ്റാഫ് മീറ്റിങ്ങില്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ജീവിത സാഹചര്യം എത്ര ദുരിത പൂര്‍ണ്ണമാണെന്നും അത്തരം വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് കേരള മീഡിയ അക്കാദമിയിലെ മൂന്നു വിദ്യാര്‍ഥികള്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് പഠനം നടത്തുന്നതെന്ന് അധ്യാപകര്‍ ചെയര്‍മാനെ അറിയിച്ചത്. 'പരീക്ഷയെഴുതിയ അവരില്‍ രണ്ടുപേര്‍ക്ക് ഫീസടയ്ക്കാന്‍ കഴിവില്ല. അത്തരം അവസ്ഥയുണ്ടാപ്പോഴാണ് അവരുടെ ദുരവസ്ഥ മനസിലായത്. ശയ്യാവലംബിയായ ബാപ്പയെ ശുശ്രുഷിക്കാനും ആശുപത്രിയില്‍ കൊണ്ടുപോകാനും ആഴ്ചതോറും അകലെയുള്ള വീട്ടിലെത്തുന്ന മകന്‍. ചെലവ് നിറവേറ്റാന്‍ വഴിയില്ല. ഭക്ഷണവും താമസവും ഒരാനാഥ മന്ദിരം നല്‍കിയതുകൊണ്ട് മാത്രമാണ് ആ വിദ്യാര്‍ഥി പഠനം പൂര്‍ത്തിയാക്കിയതെന്നും അധ്യാപകര്‍ പറഞ്ഞു.'

ഇതോടെയാണ് കൊല്ലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന, ഇപ്പോള്‍ എറണാകുളത്ത് സ്ഥാപനം നടത്തുന്ന വ്യക്തിയുടെ സഹായത്തോടെ മൂന്നുകുട്ടികളുടെയും ഫീസ് അടയ്ക്കാന്‍ വഴിതുറന്നത്.

മീഡിയ അക്കാദമിയില്‍ എസ്ടി/എസ്സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൌജന്യവും ഹോസ്റ്റല്‍ സൌകര്യവുമുണ്ട്. മറ്റ് വിഭാഗങ്ങളിലെ പാവപ്പെട്ട അര്‍ഹയുള്ള വിദ്യാര്‍ഥികള്‍ക്ക് സൌജന്യ പഠനത്തിനുള്ള സ്ഥിരം സംവിധാനം ഒരുക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി കൂട്ടായ ആലോചന നടത്തുമെന്നും ആര്‍ എസ് ബാബു പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

മീഡിയ അക്കാദമി ആദ്യദിന അനുഭവം

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ പദവി ഏറ്റെടുത്ത വിവരം അറിയിക്കാന്‍ സന്തോഷമുണ്ട്. എറണാകുളത്തെ മീഡിയ അക്കാദമി ആസ്ഥാനത്തെത്തിയപ്പോള്‍ സ്റ്റാഫും വിദ്യാര്‍ഥികളും മാധ്യമ സുഹൃത്തുക്കളും ചേര്‍ന്ന് ഹൃദ്യമായി വരവേറ്റു. ഓണാഘോഷവും നടന്നു.

ആദ്യദിവസത്തെ അനുഭവത്തില്‍ നൊമ്പരപ്പെടുത്തുന്ന ഒരു ഏട് കുറിക്കട്ടെ. കേരളം വളര്‍ന്നു, പുരോഗമിച്ചു എന്നെല്ലാമുള്ളത് യാഥാര്‍ഥ്യമാണെങ്കിലും ദാരിദ്ര്യവും അശരണതയും ശാപമായി തുടരുകയാണ്. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തശേഷം സ്റ്റാഫ് മീറ്റിങ് ചേര്‍ന്നു. നിയമവിദ്യാര്‍ഥിയായിരുന്ന കൊലചെയ്യപ്പെട്ട ജിഷയുടെ ജീവിതാവസ്ഥ മനസിലാക്കാന്‍ സഹപാഠികള്‍ക്കോ അധ്യാപകര്‍ക്കോ കഴിയാതിരുന്നത് വലിയൊരു പോരായ്മയാണല്ലോ? ഇതില്‍ നിന്നും പാഠംപഠിക്കണമെന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അക്കാദമിയിലെ കഴിഞ്ഞ ബാച്ചിലെ മൂന്നു വിദ്യാര്‍ഥികളുടെ അതിദയനീയ ജീവിതാവസ്ഥയെ പറ്റി അധ്യാപകര്‍ വിവരിച്ചു.

പരീക്ഷയെഴതിയ അവരില്‍ രണ്ടുപേര്‍ക്ക് ഫീസടയ്ക്കാന്‍ പാങ്ങില്ല. അത്തരം അവസ്ഥയുണ്ടാപ്പോഴാണ് അവരുടെ ദുരവസ്ഥ മനസിലായത്. ശയ്യാവലംബിയായ ബാപ്പയെ ശുശ്രുഷിക്കാനും ആശുപത്രിയില്‍ കൊണ്ടുപോകാനും ആഴ്ചതോറും അകലെയുള്ള വീട്ടിലെത്തുന്ന മകന്‍. ചെലവ് നിറവേറ്റാന്‍ വഴിയില്ല. ഭക്ഷണവും താമസവും ഒരാനാഥ മന്ദിരം നല്‍കിയതുകൊണ്ട് മാത്രമാണ് ആ വിദ്യാര്‍ഥി പഠനം പൂര്‍ത്തിയാക്കിയത്.

കുടുംബത്തിലെ ശൈഥല്യം കാരണം അനാഥത്വത്തിലേക്ക് ആകസ്മികമായി നിപതിക്കുന്ന വിദ്യാര്‍ഥികളും നമ്മുടെ സമൂഹത്തില്‍ അനേകമാണ്. ഇതടക്കമുള്ള മൂന്നുപേരുടെ ജീവിതം സ്റ്റാഫ് മീറ്റിങില്‍ ഉയര്‍ന്നുവന്നു. യോഗത്തിനുശേഷം ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഈ മൂന്നു പേരുടെ കാര്യത്തിലും അനുകൂലമായ തീര്‍പ്പുണ്ടാക്കി. ഫീസടയ്ക്കുകയും ഒരാള്‍ക്ക് അടച്ച ഫീസില്‍ 20,000 രൂപ തിരിച്ചുകൊടുക്കുകയും ചെയ്തു. കൊല്ലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന, ഇപ്പോള്‍ എറണാകുളത്ത് സ്ഥാപനം നടത്തുന്ന, ഒരു നല്ലമനസിന്റെ ഉടമയാണ് ഇതിനാവശ്യമായ തുക സംഭാവനയായി നല്‍കിയത്.

മീഡിയ അക്കാദമിയില്‍ എസ്ടി/എസ്‌സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യവും ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. മറ്റ് വിഭാഗങ്ങളിലെ പാവപ്പെട്ട അര്‍ഹയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനത്തിനുള്ള സ്ഥിരം സംവിധാനം ഒരുക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി കൂട്ടായ ആലോചന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top