26 April Friday

പങ്കെടുത്തത് അക്കാദമിക് സെമിനാറില്‍ മതചടങ്ങിലല്ല: തോമസ്‌ ഐസക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2016

കൊച്ചി> വള്ളിക്കാവില്‍ അമൃതാനന്ദമയി ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിലും പങ്കെടുക്കാനല്ല മറിച്ച് ഒരംഗീകൃത സര്‍വ്വകലാശാലയിലെ അക്കാദമിക്ക് സെമിനാറില്‍ പങ്കെടുക്കാനാണ് താന്‍  അമൃതപുരിയില്‍ പോയതെന്ന് ധനമന്ത്രി ഡോ തോമസ്‌ ഐസക് വ്യക്തമാക്കി. സന്ദര്‍ശനത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് ഫേസ്‌ബുക്കില്‍ നലികിയ മറുപടിയിലാണ് ഐസക് ഇക്കാര്യം വിശദീകരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ഞാന്‍ ആദ്യമായിട്ടാണ് അമൃതപുരിയില്‍ പോകുന്നത് . അവിടെയാണ് അമൃത വിദ്യാപീഠത്തിന്‍റെ മുഖ്യ ക്യാമ്പസുകളില്‍ ഒന്ന് . ആശ്രമം കായലിനപ്പുറം വല്ലിക്കാവിലാണ് . സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സുസ്ഥിര വികസനത്തെ കുറിച്ചുള്ള ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് ഞാനെത്തിയത് . ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പരിഹാസ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട് .

ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിനുമല്ല മറിച്ച് ഒരംഗീകൃത സര്‍വ്വകലാശാലയിലെ അക്കാദമിക്ക് സെമിനാര്‍ ആയിരുന്നു . ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. വെങ്കിട്ടരംഗനും നീതി ആയോഗില്‍ നിന്ന് സുനിത സാങ്കിയും പങ്കെടുത്തിരുന്നു . പിന്നീട് നടന്ന പാനല്‍ ചര്‍ച്ചയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നിന്നടക്കമുള്ള പണ്ഡിതരും പങ്കെടുത്തിരുന്നു . ആശ്രമം സംബന്ധിച്ച് ആര്‍ക്ക് എന്ത് വിമര്‍ശനം ഉണ്ടായാലും അമൃത സര്‍വ്വകലാശാല അവഗണിക്കാന്‍ കഴിയാത്ത ഒരു സാന്നിധ്യം ആയിട്ടുണ്ട്‌ . 179 കോഴ്സുകള്‍ , 3000 ല്‍ പരം അധ്യാപകര്‍ , 16000 ല്‍ പരം വിദ്യാര്‍ഥികള്‍ 79 പേറ്റന്റുകള്‍ ഇതാണ് വലിപ്പം . ഇത്തരം ഒരു സ്ഥാപനത്തോട് ഇടതുപക്ഷ സര്‍ക്കാര്‍ അയിത്തം കല്‍പ്പിക്കുന്നതാണ് മത നിരപെക്ഷതയും വിപ്ലവവും എന്ന് ചിലര്‍ ധരിച്ച് വശായിരിക്കുകയാണ് .

നാല് പതിറ്റാണ്ടുകളിലേറെയായി ഞാന്‍ മതപരമായ ആരാധനകളിലും മറ്റും പങ്കാളിയാകുന്നത് അവസാനിപ്പിച്ചിട്ട്. പക്ഷെ മതവിശ്വാസത്തോട് കേവലം യുക്തിവാദപരമായ സമീപനമല്ല ഉള്ളത് . പിന്നെയാണ് ഏതെങ്കിലും മതവിശ്വാസവുമായി ബന്ധമുണ്ടെങ്കില്‍ അക്കാദമിക സ്ഥാപനങ്ങളില്‍ നിന്നും മറ്റും ഒഴിഞ്ഞു നില്‍ക്കണമെന്ന വാദം . സെമിനാറിലും മറ്റും പോകുന്നത് എന്റെ നിലപാടുകള്‍ വ്യക്തമാക്കാനും അതിന്റെയടിസ്ഥാനത്തില്‍ സംവദിക്കുന്നതിനും ആണ് .

എന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു:

ജീവിത ഗുണമേന്മ സൂചികയില്‍ ഒരു പടവിന് എത്ര ഊര്‍ജം ചെലവഴിക്കേണ്ടി വരുന്നു എന്നത് സുസ്ഥിരതയുടെ ഒരു അളവുകോലായി പരിഗണിക്കണം . അങ്ങനെയെങ്കില്‍ കേരളത്തിന്‍റെ വികസനാനുഭവം താരതമ്യേന മെച്ചപ്പെട്ട ഒരു വികസന മാതൃകയാണ് . പക്ഷെ ഇത് പാരിസ്ഥിതികമായും സാമ്പത്തീകമായും സാമൂഹികമായും ഇന്ന് വെല്ലുവിളി നേരിടുന്നു . ഈ വെല്ലുവിളികള്‍ നേരിടുന്നതിന് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദലാണ് ഞാന്‍ വിശദീകരിച്ചത് . ഒട്ടേറെ പണ്ഡിതര്‍ സദസ്സില്‍ ഉണ്ടായിരുന്നു . അവരില്‍ ചിലരുമായും ചര്‍ച്ചകള്‍ നടത്തി . പ്രത്യേകിച്ച് ബയോ ടെക്നോളജി വിഭാഗത്തിലെ ഡോ . ബിപിന്‍ നായരുമായി . വെള്ളത്തിലെ ജൈവ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നതിനുള്ള അന്തര്‍ദേശീയ അംഗീകാരം നേടിയ ഇവരുടെ ഒരു സാങ്കേതികവിദ്യ പരീക്ഷിച്ച് നോക്കാന്‍ ഉദ്ദേശമുണ്ട് . അവധി ആയിരുന്നെങ്കിലും കുട്ടികളേറെ കാമ്പസ്സില്‍ ഉണ്ടായിരുന്നു . വളരെ കുറച്ച് നേരമേ അവരോടൊത്ത് ചെലവഴിക്കാന്‍ കഴിഞ്ഞുള്ളു . പിന്നീടൊരു ദിവസം സംസാരിക്കാന്‍ വരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പോന്നത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top