26 April Friday

രോഹിത് വെമുലയുടെ ക്യാമ്പസ് പോരാട്ടം തുടരുന്നു; ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച

ഷൈജു സി കാരാട് Updated: Tuesday Sep 27, 2016

ഹൈദരാബാദ് > ദളിത് പോരാട്ടം രാജ്യവ്യാപകമായി ശക്തമായ സാഹചര്യത്തില്‍ നാളെ നടക്കുന്ന ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കൂടുതല്‍ പ്രസക്തമാണ്. ദളിത്പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ക്യാമ്പസ് പേരാട്ടം തുടരുകയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐ, ദളിത് സംഘടന ഡിഎസ്‌യു, ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടന ബിഎസ്എഫ്, ട്രൈബല്‍ വിദ്യാര്‍ത്ഥി സംഘടന ടിഎസ്എഫ്, ടിവിവി എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന മുന്നണിയാണ് (യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്) തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിശാല സഖ്യത്തില്‍നിന്ന് അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷനെ  അടിര്‍ത്തിയെടുത്തുകൊണ്ടുള്ള ഇടതുപക്ഷ വിരുദ്ധ നീക്കവും ഇതിനിടയില്‍ നടന്നു. രോഹിത് വെമുലയെ മരണത്തിലേക്ക് തള്ളിവിട്ട എബിവിപി ഉള്‍പ്പെടെയുള്ള ശക്തികള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് എണ്ണ പകരുന്നു. എസ്ഐഒയും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഷൈജു സി കാരാട് എഴുതുന്നു:


ഹൈദരാബാദ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ഒരു യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് എന്നതിനപ്പുറം പ്രസക്തിയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദളിത് മുന്നേറ്റങ്ങളും ഇടതുപക്ഷ രാഷ്ട്രീയവും തമ്മിലുള്ള ആരോഗ്യപരവും ജനാധിപത്യ രീതിയിലുമുള്ള സംവാദത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മക മുഖം വ്യക്തമായ ഗുജറാത്തിലടക്കം ദളിത് പീഡനങ്ങള്‍ക്കും ജാതീയവും സാമൂഹികവുമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ന്യൂനപക്ഷ വംശഹത്യക്കുമെതിരെ ദളിത് ന്യൂനപക്ഷ ശബ്ദങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്ന പരിസരത്തില്‍ സാംസ്കാരിക ദേശീയതയെയും അതിന്റെ ഫാസിസ്റ് രൂപങ്ങളെയും ഏതൊക്കെ നേരിടണമെന്ന് ചര്‍ച്ചകള്‍ ഏറ്റവും ശക്തമായുയര്‍ത്തുന്നതാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയം.

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐയും ദളിത് സംഘടനകളായ ഡിഎസ്യു, എഎസ്എ, ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടന ബിഎസ്എഫ്, ട്രൈബല്‍ വിദ്യാര്‍ത്ഥി സംഘടന ടിഎസ്എഫ് എന്നിവ കാലാകാലങ്ങളായി ആധിപത്യ വിരുദ്ധ സമരങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ചരിത്രമാണ് യൂണിവേഴ്സിറ്റിക്കുള്ളത്. തിരഞ്ഞെടുപ്പ് ഒഴികെയുള്ള രാഷ്ട്രീയ സമരങ്ങളില്‍ സാംസ്കാരിക രാഷ്ട്രീയത്തിനും സര്‍വകലാശാല അധികാരികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളിലും ഒന്നിച്ചു പ്രവര്‍ത്തിച്ചുള്ള ശീലവും ഐക്യവും സര്‍വകലാശാലയുടെ ജനാധിപത്യ പാരമ്പര്യത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുള്ളതാണ്.

സര്‍വകലാശാല അധികാരികളുടെ സാമൂഹ്യ ബഹിഷ്കരണത്തിനിരയായ രോഹിത് വെമുലയടക്കമുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടങ്ങള്‍ നടത്തിയതും എബിവിപി ഒഴികെയുള്ള സംഘടനകള്‍ ഒന്നിച്ചു തന്നെയാണ്. സാമൂഹ്യ ബഹിഷ്കരണത്തിനും വ്യവസ്ഥാപിത കൊലപാതകത്തിനുമെതിരെയുള്ള സമരം വിദ്യാര്‍ത്ഥി സമൂഹത്തെ മൊത്തം ബാധിക്കുന്ന ഒരു പ്രശ്നം എന്നനിലക്കും ഇന്ത്യന്‍ സാമൂഹ്യ ഘടനയുടെ ജീര്‍ണതക്കെതിരെയുള്ള പോരാട്ടം എന്ന നിലക്കും ഒന്നിച്ചുണ്ടായ വിദ്യാര്‍ഥി മുന്നേറ്റം മാത്രമല്ല സമരത്തിന്റെ വിജയത്തിനും പങ്കാളിത്തത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പങ്ക് അഭിനന്ദനീയമാണ് എന്നതുകൊണ്ട് തന്നെയാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്എഫ്ഐയുടെ കൂടെ മുന്നണി പങ്കിടാന്‍ തയാറായത്. വിശാല വിദ്യാര്‍ത്ഥി സഘ്യത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷനെക്കൂടി ഉള്‍പ്പെടുത്താന്‍ യൂണിറ്റ് തലം മുതല്‍ അഖിലേന്ത്യാ നേതൃത്വം വരെ അക്ഷീണം പ്രയത്നിച്ചതുമാണ്.

ഇത്തരം ഒരു വിശാല ഐക്യത്തിനു എബിവിപി, എസ്ഐഒ  ഒഴികെയുള്ള സംഘടനകള്‍ മാനസികമായി യോജിപ്പിലെത്തിയതുമാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഇടതുപക്ഷ വിരുദ്ധതയും വംശീയ രാഷ്ട്രീയവും കൊണ്ട് രാഷ്ട്രീയ തിമിരം ബാധിച്ച തല്‍പ്പര കക്ഷികള്‍ വിശാല സഖ്യത്തില്‍ നിന്ന് എസ്എയെ അടര്‍ത്തിമാറ്റിയെങ്കിലും എബിവിപിയെ വിജയിപ്പിച്ചാലേ തങ്ങളുടെ ഇടതുപക്ഷ വിരുദ്ധതയെ സാക്ഷാത്രിക്കാനാവൂ എന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്. പ്രത്യയശാത്രവും രാഷ്ട്രീയവുമായ വിയോജിപ്പുകള്‍ക്കപ്പുറത്ത് സാമൂഹ്യ ബഹിഷ്കരണം, ജാതി വിവേചനം, വ്യവസ്ഥാപിത കൊലപാതകം തുടങ്ങിയ വിഷയങ്ങളുടെ മേല്‍ ഒന്നിച്ചൂള്ള മുന്നേറ്റങ്ങള്‍ക്ക് ഇരു സംഘടനകളുടെയും നേതൃത്വം അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ദളിത് സംഘടനയെ മുന്നണിയില്‍ നിന്ന് അടര്‍ത്തിമാറ്റി ഇടതുപക്ഷ പ്രചാരണങ്ങള്‍ ശക്തമാക്കുക എന്ന കുടിലതന്ത്രത്തിനു വളരെ ചുരുക്കം വരുന്ന സമ്മര്‍ദ്ദ ശക്തികള്‍ ചുക്കാന്‍ പിടിക്കുന്നത്.

പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി അടക്കമുള്ള പ്രധാന പോസ്റ്റുകള്‍ അടക്കം മറ്റു സംഘടനകള്‍ക്ക് വിട്ടു കൊടുത്തിട്ടു വരെ മുന്നണിയെ വിജയിപ്പിക്കാന്‍ തയ്യാറായ ഘട്ടത്തിലാണ് അപ്രായോഗികമായ നിര്‍ദേശങ്ങളും തീവ്ര ഇടതു വിരുദ്ധ നവ ഇസ്ലാമിക രാഷ്ട്രീയ വാദിയുമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയടക്കമുള്ള സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് ചില നിക്ഷിപ്തതാല്‍പര്യക്കാര്‍ തുനിയുന്നത് രോഹിത് വെമുലയെപ്പോലുള്ള മഹത്തായ രക്തസാക്ഷിയുടെ രാഷ്ട്രീയം മുന്‍നിര്‍ത്തി വ്യത്യസ്ത വിദ്യാര്‍ത്ഥി സംഘടനകള്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രക്തസാക്ഷിത്തത്തെയും രക്തസാക്ഷികളെയും പരസ്യമായി അപമാനിച്ച ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥിയെ മുന്‍നിര്‍ത്തി വിശാല്‍ ഐക്യത്തെ തകര്‍ക്കാന്‍ വരെ ഇക്കൂട്ടര്‍ തയ്യാറായി.

സാംസ്കാരിക ദേശീയതയെയും ജാതി വിവേചനത്തെയും വ്യവസ്ഥാപിത കൊലപാതകത്തിനുമെതിരെയുള്ള വിവിധ ധാരകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പേരില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ തരത്തിലുള്ള ഫാസിസ്റ്റു വിവേചന രാഷ്ടീയത്തെയും നേരിടുന്ന രാഷ്ട്രീയമാണ് ഈ മുന്നണിയുടേത്. മാത്രമല്ല, വിവിധ സാമൂഹ്യ വിഭാഗങ്ങളുടെയും പ്രാദേശികതയുടെയും പ്രാതിനിധ്യവും സ്ത്രീ പങ്കാളിത്തവും ഉയര്‍ത്തുന്ന രാഷ്ട്രീയം കൂടിയാണ് ഈ മുന്നണി മുന്നോട്ടു വെയ്ക്കുന്നത്. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയം ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യ അനീതികള്‍ക്കെതിരെയുള്ള സമരത്തെയും വിവിധ വിഭാഗങ്ങളുടെയും ഐക്യം ശക്തപ്പെടുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെയും ആവര്‍ത്തിച്ചുറപ്പിക്കുന്നതുകൂടിയാണ് എന്നു പറയാതെ വയ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top