26 April Friday
എന്‍ജിനിയറിങ്/ ആര്‍കിടെക്ചര്‍

ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കാനേറെ

ഡോ. എസ് രാജുകൃഷ്ണന്‍Updated: Saturday Jun 25, 2016

കേരളത്തിലെ എന്‍ജിനിയറിങ്, ആര്‍കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. www.cee.kerala.gov.in വെബ്സൈറ്റില്‍  28ന് വൈകീട്ട് അഞ്ചുവരെയാണ് ഇതിനുള്ള സമയം ലഭിക്കുക.

വിദ്യാര്‍ഥിയുടെ ഹോംപേജിലാണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിന് വെബ്സൈറ്റിലെ ബന്ധപ്പെട്ട ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ കാണുന്ന പേജില്‍ തന്റെ അപേക്ഷാനമ്പര്‍, റോള്‍ നമ്പര്‍, കീനമ്പര്‍, പാസ്വേഡ് എന്നിവ നല്‍കണം. ഹോംപേജില്‍ കടന്നാല്‍ കോളേജ് കോഡുകളും കോഴ്സ് കോഡുകളും ബാധകമായ ഫീസും ഡെപ്പോസിറ്റുമൊക്കെ രേഖപ്പെടുത്തിയ, ലഭ്യമായ ഓപ്ഷനുകള്‍ ഒന്നിനുതാഴെ ഒന്നായി അക്ഷരമാലക്രമത്തില്‍ (കോഡുകളുടെ) കാണാന്‍ കഴിയും. ഓരോന്നിനും നേരെ വലതുവശത്ത് ഒരു ഒഴിഞ്ഞ ചതുരം കാണാം. ലഭ്യമായ ഓപ്ഷനുകള്‍ പരിശോധിച്ച്, ചേരാനാഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചതനുസരിച്ച്, ബാധകമായ മുന്‍ഗണനാ നമ്പര്‍ ഒഴിഞ്ഞ ചതുരത്തില്‍ ടൈപ്പ് ചെയ്ത് വലതുഭാഗത്തുള്ള സേവ് (save) ബട്ടണ്‍ ക്ളിക്ക് ചെയ്താണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇങ്ങനെ സേവ് ചെയ്ത ഓപ്ഷനുകള്‍ ഒരു പട്ടികയായി പേജിനു താഴെ രൂപപ്പെടും. പേജിന്റെ മുകളില്‍ ഇടതുവശത്തായും ഈ പട്ടിക കാണാം.

ഒരിക്കല്‍ രേഖപ്പെടുത്തിയ ഓപ്ഷനുകള്‍ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പേജിന്റെ താഴെ ചെന്ന് രേഖപ്പെടുത്തിയ മുന്‍ഗണനാ നമ്പര്‍ ഒഴിവാക്കി പൂജ്യം ടൈപ്പ് ചെയ്ത് വലതുഭാഗത്തുള്ള അപ്ഡേറ്റ് Update ബട്ടണ്‍ ക്ളിക്ക് ചെയ്യണം.

ഓപ്ഷനുകള്‍ പരിഗണിക്കുക 1, 2, 3, ..... എന്ന ക്രമത്തിലായിരിക്കും.  ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നില്ലെങ്കിലേ രണ്ടാം ഓപ്ഷന്‍ പരിഗണിക്കൂ. രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് അനുവദിച്ചാല്‍, അതിനു താഴെ ക്രമ നമ്പറുള്ളവ പിന്നെ പരിഗണിക്കില്ല. അനുവദിച്ച ഓപ്ഷനു മുകളിലുള്ളവയാണ് ഹയര്‍ ഓപ്ഷനുകള്‍. 50 ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥിയുടെ 27 ാം നമ്പര്‍ ഓപ്ഷന്‍ അനുവദിച്ചാല്‍, 28 മുതല്‍ 50 വരെയുള്ള ഓപ്ഷന്‍ പിന്നീട് പരിഗണിക്കില്ല. ഒന്നുമുതല്‍ 26വരെയുള്ള ഓപ്ഷനുകളായിരിക്കും പിന്നീടുള്ള റൌണ്ടുകളിലേക്കു പരിഗണിക്കുക. അവ ഭാഗികമായോ പുര്‍ണമായോ മാറ്റാനും ക്രമ നമ്പര്‍ മാറ്റാനുമൊക്കെ പിന്നീടുള്ള അലോട്ട്മെന്റ് സമയത്ത് സൌകര്യമുണ്ടാകും. എന്‍ജിനിയറിങ്, ആര്‍കിടെക്ചര്‍ സ്കീമുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ രണ്ട് സ്ട്രീമുകളിലുംകൂടി ലഭ്യമായ ഓപ്ഷനുകള്‍ മൊത്തത്തില്‍ പരിഗണിച്ച് അവയ്ക്ക് ആപേക്ഷിക മുന്‍ഗണന നിശ്ചയിച്ചുവേണം ഓപ്ഷന്‍ നല്‍കാന്‍. ഇപ്പോള്‍ ലഭ്യമായ ഓപ്ഷനുകള്‍ ഇപ്പോള്‍തന്നെ രജിസ്റ്റര്‍ ചെയ്യണം. അടുത്തഘട്ടത്തില്‍ അവ ലഭ്യമായിരിക്കില്ല. 

ഓപ്ഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം അതിന്റെ പ്രിന്റൌട്ട് എടുത്ത് സൂക്ഷിക്കണം. ഉദ്ദേശിച്ച രീതിയില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ ഇതു സഹായിക്കും.

ലഭ്യമായ ഓപ്ഷനുകളില്‍ എത്ര എണ്ണം രജിസ്റ്റര്‍ ചെയ്യണമെന്ന്  വിദ്യാര്‍ഥിയാണു തീരുമാനിക്കേണ്ടത്. ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥിയെ സംബന്ധിച്ച് ഒരു പക്ഷേ ഏതാനും ഓപ്ഷനുകള്‍ മതിയായേക്കാം. എന്നാല്‍ താഴ്ന്ന റാങ്കുള്ളവര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കേണ്ടിവരും. എത്ര ഓപ്ഷന്‍ നല്‍കിയാലും ഒരു കാര്യം ഓര്‍ക്കുക. നല്‍കുന്ന ഓപ്ഷനുകളിലേക്കുമാത്രമേ പരിഗണിക്കുകയുള്ളൂ. നല്‍കുന്ന ഓപ്ഷന്‍ അനുവദിച്ചുതന്നാല്‍ അതു സ്വീകരിക്കാന്‍ വിദ്യാര്‍ഥി ബാധ്യസ്ഥനുമാണ്. അനുവദിക്കുന്ന ഓപ്ഷന്‍ സ്വീകരിക്കാത്തപക്ഷം അതു നഷ്ടപ്പെടുമെന്നു മാത്രമല്ല, വിദ്യാര്‍ഥി അലോട്ട്മെന്റ് പ്രക്രിയയില്‍നിന്നു പുറത്താവുകയും ചെയ്യും. തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്ക് വിദ്യാര്‍ഥിയെ പരിഗണിക്കുന്നതുമല്ല. അവ ലഭ്യമായിരിക്കണമെന്നില്ല.
അലോട്ട്മെന്റ്  ലഭിച്ചശേഷം അതിനു ബാധകമായ ഫീസ് അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയത് ബാങ്ക് ശാഖയില്‍ അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. കോളേജ് ചേരാനുള്ള ഘട്ടത്തില്‍ പ്രവേശനം നേടണം. അല്ലെങ്കിലും സീറ്റ് നഷ്ടപ്പെടും.

താല്‍പര്യമുള്ള ഓപ്ഷനുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ. ആദ്യ അലോട്ട്മെന്റിനുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ അവസാനിക്കുന്ന 28ന് വൈകീട്ട് അഞ്ചുമണിവരെ എത്ര തവണ വേണമെങ്കിലും ഓപ്ഷനുകളില്‍ മാറ്റം വരുത്താം. 28ന് നിലവിലുളള ഓപ്ഷനുകളാണ് അലോട്ട്മെന്റിനു പരിഗണിക്കുക. ജൂണ്‍ 26ന് അതുവരെ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയല്‍ അലോട്ട്മെന്റ് നടത്തുക. അതു സാധ്യതകള്‍ വിലയിരുത്തുന്നതിനുവേണ്ടിയാണ്. ട്രയല്‍ അലോട്ട്മെന്റ്ഫലം യഥാര്‍ഥ അലോട്ട്മെന്റില്‍ ആവര്‍ത്തിക്കണമെന്നില്ല.  ട്രയല്‍ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ പുനക്രമീകരിക്കാം.

(എന്‍ട്രന്‍സ് മുന്‍ ജോയിന്റ് കമീഷണറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top