27 April Saturday

എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Apr 23, 2017

തിരുവനന്തപുരം > 2017ലെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ 24നും 25നും കേരളത്തിലെ 14 ജില്ലയിലും ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 311 കേന്ദ്രത്തില്‍ നടക്കും. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ സ്കോറിനും യോഗ്യതാ പരീക്ഷയില്‍ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും തുല്യപ്രാധാന്യം നല്‍കി തയ്യാറാക്കുന്ന എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും 2017-18 അധ്യയനവര്‍ഷത്തെ കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശനം. അതിനാല്‍ എന്‍ജിനിയറിങ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറും എഴുതണം.

  കേരളത്തിലെ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളില്‍ ബിഫാം, ഫാംഡി എന്നീ കോഴ്സുകളില്‍ പ്രവേശനം തേടുന്നവര്‍ 24ന് നടക്കുന്ന എന്‍ജിനിയറിങ് പേപ്പര്‍1 (ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി)എഴുതണം. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 9.30ന് മുമ്പ് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. പ്രവേശന പരീക്ഷാ കമീഷണര്‍ ഓണ്‍ലൈനായി നല്‍കിയ അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൌട്ട് ഹാജരാക്കുന്നത് പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികളെ തിരിച്ചറിയുന്നതിന് സഹായകമാകും. അഡ്മിറ്റ് കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികളെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല.

   അപേക്ഷയിലെ അപാകംമൂലം അഡ്മിറ്റ് കാര്‍ഡ് തടഞ്ഞുവയ്ക്കപ്പെട്ടിരുന്ന ഏതാനും വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഉപാധികളോടെ ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാത്ത വിദ്യാര്‍ഥികള്‍ എത്രയുംപെട്ടെന്ന് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കണം. പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികളും ഇന്‍വിജിലേറ്റര്‍മാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നീലയോ, കറുപ്പോ മഷിയുള്ള ബോള്‍ പോയിന്റ് പേന ഒഴികെ മറ്റ് വസ്തുക്കള്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുപോകുന്നത് പരീക്ഷാ ക്രമക്കേടായി കണക്കാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top