26 April Friday

സ്കോറും സാധ്യതയും വിലയിരുത്തി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ചേരാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2016

കേരള മെഡിക്കല്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്ന് എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ വര്‍ഷം  കേരളത്തില്‍ നടക്കും. അടുത്തവര്‍ഷം ഇത് നീറ്റ് റാങ്ക്ലിസ്റ്റില്‍നിന്നാകും.  എന്നാല്‍ മാനേജ്മെന്റ് സീറ്റുകളിലേക്കും, സ്വകാര്യ, ഡീംഡ് സര്‍വകലാശാലകളിലേക്കും അഡ്മിഷന് നീറ്റ്  നിര്‍ബന്ധമാണ്. 

മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ലഭിക്കാനിടയില്ലെങ്കില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വ്യാകുലപ്പെടേണ്ടതില്ല. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്സുകള്‍ക്ക് റാങ്ക്ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നേടാം. ബിഎസ്സി അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ്, ഫിഷറീസ് കോഴ്സുകള്‍ക്കും ഇതേ റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശനം ലഭിക്കും. മേല്‍ സൂചിപ്പിച്ച എല്ലാ കോഴ്സുകള്‍ക്കും യഥേഷ്ടം ഉപരിപഠന സാധ്യതകളുണ്ട്. 

ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ സമന്വയിപ്പിച്ചുള്ള  വികസനം ആയുഷിലൂടെ നടന്നുവരുന്നു.  അലോപ്പതി മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നുള്ളതും,  ഹോളിസ്റ്റിക് തെറാപ്പിക്ക് പ്രാധാന്യം ഏറുന്നതും ആയുര്‍വേദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. വ്യവസായവല്‍ക്കരണം, ബ്രാന്‍ഡിങ് എന്നിവയില്‍ ആയുര്‍വേദമേഖല കരുത്തു തെളിയിച്ചുകഴിഞ്ഞു.  സര്‍ക്കാര്‍, സ്വകാര്യ–പൊതുമേഖല, വ്യവസായ, ടൂറിസം മേഖലകളിലും, അക്കാദമിക്ക്/ഗവേഷണ രംഗത്തും  ആയുര്‍വേദത്തിന് പ്രസക്തി ഏറിവരുന്നു.  വിദേശ രാജ്യങ്ങളിലും ആയുര്‍വേദം കരുത്താര്‍ജിച്ചുവരുന്നു. വിദ്യാര്‍ഥിയുടെ താല്‍പ്പര്യം ഇതിനായി പ്രത്യേകം വിലയിരുത്തണം.

ഹോമിയോപ്പതിക്ക് ആഗോളതല സാധ്യതകള്‍ ഇന്നുണ്ട്.  ഇന്ന് ഹോമിയോപ്പതി ചികിത്സയോട് കൂടുതല്‍ പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവരുന്നു. വ്യവസായവല്‍ക്കരണം, ബ്രാന്‍ഡിങ് എന്നിവ പുരോഗമിച്ചുവരുന്നു.  തൊഴിലവസരങ്ങളും സംരംഭകത്വ സാധ്യതളുമുണ്ട്. യുനാനി (ബിയുഎംഎസ്), സിദ്ധ (ബിഎസ്എംഎസ്) എന്നിവയ്ക്ക് 50 വീതം സീറ്റുണ്ട്. ഇതില്‍ 25 വീതം ഗവണ്‍മെന്റ് ക്വോട്ടാ സീറ്റാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ യുനാനിക്ക് സാധ്യതയുണ്ട്. സിദ്ധ ആശുപത്രികള്‍  കേരളത്തിലുണ്ട്. ഏറെ വിപുലപ്പെട്ടുവരുന്ന മേഖലകളാണിത്. കാര്‍ഷികമേഖലയില്‍ അഗ്രി ബിസിനസ്, സംസ്കരണം, വിപണനം, ഇ–കൊമേഴ്സ്, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, കയറ്റുമതി, ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ കാര്‍ഷിക, ബിരുദധാരികള്‍ക്ക് പ്രവര്‍ത്തിക്കാം. ഉപരിപഠന, ഗവേഷണ, അധ്യാപന സാധ്യതകളുമുണ്ട്. 

ബിഎസ്സി ഫോറസ്ട്രി കഴിഞ്ഞവര്‍ക്ക് വനംവകുപ്പിലും, അധ്യാപന ഗവേഷണ മേഖലകളിലും പ്രവര്‍ത്തിക്കാം. വെറ്ററിനറി കോഴ്സിന് മറ്റു കോഴ്സുകളെ അപേക്ഷിച്ച് രാജ്യത്തിനകത്തും, വിദേശത്തും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും, സര്‍വകലാശാല, ബാങ്ക്, ഇന്‍ഷുറന്‍സ്, അഗ്രി ബിസിനസ് മേഖലകളിലും അവസരങ്ങളുണ്ട്. 
ഫിഷറീസ്രംഗത്ത് പ്രൊഫഷണലുകളുടെ ക്ഷാമം സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖലകളില്‍ രാജ്യത്തിനകത്തും വിദേശത്തുമുണ്ട്. സംസ്കരണം, വിപണനം, ഉല്‍പ്പാദനം, കയറ്റുമതി, ഗുണമേന്മ വിലയിരുത്തല്‍ എന്നിവയില്‍ അവസരങ്ങളുണ്ട്. 

കാര്‍ഷികമേഖലയില്‍ പ്രൊഫഷണലുകളുടെ ലഭ്യത മൊത്തത്തില്‍ കുറവാണ്. എന്നാല്‍ ആവശ്യകത എട്ടുശതമാനത്തിലധികമാണ്.  ഇന്ത്യന്‍ സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ്, വിദേശ പഠനം, കണ്‍സള്‍ട്ടന്‍സി, സേവന മേഖലകളില്‍  കാര്‍ഷിക അനുബന്ധ ബിരുദധാരികള്‍ക്ക് പ്രവര്‍ത്തിക്കാം. 

tpsethu2000@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top