26 April Friday

കുട്ടികളുടെ അഭിരുചിയും സര്‍ട്ടിഫിക്കറ്റുകളും പ്രധാനം: ജസ്റ്റിസ് ജയിംസ്

എം വി പ്രദീപ്Updated: Sunday Jan 3, 2016

തിരുവനന്തപുരം > സംസ്ഥാനത്തെ മെഡിക്കല്‍/ എന്‍ജിനിയറിങ് കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 'കീം–2016'ന് അപേക്ഷിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് കുട്ടികളുടെ അഭിരുചിക്കും അപേക്ഷയ്ക്കൊപ്പംസര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിലുമായിരിക്കണമെന്ന് മേല്‍നോട്ടസമിതി അധ്യക്ഷന്‍ ജസ്റ്റിസ് ജയിംസ് പറഞ്ഞു.

കുട്ടികളുടെ അഭിരുചി അവഗണിച്ച് രക്ഷിതാക്കളുടെ താല്‍പ്പര്യത്തിനുമാത്രം മുന്‍ഗണന നല്‍കുന്നതുമൂലം സാമ്പത്തികവും മാനസികവുമായ നഷ്ടങ്ങള്‍ വലുതാണ്. ഇതുവഴിയുണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിച്ചുകിട്ടാന്‍ നൂറുകണക്കിനു പരാതിയാണ് ഓരോ വര്‍ഷവും മേല്‍നോട്ടസമിതിക്കുമുമ്പാകെ ലഭിക്കുന്നത്.

ഏതെങ്കിലും കോളേജില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിയുമ്പോഴാണ് തങ്ങളുടെ മകനോ/ മകള്‍ക്കോ ഈ കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ക്ക് ബോധ്യമാകുക. അപ്പോഴാണ് രക്ഷിതാക്കള്‍ കോളേജുകളെ സമീപിച്ച് സര്‍ട്ടിഫിക്കറ്റുകളും മറ്റും തിരികെ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത്. ഈ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുന്നതിന് കോളേജുകള്‍ 'ലിക്വഡേറ്റഡ് ഡാമേജസ്' ഇനത്തില്‍ പഠനകാലയളവ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മുഴുവന്‍ കാലത്തെയും ഫീസ് ആവശ്യപ്പെടും. 2015 മുതല്‍ 'ലിക്വഡേറ്റഡ് ഡാമേജസ്' വിഷയത്തില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം ഫീസ് റെഗുലേറ്ററി കമീഷന്‍കൂടിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റിക്കാണ്. ഒരു വര്‍ഷത്തെ ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ നിരവധി വിധികളുണ്ടായിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനത്തില്‍ കുട്ടികള്‍ പിരിഞ്ഞുപോകുന്നതുമൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്നുള്ള കോളേജുകളുടെ ആവശ്യം നിരാകരിക്കാന്‍ മേല്‍നോട്ടസമിതിക്ക് കഴിയില്ല. ആ സാഹചര്യത്തിലാണ് ഇടയ്ക്കുവച്ച് വിദ്യാര്‍ഥികള്‍ കോഴ്സ് അവസാനിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രതപുലര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുന്നത്.

'കീം–2016'ന് അപേക്ഷിക്കുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും അപേക്ഷയ്ക്കൊപ്പം ലഭിക്കുന്ന പ്രോസ്പെക്ട്സ് പൂര്‍ണമായും വായിച്ചിരിക്കണം. സംവരണാനുകൂല്യത്തിനും ഫീസ് ഇളവുകളുള്‍ക്കുമായി ബന്ധപ്പെട്ട അധികാരികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പംതന്നെ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതില്‍ വരുന്ന പിഴവ് പലപ്പോഴും അലോട്ട്മെന്റ് പ്രക്രിയക്കിടയിലേ ശ്രദ്ധയില്‍പ്പെടുക പതിവുള്ളൂ. സംവരണ, ഫീസ് ആനൂകുല്യ വിഷയങ്ങളില്‍ മേല്‍നോട്ടസമിതിക്കുമുമ്പാകെ ലഭിക്കുന്ന പരാതികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. അലോട്ട്മെന്റ് നടപടി പൂര്‍ത്തിയായശേഷം സംവരണാനുകൂല്യം, ഫീസ് ഇളവ് തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കുമ്പോഴാണ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ കുറവോ പിഴവോ ശ്രദ്ധയില്‍പ്പെടുന്നത്. പ്രോസ്പെക്ടസില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം സമര്‍പ്പിക്കാത്തതുമൂലമുണ്ടാകുന്ന ആനുകൂല്യനിഷേധങ്ങള്‍ക്കുള്ള പരിഹാരം പലപ്പോഴും സങ്കീര്‍ണവും അസാധ്യവും ആകുമെന്ന് ജസ്റ്റിസ് ജയിംസ് ദേശാഭിമാനിയോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top