26 April Friday

തമിഴ്‌നാട്ടിൽ നീറ്റിൽ ആൾമാറാട്ടം: തലസ്ഥാനത്തെ പരിശീലനസ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2019

തിരുവനന്തപുരം> തമിഴ്‌നാട്ടിൽ നീറ്റ്‌ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ തിരുവനന്തപുരത്തെ കോച്ചിങ് സെന്റർ നടത്തിപ്പുകാരനെ തമിഴ്‌നാട്‌ പൊലീസ്‌ കുറ്റാന്വേഷണ വിഭാഗമായ ക്യു ബ്രാഞ്ച്‌ കസ്റ്റഡിയിലെടുത്തു. ഇയാളെ  ചോദ്യംചെയ്യുകയാണ്‌. ഇത്‌ സംബന്ധിച്ച വിവരം തമിഴ്‌നാട്‌ പൊലീസ്‌ കേരള പൊലീസിനെ അറിയിച്ചിട്ടില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ എഡിജിപി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. 

തേനി മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയ വിദ്യാർഥിക്കുവേണ്ടി മറ്റൊരാളാണ് നീറ്റ് പരീക്ഷയെഴുതിയതെന്ന കേസിലാണ്‌ കേരളത്തിലെ പരിശീലനസ്ഥാപന ഉടമയെ തമിഴ്‌നാട്‌ പൊലീസ്‌ പിടികൂടിയത്‌. മകന് പകരം പരീക്ഷയെഴുതിയ ആൾക്ക് പ്രതിഫലമായി 20 ലക്ഷം രൂപ നൽകിയെന്ന് വിദ്യാർഥിയുടെ പിതാവ് നേരത്തെ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇടനിലക്കാരനായി നിന്നത്‌ തിരുവനന്തപുരത്തെ ഒരു  നീറ്റ് കോച്ചിങ് സെന്റർ സ്ഥാപനമുടമയാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ തിരുവനന്തപുരം സ്വദേശിയെ കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

തലസ്ഥാനത്തെ നീറ്റ്‌ കോച്ചിങ് സെന്ററുകളെക്കുറിച്ച്‌ ഇന്റലിജൻസ്‌ വിഭാഗം ശനിയാഴ്‌ച വിവരങ്ങൾ ശേഖരിച്ചു. ഓരോ സ്ഥാപനത്തിന്റെയും ഉടമകൾ, പങ്കാളികൾ, സ്ഥാപനങ്ങളിലെ ജീവനക്കാർ,  കേരളത്തിനുപുറത്ത്‌ സബ്‌ സെന്ററുകൾ നടത്തുന്നവർ എന്നീ വിശദാംശങ്ങളാണ്‌ ശേഖരിച്ചിട്ടുള്ളത്‌.  നീറ്റ്‌ ആൾമാറാട്ടത്തിൽ തമിഴ്‌നാട്ടിൽ ഇതുവരെ ആറുപേരാണ്‌ അറസ്റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top